അഫ്രീദിക്ക് കോവിഡ്; ഗൗതം ഗംഭീര്‍ പ്രതികരിക്കുന്നു…

ക്രിക്കറ്റ് കളത്തിലും പുറത്തും നോക്കിലും വാക്കിലും ഏറ്റുമുട്ടുന്ന രണ്ടുപേരാണ് ഇന്ത്യയുടെ മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീറും പാക്കിസ്ഥാന്റെ മുന്‍ നായകന്‍ ഷാഹിദ് അഫ്രീദിയും. ക്രിക്കറ്റ് വിട്ടശേഷം ഗംഭീര്‍ ബിജെപിയില്‍ ചേര്‍ന്ന് ലോക്‌സഭാംഗമാകുകയും അഫ്രീദി സ്ഥിരമായി ഇന്ത്യാവിരുദ്ധ പ്രസ്താവനകളുമായി കളം നിറയുകയും ചെയ്തതോടെ ഇരുവര്‍ക്കുമിടയിലെ അകലം വര്‍ധിക്കുകയും ചെയ്തു.

ഷാഹിദ് അഫ്രീദിക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായുള്ള വെളിപ്പെടുത്തല്‍ ഇന്ന് ഉച്ചയോടെയാണ് വന്നത്. പിന്നാലെ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഗംഭീര്‍. രാഷ്ട്രീയപരമായ അഭിപ്രായ വ്യത്യാസങ്ങള്‍ക്ക് ഇതുമായി ബന്ധമില്ലെന്ന് ചൂണ്ടിക്കാട്ടിയ ഗംഭീര്‍, അഫ്രീദി രോഗത്തില്‍നിന്ന് എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും ആശംസിച്ചു. ‘സലാം ക്രിക്കറ്റ് 2020’ എന്ന പരിപാടിയില്‍ സംസാരിക്കുമ്പോഴാണ് അഫ്രീദിയുടെ രോഗവിഷയത്തില്‍ ഗംഭീര്‍ പ്രതികരിച്ചത്.

‘ഈ വൈറസ് ആര്‍ക്കും ബാധിക്കാതിരിക്കട്ടെ. ഷാഹിദ് അഫ്രീദിയുമായി എനിക്ക് രാഷ്ട്രീയപരമായ അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്നത് ശരിയാണ്. എങ്കിലും അദ്ദേഹം എത്രയും വേഗം രോഗമുക്തനായി കാണാനാണ് എനിക്കിഷ്ടം. ഇന്ത്യയിലും കോവിഡ് ബാധിച്ചവര്‍ എത്രയും വേഗം സുഖപ്പെടട്ടെ’ -– ഗംഭീര്‍ വ്യക്തമാക്കി.

‘എനിക്ക് ഈ രാജ്യത്തെ ആളുകളെക്കുറിച്ചും ആശങ്കയുണ്ട്. പാക്കിസ്ഥാന്‍ ഇന്ത്യയെ സഹായിക്കാമെന്ന് പറഞ്ഞ് രംഗത്തെത്തിയിരുന്നു. ആദ്യം അവര്‍ അവരുടെ സ്വന്തം ആളുകളെ സഹായിക്കട്ടെയെന്നാണ് എനിക്ക് പറയാനുള്ളത്. അവര്‍ സഹായം വാഗ്ദാനം ചെയ്തതൊക്കെ നല്ല കാര്യം. അതില്‍ എനിക്ക് നന്ദിയുമുണ്ട്. പക്ഷേ, ആദ്യം അതിര്‍ത്തി കടന്നുള്ള ഭീകരവാദം അവസാനിപ്പിക്കണം’ -ഗംഭീര്‍ പറഞ്ഞു.

pathram:
Leave a Comment