മീന്‍ വെട്ടാന്‍ ഉപയോഗിക്കുന്ന പലകയിലാണ് വൈറസിന്റെ സാന്നിധ്യം : ആശങ്കയോടെ അധികൃതര്‍

ബെയ്ജിങ് : കൊറോണ ആദ്യം റിപ്പോര്‍ട്ട് ചൈനയില്‍ വൈറസിന്റെ രണ്ടാം വരവില്‍ കടുത്ത ആശങ്ക. ഇക്കുറി തലസ്ഥാനമായ ബെയ്ജിങ്ങിനെയാണു വൈറസ് വ്യാപനം. വടക്കുപടിഞ്ഞാറന്‍ ഹയ്ദിയാന്‍ ജില്ലയിലെ ഒരു മൊത്തക്കച്ചവട കേന്ദ്രത്തിലാണു പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ മാര്‍ക്കറ്റും സമീപത്തുള്ള സ്‌കൂളുകളും അടച്ചിടാന്‍ അധികൃതര്‍ തീരുമാനിച്ചു. ഇതിനു ചുറ്റുമുള്ള പത്തു ജനവാസകേന്ദ്രങ്ങളും അടച്ചിടാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇവിടങ്ങളില്‍ ജനങ്ങളോടു വീടുകളില്‍ തന്നെ തുടരാന്‍ ആവശ്യപ്പെട്ടു.

ഞായറാഴ്ച 57 പുതിയ കേസുകളാണ് ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഏപ്രിലിനു ശേഷം ഒറ്റ ദിവസം ഇത്രയേറെ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ഇതാദ്യമായാണ്. ഇതില്‍ 36 എണ്ണവും ബെയ്ജിങ്ങില്‍ സമ്പര്‍ക്കത്തിലൂടെ പകര്‍ന്നതാണെന്നാണ് അധികൃതരെ ആശങ്കപ്പെടുത്തുന്നത്. വുഹാനില്‍ മാംസമാര്‍ക്കറ്റില്‍നിന്നു വൈറസ് പടര്‍ന്നുവെന്നു കരുതുന്നതു പോലെ ബെയ്ജിങ്ങില്‍ തെക്കന്‍ ഭാഗത്തുള്ള ഒരു മാംസ, പച്ചക്കറി മാര്‍ക്കറ്റില്‍നിന്നാണ് രോഗവ്യാപനം ഉണ്ടായതെന്നാണു നിഗമനം.

ഇറക്കുമതി ചെയ്ത സാല്‍മണ്‍ മത്സ്യം വില്‍ക്കുന്ന കടയിലാണു വൈറസ് സാന്നിധ്യം കണ്ടതെന്നും റിപ്പോര്‍ട്ടുണ്ട്. ബെയ്ജിങ്ങിലെ ഏറ്റവും തിരക്കുള്ള സിന്‍ഫാദി മാര്‍ക്കറ്റില്‍ ഇറക്കുമതി ചെയ്യുന്ന സാല്‍മണ്‍ മത്സ്യം വില്‍ക്കുന്ന കടയില്‍ മീന്‍ വെട്ടാന്‍ ഉപയോഗിക്കുന്ന പലകയിലാണ് വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതെന്ന് അധികൃതര്‍ പറയുന്നു. ഇതോടെ മീനിലൂടെ വൈറസ് പടരാന്‍ സാധ്യതയുണ്ടോയെന്ന ചോദ്യവും ഉയര്‍ന്നിട്ടുണ്ട്.

രോഗവ്യാപനം ഉയരുന്നുവെന്ന സൂചനയുടെ അടിസ്ഥാനത്തില്‍ യുദ്ധകാല നടപടികളുമായി അധികൃതര്‍ രംഗത്തെത്തി. മാര്‍ക്കറ്റ് അടച്ചിട്ടു. അടുത്തിടെ അനുവദിച്ച കായിക, ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ വീണ്ടും അടച്ചിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. വടക്കുകിഴക്കന്‍ ലിയാഒണിങ് പ്രവിശ്യയിലും പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ബെയ്ജിങ്ങില്‍ രണ്ടു മാസത്തിനിടെ ആദ്യമായി കോവിഡ് റിപ്പോര്‍ട്ട് ചെയ്തതോടെ നഗരത്തിലെ ഭക്ഷ്യവിതരണ ശൃംഖലയില്‍ പരിശോധന ശക്തമാക്കാനും അധികൃതര്‍ തീരുമാനിച്ചു. പല മാര്‍ക്കറ്റുകളും അടച്ചു. നഗരത്തിലാകെ ഭക്ഷ്യസുരക്ഷാ പരിശോധന കര്‍ശനമാക്കും. മാംസം, മത്സ്യം എന്നിവ വില്‍ക്കുന്ന സൂപ്പര്‍മാര്‍ക്കറ്റുകളും സംഭരിക്കുന്ന ഗോഡൗണുകളും കാറ്ററിങ് കേന്ദ്രങ്ങളും പരിശോധിക്കും.

