പാലക്കാട് ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവരില്‍ ഒരു വയസുള്ള കുഞ്ഞും

പാലക്കാട് ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് ഏഴ് പേര്‍ക്ക്. ഇതില്‍ രണ്ട് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരു വയസ് പ്രായമുള്ള പെണ്‍കുഞ്ഞും ഉള്‍പ്പെടുന്നു. പന്ത്രണ്ട് പേരാണ് ഇന്ന് രോഗത്തില്‍ നിന്ന് മുക്തി നേടിയത്.

ചെന്നൈയില്‍ നിന്ന് മെയ് 31ന് വന്ന കണ്ണാടി തണ്ണീര്‍പന്തല്‍ സ്വദേശിയായ 57കാരനാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവരില്‍ ഒരാള്‍. സൗദിയില്‍ നിന്ന് ജൂണ്‍ 13ന് എത്തിയ മേലാര്‍കോട് തെക്കുംപുറം സ്വദേശികളായ ദമ്പതികളുടെ ഒരു വയസ് പ്രായമുള്ള കുഞ്ഞിനാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതേ ദിവസം സൗദിയില്‍ നിന്നെത്തിയ അലനല്ലൂര്‍ സ്വദേശിയായ 34കാരനും രോഗം സ്ഥിരീകരിച്ചു. ഇദ്ദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. ഡല്‍ഹിയില്‍ നിന്നെത്തിയ പൊല്‍പ്പുള്ളി സ്വദേശിയായ 40കാരിയാണ് രോഗം സ്ഥിരീകരിച്ച മറ്റൊരാള്‍. അബുദാബിയില്‍ നിന്ന് മെയ് 31ന് എത്തിയ പഴയലക്കിടി സ്വദേശിക്കും കൊവിഡ് കണ്ടെത്തി. ജൂണ്‍ ഒമ്പതിന് രോഗം സ്ഥിരീകരിച്ച പത്തിരിപ്പാല സ്വദേശിനിയുടെ ചെറു മക്കളായ 10 വയസുള്ള പെണ്‍കുട്ടിക്കും 11 വയസുള്ള ആണ്‍കുട്ടിക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം പടര്‍ന്നത്.

ഇതോടെ ജില്ലയില്‍ നിലവില്‍ ചികിത്സയിലുള്ള രോഗബാധിതര്‍ 146 ആയി. ഇതിന് പുറമെ പാലക്കാട് ജില്ലക്കാരായ മൂന്നുപേര്‍ മഞ്ചേരി മെഡിക്കല്‍ കോളജിലും ഒരാള്‍ കണ്ണൂര്‍ മെഡിക്കല്‍ കോളജിലും ഒരാള്‍ എറണാകുളത്തും ചികിത്സയില്‍ ഉണ്ട്.

follow us : pathram online latest news

pathram:
Related Post
Leave a Comment