ന്യൂഡല്‍ഹി: ഓരോദിവസവും രോഗികളുടെ എണ്ണം കൂടുന്ന വാര്‍ത്തകള്‍ കേള്‍ക്കുമ്പോഴും അല്‍പം ആശ്വാസമേകുന്ന റിപ്പോര്‍ട്ട് ആണ് ഇന്ന് പുറത്തുവന്നത്. രാജ്യത്തെ കോവിഡ് രോഗമുക്തി നിരക്ക് 50 ശതമാനം കടന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. 50.60 ശതമാനമാണ് നിലവില്‍ രാജ്യത്തെ രോഗമുക്തി നിരക്ക്. 1,49,348 ആണ് നിലവില്‍ രാജ്യത്തെ ആക്ടീവ് കേസുകള്‍. 1,62,378 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. 8,049 പേരാണ് 24 മണിക്കൂറിനിടെ രോഗമുക്തി നേടിയതെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നതായി എന്‍ഡിടിവി റിപ്പോര്‍ട്ടുചെയ്തു.
പുതുതായി രോഗം ബാധിച്ചവരുടെ എണ്ണം ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയ ഞായറാഴ്ച തന്നെയാണ് ആശ്വാസം നല്‍കുന്ന കണക്കുകളും പുറത്തുവന്നിട്ടുള്ളത്. 11,929 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം ബാധിച്ചത്. എന്നാല്‍, രാജ്യത്ത് ചികിത്സയിലുള്ളവരേക്കാള്‍ അധികമാണ് രോഗമുക്തി നേടിയവരുടെ എണ്ണം.
1,51,432 സാമ്പിളുകളാണ് 24 മണിക്കൂറിനിടെ പരിശോധനയ്ക്ക് അയച്ചതെന്ന് ഐസിഎംആര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ 56,58,614 ലക്ഷം പരിശോധനകളാണ് രാജ്യത്ത് നടന്നതെന്നും അവര്‍ അവകാശപ്പെടുന്നു.
അതിനിടെ കോവിഡ് വ്യാപനം രൂക്ഷമായ രാജ്യതലസ്ഥാനത്തെ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടല്‍ തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് ഡല്‍ഹി ലഫ്. ഗവര്‍ണര്‍ അനില്‍ ബെയ്ജാല്‍, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തുകയും സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്തിരുന്നു.
കണ്ടെയ്ന്‍മെന്റ് നടപടികള്‍ ശക്തമാക്കുക, പരിശോധനകള്‍ വര്‍ധിപ്പിക്കുക, ആരോഗ്യ രംഗത്തെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുക തുടങ്ങിയ നടപടികള്‍ സ്വീകരിക്കുന്നതിനെക്കുറിച്ചാണ് ചര്‍ച്ച നടത്തിയതെന്ന് കൂടിക്കാഴ്ചയ്ക്കുശേഷം അമിത് ഷാ ട്വീറ്റ് ചെയ്തിരുന്നു. കോവിഡ് ബാധിതര്‍ക്ക് ആശുപത്രികളില്‍ കിടക്കകള്‍ ലഭിക്കാത്ത പ്രശ്‌നം പരിഹരിക്കാന്‍ 500 തീവണ്ടി കോച്ചുകള്‍ ഡല്‍ഹിക്ക് നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
Leave a Comment