ആശുപത്രികള്‍ നിറയും, വെന്റിലേറ്ററുകള്‍ ലഭിക്കാതാകും, ചികിത്സാ ബുദ്ധിമുട്ട് നേരിടും..!!! അഞ്ച് സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ്

അഞ്ചു സംസ്ഥാനങ്ങളില്‍ കോവിഡ് ചികില്‍സ്‌ക്കുള്ള ഐസിയു ബെഡുകള്‍, വെന്റിലേറ്ററുകള്‍ എന്നിവയ്ക്ക് കുറവുണ്ടാകുമെന്ന് കേന്ദ്ര സര്‍ക്കാരിന്റെ മുന്നറിയിപ്പ്. ഡല്‍ഹി, മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്‌നാട്, യുപി സംസ്ഥാനങ്ങളില്‍ ജൂണ്‍, ജൂലൈ , ഓഗസ്റ്റ് മാസങ്ങളില്‍ ക്ഷാമം നേരിട്ടേക്കുമെന്നാണ് മുന്നറിയിപ്പ്.

അതേസമയം, അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതില്‍ കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് അനുകൂലമായ ഒരു നടപടിയും ഉണ്ടാവുന്നില്ലെന്ന് സംസ്ഥാനങ്ങള്‍ ആരോപിച്ചു. കോവിഡ് വ്യാപനത്തില്‍ ബ്രിട്ടനെ മറികടന്ന് ഇന്ത്യ. ലോകരാജ്യങ്ങളുടെ പട്ടികയില്‍ നാലാം സ്ഥാനത്തെത്തി. സംസ്ഥാനങ്ങള്‍ പുറത്തുവിട്ട കണക്കനുസരിച്ച് രാജ്യത്ത് രോഗബാധിതരുടെയെണ്ണം മൂന്ന് ലക്ഷത്തോടടുത്തു. ഡല്‍ഹിയില്‍ കോവിഡ് മരണം ആയിരം കടന്നു.

79 ദിവസത്തെ ലോക്ഡൗണ്‍ പിന്നിടുമ്പോള്‍ രാജ്യത്തെ കോവിഡ് കേസുകളുടെയെണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധന തുടരുകയാണ്. ഈ മാസം മാത്രം ഒരു ലക്ഷത്തിനടുത്ത് പേര്‍ക്ക് വൈറസ്ബാധ കണ്ടെത്തി. ലോകരാജ്യങ്ങളുടെ പട്ടികയില്‍ ഇനി ഇന്ത്യയ്ക്ക് മുന്നിലുള്ളത് അമേരിക്ക, ബ്രസീല്‍, റഷ്യ എന്നീ രാജ്യങ്ങളാണ്. കഴിഞ്ഞ ഒരാഴ്ച്ചയായി പതിനായിരത്തിനടുത്ത് പേര്‍ക്കാണ് ദിവസവും രോഗം സ്ഥിരീകരിച്ചത്.

ഇതുവരെ 8,102 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. 49.2% പേര്‍ രോഗമുക്തരായി. മഹാരാഷ്ട്രയില്‍ കോവിഡ് ബാധിതരുടെയെണ്ണം 97,000 കടന്നു. 24 മണിക്കൂറിനിടെ തമിഴ്‌നാട്ടിലും ഡല്‍ഹിയിലും രണ്ടായിരത്തിനടുത്ത് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. യുപിയിലും ബംഗാളിലും നാനൂറിലധികം പേര്‍ക്ക് വൈറസ്ബാധ കണ്ടെത്തി. മഹാരാഷ്ട്രയ്ക്കും ഗുജറാത്തിനും പിന്നാലെ കോവിഡ് മരണം ആയിരം കടക്കുന്ന മൂന്നാമത്തെ സംസ്ഥാനമാണ് ഡല്‍ഹി. പതിനഞ്ച് സംസ്ഥാനങ്ങളില്‍ ഇന്നലെ നൂറിലധികം പേര്‍ക്ക് വൈറസ്ബാധ കണ്ടെത്തി.

pathram:
Related Post
Leave a Comment