ഓരോ ജില്ലയിലെയും രോഗ ബാധിതരുടെ വിവരങ്ങള്‍…

സംസ്ഥാനത്ത് ഇന്ന് കോവിഡ് ബാധിച്ചവരുടെ ജില്ലതിരിച്ചുള്ള വിവരങ്ങള്‍ ഇങ്ങനെ…

തൃശൂര്‍

ജില്ലയില്‍ 7 മാസം പ്രായമായ പെണ്‍കുഞ്ഞ്, 3 ആരോഗ്യ പ്രവര്‍ത്തകര്‍, ക്വാറന്റീനില്‍ കഴിയുന്ന വിചാരണ തടവുകാരന്‍ എന്നിവര്‍ ഉള്‍പ്പെടെ 25 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 8 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗ ബാധ.

തൃശൂര്‍ കോര്‍പറേഷനിലെ 4 ശുചീകരണ തൊഴിലാളികള്‍, കുരിയച്ചിറ സെന്‍ട്രര്‍ വെയര്‍ ഹൗസിലെ 4 ചുമട്ടുതൊഴിലാളികള്‍ എന്നിവര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. ചികിത്സയിലായിരുന്ന 7 പേര്‍ക്ക് ഇന്ന് രോഗം ഭേദമായി. ആകെ 145 പേര്‍ ചികിത്സയില്‍ തുടരുന്നു.

പത്തനംതിട്ട

ജില്ലയില്‍ ഒരു കുടുംബത്തിലെ നാലു പേര്‍ക്ക് ഉള്‍പ്പെടെ 5 ആളുകള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കോന്നി പയ്യനാമണ്‍ പ്രദേശത്തെ കുടുംബം എത്തിയതു ഡല്‍ഹിയില്‍ നിന്നാണ്. മഹാരാഷ്ട്രയില്‍ നിന്നെത്തിയ പത്തനംതിട്ട സ്വദേശിയായ നഴ്‌സിനും കോവിഡ് സ്ഥിരീകരിച്ചു.

മലപ്പുറം

ജില്ലയില്‍ ഗര്‍ഭിണിയും 3 വയസ്സുകാരനും ഉള്‍പ്പെടെ 10 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 5 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. കോവിഡ് ബാധിതരില്‍ 3 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും 2 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും തിരിച്ചെത്തിയവരാണ്. ഇതോടെ കോവിഡ് സ്ഥിരീകരിച്ച് ജില്ലയില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 185 ആയി.

കോഴിക്കോട്

ജില്ലയില്‍ ഇന്ന് ഒരാള്‍ക്കു കോവിഡ് സ്ഥിരീകരിച്ചു. മൂന്ന് പേര്‍ രോഗമുക്തി നേടി. ഇതുവരെ രോഗം സ്ഥിരീകരിച്ച കോഴിക്കോട് സ്വദേശികളുടെ എണ്ണം 133 ആയി. രോഗമുക്തി നേടിയവര്‍ 53. ഒരാള്‍ ചികിത്സക്കിടെ മരിച്ചു. ഇപ്പോള്‍ 79 കോഴിക്കോട് സ്വദേശികള്‍ കോവിഡ് പോസിറ്റീവായി ചികിത്സയിലുണ്ട്. ഇന്നലെ 260 സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചു.

കോട്ടയം

ജില്ലയില്‍ രണ്ട്‌ േപര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഡല്‍ഹിയില്‍നിന്ന് ജൂണ്‍ രണ്ടിന് ട്രെയിനില്‍ കോട്ടയത്ത് എത്തിയ രണ്ടു യുവതികള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കങ്ങഴയിലെ ക്വാറന്റീന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന വെള്ളാവൂര്‍ സ്വദേശിനി(34), ഹോം ക്വാറന്റീനില്‍ കഴിഞ്ഞിരുന്ന ഗര്‍ഭിണിയായ എരുമേലി സ്വദേശിനി(31) എന്നിവരെയാണ് രോഗം ബാധിച്ചതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെള്ളാവൂര്‍ സ്വദേശിനിക്കൊപ്പമെത്തിയ ഭര്‍ത്താവിന്റെയും മകന്റെയും പരിശോധനാഫലം നെഗറ്റീവാണ്.

ഇതോടെ ജില്ലയില്‍ രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 43 ആയി. ഇതിനു പുറമെ ജില്ലയില്‍നിന്നുള്ള ഒരാള്‍ എറണാകുളം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയുന്നുണ്ട്. ഇന്ന് ഫലം വന്ന 202 സാംപിളുകളില്‍ 200 എണ്ണം നെഗറ്റീവാണ്. ജില്ലയില്‍ 7821 പേര്‍ ക്വാറന്റീനില്‍ കഴിയുന്നുണ്ട്. ഇതില്‍ 6444 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നും 1206 പേര്‍ വിദേശ രാജ്യങ്ങളില്‍നിന്നും വന്നവരാണ്. ബാക്കിയുള്ളവര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

pathram:
Leave a Comment