ന്യൂഡല്‍ഹി: രാജ്യത്ത് സമൂഹവ്യാപനമില്ലെന്ന് പറയുന്നത് കണ്ണടച്ച് ഇരുട്ടാക്കുന്നതിന് തുല്യമാണെന്ന് ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡയറക്ടര്‍ ഡോ.എം.സി.മിശ്ര. സാമൂഹ്യ വ്യാപനം ഇല്ലെങ്കില്‍ പിന്നെന്തുകൊണ്ടാണ് ഒരുദിവസം പതിനായിരത്തിന് അടുത്ത് കേസുകള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്നതെന്നും അദ്ദേഹം ചോദിച്ചു. ഔട്ട്‌ലുക്കിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കവേയാണ് രാജ്യത്ത് സമൂഹവ്യാപമില്ലെന്ന കേന്ദ്രത്തിന്റെ നിലപാടിനെ ഡോ.മിശ്ര ചോദ്യം ചെയ്തത്.
സമൂഹവ്യാപനമില്ലെങ്കില്‍ എവിടെ നിന്നാണ് ഇത്രയധികം കേസുകള്‍ വരുന്നത്. സമൂഹവ്യാപനം ഇല്ലെന്ന് ഞാന്‍ പറയുകയാണെങ്കില്‍ അത് എന്റെ കണ്ണടച്ച് ഇരുട്ടാണെന്ന് പറയുന്നത് പോലെയാണ്. സത്യത്തെ നിരാകരിക്കുന്നതില്‍ യാതൊരു കാര്യവുമില്ല. ആരും ഇപ്പോള്‍ വിദേശത്ത് നിന്ന് വരുന്നില്ല. ഉറവിടം കണ്ടെത്താനാകാത്ത നിരവധി കേസുകളുണ്ട്. അതുകൊണ്ട് സമൂഹവ്യാപനം ഉണ്ടായെന്ന് തന്നെയാണ് കരുതേണ്ടത്.
എയിംസില്‍ ഡോക്ടര്‍മാരും ജീവനക്കാരുമടക്കം നാനൂറിനടുത്ത് ആളുകള്‍ക്ക് രോഗ ബാധയുണ്ടായി. അവരില്‍ പകുതി പേരും പറഞ്ഞത് തങ്ങള്‍ക്ക് ആശുപത്രിയില്‍ നിന്നല്ല പുറത്തുനിന്നാണ് രോഗബാധയുണ്ടായതെന്നാണ്. പുറത്തുനിന്നുളള അണുബാധ എന്ന് പറയുന്നത് സമൂഹവ്യാപനത്തെയാണ്. എയിംസില്‍ രോഗബാധ സ്ഥിരീകരിച്ചവരാരും വിദേശത്ത് പോയവരല്ലെന്നും മിശ്ര പറയുന്നു.
കോവിഡ് 19 കേരളത്തില്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ മുതല്‍ തന്നെ വിദേശത്ത് നിന്ന് മടങ്ങിയെത്തുന്നവരടുടെ കാര്യത്തില്‍ നിലവില്‍ സ്വീകരിച്ചിരുന്ന ജാഗ്രത പാലിച്ചിരുന്നെങ്കില്‍ രാജ്യത്തെ അവസ്ഥ മറ്റൊന്നാകുമായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്ത് തുടക്കത്തില്‍ റിപ്പോര്‍ട്ട് ചെയ്ത ഭൂരിഭാഗം കേസുകളും പുറത്തുനിന്ന് വന്നവര്‍ക്കായിരുന്നു.
വിദേശത്ത് നിന്നെത്തുന്നവരെ എങ്ങനെയാണ് സ്‌ക്രീന്‍ ചെയ്യേണ്ടതെന്നും തുടര്‍ നടപടികള്‍ സ്വീകരിക്കേണ്ടതെന്നും കേരളം ഒരു നല്ല മാതൃക രാജ്യത്തിന് കാണിച്ചുതന്നതാണ്. രാജ്യം അത് പിന്തുടര്‍ന്നിരുന്നെങ്കില്‍ നമ്മളിപ്പോള്‍ കുറേക്കൂടി നല്ല അവസ്ഥയിലാകുമായിരുന്നെന്നും മിശ്ര പറഞ്ഞു
Leave a Comment