കോവിഡ് പടര്‍ന്നു പിടിക്കുന്ന ചെന്നൈ നഗരത്തില്‍ വീണ്ടും ലോക്ക് ഡൌണ്‍ പ്രഖ്യാപിക്കുമെന്നു സൂചന. ചെന്നൈയില്‍ നിന്ന് തമിഴ്‌നാടിന്റെ മറ്റു ഭാഗങ്ങളിലേക്കു രോഗം പടരുന്നത് പരിഗണിച്ചാണിത്. സേലത്ത് ക്യാംപ് ചെയ്യുന്ന മുഖ്യമന്ത്രി തിരിച്ചെത്തിയാലുടന്‍ വിഷയത്തില്‍ തീരുമാനം ഉണ്ടാകും.
27,398 പേര്‍ക്കാണ് ചെന്നൈയില്‍ കോവിഡ് ബാധിച്ചത്. ഇന്നലെ മാത്രം 1407 പേര്‍ വൈറസിന്റെ പിടിയിലായി. ചെന്നൈയ്ക്കു പുറത്ത് ഇന്നലെ രോഗം സ്ഥിരീകരിച്ചവര്‍ക്കെല്ലാം തലസ്ഥാന നഗരിയുമായി ബന്ധവുമുണ്ട്. ഇതോടെയാണ് നഗരത്തിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന മന്ത്രിതല സംഘത്തിന്റെ നിര്‍ദേശം സര്‍ക്കാര്‍ സജീവമായി പരിഗണിക്കുന്നത്. ചെന്നൈയിലുള്ളവരുടെ സഞ്ചാരം പൂര്‍ണമായിട്ടും തടയാനാണ് നിര്‍ദേശം. ചെന്നൈയിലേക്കു വരുന്നതും പോകുന്നതും പൂര്‍ണമായിട്ടും തടയും.
നഗരാതിര്‍ത്തികള്‍ അടയ്ക്കും. സമീപ ജില്ലകളായ ചെങ്കല്‍പേട്ട്,തിരുവെള്ളൂര്‍, കാഞ്ചിപുരം എന്നിടങ്ങളില്‍ കടുത്ത നിയന്ത്രങ്ങളുണ്ടാകും. ഇവിടങ്ങളിലേക്കുള്ള യാത്രാ പാസ് നല്‍കുന്നത് നിര്‍ത്തിവെയ്ക്കും. കോവിഡ് നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്കു മേല്‍നോട്ടം വഹിക്കുന്ന ആരോഗ്യ വിദഗ്ധരുടെ സമിതിയും ചെന്നൈ അടച്ചിടണമെന്ന് സര്‍ക്കാരിനോടു നിര്‍ദേശിച്ചിരുന്നു.
അതിനിടെ വിഷയത്തിലുള്ള പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കവേ എന്തുകൊണ്ട് നഗരം അടച്ചുകൂടായെന്നു ഹൈക്കോടതിയും സര്‍ക്കാരിനോടു ആരാഞ്ഞിരുന്നു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഇന്ന് കോടതിയില്‍ നിലപാട് വ്യക്തമാക്കും. അതിനിടെ 15 ദിവസത്തേക്കു കടകള്‍ അടച്ചിടാണമെന്നു വ്യാപാരികള്‍ ഇന്നലെ സര്‍ക്കാരിനെ അറിയിച്ചു. എന്നാല്‍ നേരത്തെ സമ്പൂര്‍ണ അടച്ചിടല്‍ പ്രഖ്യാപിച്ചതിനു തൊട്ടുപിറകെ ആളുകള്‍ മാര്‍ക്കറ്റുകളില്‍ തിക്കിതിരക്കി അവശ്യസാധനങ്ങള്‍ വങ്ങാന്‍ എത്തിയതിനു സമാനമായ അവസ്ഥയുണ്ടാകുമോയെന്ന പേടിയും സര്‍ക്കാരിനുണ്ട്.
follow us: pathram online latest news…
Leave a Comment