കോവിഡ് ചികിത്സയിലുള്ള ഗര്‍ഭിണിയായ യുവതിയ്ക്ക് ഇരട്ടക്കുട്ടികളുടെ ജീവന്‍ നഷ്ടമായി

മഞ്ചേരി : കോവിഡ് ചികിത്സയിലുള്ള ഗര്‍ഭിണിയായ യുവതിയുടെ ഇരട്ടക്കുഞ്ഞുങ്ങള്‍ക്ക് ജിവന്‍ നഷ്ടമായി. അമ്മയുടെ ഉദരത്തില്‍നിന്നു പുറത്തിറങ്ങും മുന്‍പേ, 2 കുരുന്നുകളാണ് യാത്രയായത്. ചേതനയറ്റ കുഞ്ഞു ശരീരം മോര്‍ച്ചറിയിലേക്കു എടുത്തപ്പോള്‍ ഒരു നോക്കു കാണാനാകാതെ രോഗ ക്കിടക്കയില്‍ കിടന്ന് അമ്മ വിതുമ്പി.

പരപ്പനങ്ങാടി വള്ളിക്കുന്ന് സ്വദേശിയായ യുവതിയുടെ ഗര്‍ഭത്തിലിരിക്കെയാണ് 7 മാസം വളര്‍ച്ചയെത്തിയ ഇരട്ടക്കുഞ്ഞുങ്ങളുടെ ജീവന്‍ പൊലിഞ്ഞത്. കോവിഡ് പോസിറ്റീവ് ആയി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു യുവതി. ഭര്‍ത്താവ് നിരീക്ഷണത്തിലുമാണ്. കഴിഞ്ഞ ദിവസം ശാരീരിക അസ്വാസ്ഥ്യം പ്രകടിപ്പിച്ച യുവതിയുടെ കുഞ്ഞുങ്ങളെ രക്ഷിക്കാനുള്ള അധികൃതരുടെ ശ്രമം വിഫലമായി. തുടര്‍ന്ന് യുവതി രാത്രി പ്രസവിക്കുകയായിരുന്നു. യുവതി ചികിത്സയില്‍ തുടരുകയാണ്.

മൃതദേഹം ഏറ്റെടുക്കാന്‍ ബന്ധുക്കള്‍ വൈമനസ്യം പ്രകടിപ്പിച്ചതോടെ ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. കോവിഡ് സാധ്യതയുള്ള മൃതദേഹം സംസ്‌കരിക്കാന്‍ ജില്ലയില്‍ സൗകര്യമില്ലാത്തത് അധികൃതരെയും കുഴക്കി. ആശുപത്രി അധികൃതര്‍ മുനിസിപ്പല്‍ അധികൃതരെ വിവരം അറിയിച്ചെങ്കിലും ശ്മശാനം ഇല്ലാത്തതിനാല്‍ അവരും നിസ്സഹായാവസ്ഥ അറിയിച്ചു.

കോഴിക്കോട് കോര്‍പറേഷന്റെ വൈദ്യുതി ശ്മശാനത്തില്‍ കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം സംസ്‌ക്കരിക്കാന്‍ അനുമതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ആശുപത്രി സൂപ്രണ്ട് വിഷയം കലക്ടറുടെ ശ്രദ്ധയില്‍പെടുത്തി. എച്ച്‌ഐമാരായ ബിശ്വജിത്ത്, സുബരാം തുടങ്ങിയവരുടെ നേതൃത്വത്തില്‍ ആംബുലന്‍സില്‍ മൃതദേഹം വൈദ്യുതി ശ്മശാനത്തില്‍ എത്തിച്ചു കോവിഡ് പ്രോട്ടോകോള്‍ പ്രകാരം സംസ്‌കരിച്ചു.

Follo us: pathram online latest news

pathram:
Leave a Comment