മാര്‍ക്കറ്റില്‍ ഏതു വിധേനയാണ് വൈറസ് എത്തിയതെന്ന് ഇതുവരെ സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് പകര്‍ച്ചവ്യാധി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. സാല്‍മണ്‍ മത്സ്യത്തില്‍ നിന്നാണു വൈറസ് പടര്‍ന്നതെന്നു പറയാനാവില്ല. മീന്‍ വെട്ടാന്‍ ഉപയോഗിക്കുന്ന ചോപ്പിങ് ബോര്‍ഡിലാണ് വൈറസിനെ കണ്ടത്. ചിലപ്പോള്‍ രോഗബാധയുള്ള കടയുടമയില്‍നിന്നോ മീന്‍ വാങ്ങാന്‍ എത്തിയവരില്‍ നിന്നോ ആകാം വൈറസ് എത്തിയതെന്നും ഇവര്‍ പറയുന്നു

സസ്തനികളാണ് വൈറസിന്റെ അറിയപ്പെടുന്ന സംഭരണകേന്ദ്രങ്ങള്‍. സാല്‍മണ്‍ മത്സ്യത്തിനു വൈറസ് ബാധയെന്നത് അസംഭവ്യമാണെന്ന് ടിങ്ഗുവ സര്‍വകലാശാലയിലെ വൈറോളജിസ്റ്റായ ചെങ് ഗോങ് പറഞ്ഞു. നിലവിലുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വൈറസിനെ സ്വീകരിക്കുന്ന ഘടകങ്ങള്‍ സസ്തനികളില്‍ മാത്രമാണുള്ളത്, മീനുകളില്‍ ഇല്ലെന്നും ചെങ് പറഞ്ഞു. ലണ്ടനിലെ യൂണിവേഴ്സിറ്റി കോളജ് നടത്തിയ പഠനത്തില്‍ മത്സ്യം, പക്ഷികള്‍, ഇഴജന്തുക്കള്‍ എന്നിവയ്ക്ക് കൊറോണ വൈറസ് പകരില്ലെന്ന റിപ്പോര്‍ട്ടാണു ലഭിച്ചത്. ഭക്ഷണം, പാനീയങ്ങള്‍ എന്നിവയിലൂടെ വൈറസ് മനുഷ്യരിലേക്കു പകരുമെന്നതിനു യാതൊരു തെളിവും ഇതുവരെ ലഭിച്ചിട്ടില്ല. കഴിക്കുന്നതിനേക്കാള്‍ ഭക്ഷ്യവസ്തുക്കള്‍ വാങ്ങുമ്പോള്‍ വൈറസ് പകരാനുള്ള സാധ്യതയാണു കൂടുതലെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.

വവ്വാലുകള്‍, വെരുകുകള്‍ എന്നിവയില്‍ വൈറസ് സംഭരിക്കപ്പെടുന്നതു പോലെ മീനുകളില്‍ ഉണ്ടാകില്ലെന്നാണ് ഇതുവരെയുള്ള തെളിവുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ വൈറസ് ബാധയുള്ളവര്‍ മീനുകള്‍ കൈകാര്യം ചെയ്താല്‍ അതിന്റെ പ്രതലത്തില്‍ വൈറസ് എത്താനുള്ള സാധ്യതയുണ്ടെന്ന് അധികൃതര്‍ പറയുന്നു. ഇത്തരത്തില്‍ വൈറസ് പറ്റിപ്പിടിച്ച മീന്‍ കയറ്റുമതി ചെയ്താല്‍ അത് എത്തുന്ന രാജ്യത്ത് കൈകാര്യം ചെയ്യുന്നവരിലേക്ക് വൈറസ് പകരാനുള്ള സാധ്യതയുണ്ട്. ഈ സാഹചര്യത്തിലാണ് ഭക്ഷ്യസുരക്ഷാ പരിശോധന കര്‍ശനമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്

follow us: pathram online latest news

pathram:
Leave a Comment