ലോകത്തെ വിറപ്പിച്ച മഹാമാരിയെ പൊരുതി തോല്‍പിച്ച് ധാരാവി; റെഡ് സോണില്‍നിന്ന് ഗ്രീന്‍സോണിലേക്ക് മാറുന്ന ധാരാവി മാതൃക

മുംബൈ: രാജ്യത്ത് എറ്റവും കൂടുതല്‍ കോവിഡ് പിടിമുറുക്കിയ സംസ്ഥാനമാണ് മഹാരാഷ്ട്ര. മഹാരാഷ്ട്രയിലെ തന്നെ ചേരിയായ ധാരാവിയും കോവിഡിന്റെ പിടിയിലായിരുന്നു. ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവി ഇപ്പോല്‍ കോവിഡ് റെഡ് സോണില്‍നിന്ന് ഗ്രീന്‍സോണിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നു എന്നതാണ് പുതിയ റിപ്പോര്‍ട്ട്.

ലോകത്തെ വിറപ്പിച്ച മഹാമാരിയെ പിടിച്ചുകെട്ടാന്‍ പാടുപെടുന്ന വികസ്വര രാജ്യങ്ങള്‍ക്ക് ഒരു മാതൃക കൂടിയാണ് ഇപ്പോള്‍ ധാരാവി. മേയ് ആദ്യത്തെ അവസ്ഥയുമായി താരതമ്യപ്പെടുത്തുമ്പോള്‍ പുതിയ കേസുകളുടെ എണ്ണം മൂന്നിലൊന്നായി കുറഞ്ഞു. പകുതിയിലധികം രോഗികള്‍ രോഗമുക്തരായി. എണ്‍പതോളം പേര്‍ ഒരു ശുചിമുറി പങ്കിടുന്ന ചേരിയില്‍ ഈ മാസം മരണങ്ങളുടെ എണ്ണവും കുറഞ്ഞു. മേയ് മാസത്തിനുശേഷം പുതിയ രോഗബാധിതരുടെ എണ്ണം നാലിരട്ടിയായി വര്‍ധിച്ച രാജ്യത്തെ മറ്റു ഭാഗങ്ങളില്‍നിന്ന് വ്യത്യസ്തമാണ് ഈ കണക്കുകള്‍.

‘വൈറസിനെ പിന്തുടരുക’ എന്ന സമീപനമാണ് ധാരാവിയിലെ നേട്ടത്തിനു കാരണമെന്ന് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന മുംബൈ മുനിസിപ്പാലിറ്റി അസിസ്റ്റന്റ് കമ്മിഷണര്‍ കിരണ്‍ ദിഘവ്കര്‍ പറയുന്നു. കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതുവരെ കാത്തിരിക്കുന്നതിനു പകരം വൈറസിനെ പിന്തുടരുക എന്നതായിരുന്നു ഏക പോംവഴി. ഏപ്രില്‍ മുതല്‍ തന്നെ ചേരിനിവാസികളുടെ ശരീര താപനില പരിശോധിച്ചു തുടങ്ങിയിരുന്നു. ഇതിനായി ഉദ്യോഗസ്ഥര്‍ 47,500 ഓളം വീടുകള്‍ കയറിയിറങ്ങി. 700,000 ഓളം പേരെ പരിശോധനയ്ക്ക് വിധേയമാക്കി. പനി ക്ലിനിക്കുകള്‍ സജ്ജീകരിച്ചു. രോഗലക്ഷണമുള്ളവരെ ക്വാറന്റീന്‍ കേന്ദ്രങ്ങളിലേക്ക് മാറ്റി.

മുംബൈയിലെ മറ്റു പ്രദേശങ്ങളില്‍നിന്ന് വ്യത്യസ്തമായി, മിക്ക രോഗികളും വളരെ വൈകിയാണ് ആശുപത്രികളില്‍ എത്തുന്നത്. തുടക്കത്തില്‍ കോവിഡ് ലക്ഷണമുള്ളവരുടെ എണ്ണം ഉയര്‍ന്നതില്‍ ഉദ്യോഗസ്ഥര്‍ ആശങ്കാകുലരായിരുന്നു. മരണങ്ങള്‍ പരിമിതപ്പെടുത്തുക എന്നതായിരുന്നു ലക്ഷ്യം. കര്‍ശനമായ ലോക്ഡൗണും പരിശോധനയും ധാരാവിയുടെ വിജയ തന്ത്രത്തിന്റെ ഭാഗമായിരുന്നു. ഒരാള്‍ക്ക് സുഖമില്ലെന്ന് കണ്ടാല്‍ അയാളെ ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റീനിലേക്കു മാറ്റും. മരണനിരക്ക് കുറയ്ക്കുന്നതിനും രോഗമുക്തരായവരുടെ എണ്ണം മെച്ചപ്പെടുത്തുന്നതിനും ഈ തന്ത്രം സഹായിച്ചിട്ടുണ്ട്.

കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച ധാരാവി നിവാസികളില്‍ 51% പേരും സുഖം പ്രാപിച്ചു. അതേസമയം, മുംബൈ നഗരത്തിന്റെ ആകെ കണക്കില്‍ 41% ആണ്. മേയ് തുടക്കത്തില്‍ പുതിയ കേസുകള്‍ ഒരു ദിവസം ശരാശരി 60 ആയിരുന്നെങ്കില്‍ പിന്നീട് 20 ആയി കുറഞ്ഞു.

എന്നിരുന്നാലും, ചേരി നിവാസികളുടെ വിശ്വാസം നേടാതെ ഇതൊന്നും സാധ്യമാകില്ലെന്ന് ദിഘവ്കര്‍ പറയുന്നു. 100 ചതുരശ്രയടി കുടിലില്‍ ഏഴ് പേരുള്ള ഒരു കുടുംബം വീതം ഒരു ദശലക്ഷം ആളുകള്‍ താമസിക്കുന്ന സ്ഥലം. ഇവിടെ അവരുടെ വിശ്വാസം നേടുകയും പ്രധാനമാണ്. റമസാന്‍ സമയത്ത് ക്വാറന്റീന്‍ കേന്ദ്രങ്ങളിലുള്ളവര്‍ എങ്ങനെ നോമ്പു മുറിക്കുമെന്നതില്‍ ആശങ്കാകുലരായിരുന്നു. എന്നാല്‍ കൃത്യസമയത്ത് ഭക്ഷണം വിതരണം ചെയ്യുന്നുണ്ടെന്ന് അധികൃതര്‍ ഉറപ്പുവരുത്തി.

എന്നിരുന്നാലും, വൈറസിനെതിരായ ധാരാവിയുടെ യുദ്ധം അവസാനിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിയന്ത്രണങ്ങള്‍ പൂര്‍ണമായി എടുത്തുകളയുകയും നഗരത്തില്‍ തിരക്കേറുകയും ചെയ്താല്‍ വൈറസ് വ്യാപനത്തിന്റെ രണ്ടാം തരംഗം ഉണ്ടാകാന്‍ സാധ്യതയുണ്ട്. നഗരത്തിലും സംസ്ഥാനത്തും മാത്രമല്ല, രാജ്യത്തുനിന്നുതന്നെ വൈറസ് ഇല്ലാതാകുന്നതുവരെ യുദ്ധം അവസാനിപ്പിക്കാനാവില്ലെന്നും ദിഘവ്കര്‍ പറഞ്ഞു.

FOLLOW US: PATHRAM ONLINE LATEST NEWS

pathram:
Related Post
Leave a Comment