കുഞ്ഞ് ജനിച്ചിട്ട് 40 ദിവസം; പോക്കറ്റില്‍ 30 രൂപ മാത്രം; ജീവിക്കാന്‍ വേണ്ടി പോയത് മരണത്തിലേക്ക്…

ലോക്ക്ഡൗണ്‍ ആയതോടെ വരുമാനം ഇല്ലാതായി. കുടുംബ ചെലവിനു പണമില്ലാതെ ആകുമ്പോള്‍ സക്കീര്‍ പാമ്പിനെ പിടിക്കാനിറങ്ങും. അതാണ് ഇന്നലെയും സംഭവിച്ചത്…

11 വര്‍ഷമായി പാമ്പുപിടിത്ത രംഗത്തുണ്ട് ശാസ്തവട്ടം റബീന മന്‍സിലില്‍ സക്കീര്‍ ഹുസൈന്‍ (30). രാജവെമ്പാലയും പെരുമ്പാമ്പുമടക്കം 348 പാമ്പുകളെ പിടിച്ചിട്ടുണ്ട് സക്കീര്‍. 12 തവണ പാമ്പുകടിയേല്‍ക്കുകയും പലപ്പോഴും ഗുരുതരാവസ്ഥയിലാവുകയും ചെയ്തിട്ടുണ്ട്.

പാമ്പിനെ പിടിച്ചു കഴിയുമ്പോള്‍ കിട്ടുന്ന ചെറു പാരിതോഷികം ആ കുഞ്ഞുകുടുംബത്തിന്റെ വിശപ്പ് ഇല്ലാതാക്കുമായിരുന്നു. മരണ തലേന്ന് പോക്കറ്റില്‍ 30 രൂപ മാത്രം ശേഷിക്കുമ്പോഴാണ് മൂര്‍ഖന്‍ പാമ്പിനെ പിടിക്കാനുള്ള വിളിയെത്തുന്നത്.

ഭാര്യ ഹസീനയുടെ രണ്ടാമത്തെ പ്രസവം കഴിഞ്ഞിട്ട് 40 ദിവസമായേയുള്ളൂ, കുടുംബ ചെലവിന് പണം വേണം. ആ പ്രതീക്ഷയോടെയാണ് രാത്രി നാവായിക്കുളത്തേക്കു പോയതും. ശാസ്തവട്ടം റബീന മന്‍സിലില്‍ ഷാഹുല്‍ ഹമീദ്‌ഐഷാബീവി ദമ്പതികളുടെ എട്ടുമക്കളില്‍ ഏറ്റവും ഇളയ ആളാണ് സക്കീര്‍. ആകെയുള്ളത് രണ്ടര സെന്റ് സ്ഥലവും കൂരയും. ലൈറ്റ് ആന്‍ഡ് സൗണ്ട്‌സ് ജോലി ചെയ്യുന്ന സക്കീര്‍ അടുത്തിടെ ശാസ്തവട്ടത്തെ വാടകവീട്ടിലേക്കു മാറിയിരുന്നു. ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ അന്നം മുട്ടിയതോടെ കുടുംബം പ്രതിസന്ധിയിലായി. ഏഴുവയസുള്ള ഒരു പെണ്‍കുട്ടി കൂടിയുണ്ട് സക്കീറിന്.

കൂട്ടുകാരുടെ എതിര്‍പ്പിനെ വകവയ്ക്കാതെ പാമ്പിനെ പിടിക്കാന്‍ സക്കീര്‍ ഇറങ്ങി. ഞായര്‍ രാത്രി എട്ടരയോടെ നാവായിക്കുളം 28–ാം മൈല്‍ കാഞ്ഞിരംവിളയില്‍ വച്ചാണ് സക്കീറിന് കടിയേറ്റത്. കൈക്കു കടിയേറ്റെങ്കിലും കാര്യമാക്കാതെ കാഴ്ചക്കാര്‍ക്കു പാമ്പിനെ കാട്ടിക്കൊടുക്കുന്നതിനിടെ വായില്‍ നിന്നു നുരയും പതയും വരികയായിരുന്നു.

സുഹൃത്ത് മുകേഷിനെ ഫോണില്‍ വിളിച്ച് സക്കീര്‍ തന്നെ പാമ്പുകടിയേറ്റ വിവരം പറഞ്ഞെങ്കിലും ഉടന്‍ തളര്‍ന്നു വീണു. കയ്യില്‍ നിന്നു പാമ്പും രക്ഷപ്പെട്ടു. കൂടി നിന്നവര്‍ പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
സംഭവമറിഞ്ഞു സ്ഥലത്തെത്തിയ വാവ സുരേഷാണു പാമ്പിനെ വീണ്ടും പിടികൂടിയത്.

follow us: PATHRAM ONLINE LATEST NEWS

pathram:
Leave a Comment