തിരുവനന്തപുരം: വിദഗ്ധ സമിതി നിര്‍ദേശ പ്രകാരം ക്വാറന്റീന്‍ മാര്‍ഗരേഖ പുതുക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇതുപ്രകാരം വിദേശത്ത് നിന്ന് വരുന്നവരില്‍ വീടുകളില്‍ ക്വാറന്റീന്‍ സൗകര്യമില്ലാത്തവര്‍ക്കായിരിക്കും സര്‍ക്കാര്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീന്‍ നല്‍കുക. വീട്ടില്‍ സൗകര്യമുള്ളവരെ പ്രാഥമിക പരിശോധനയ്ക്ക് ശേഷം സത്യവാങ് മൂലം എഴുതിവാങ്ങി വീടുകളിലേക്ക് പോകാന്‍ അനുവദിക്കും. ഇവര്‍ക്ക് ആവശ്യമായ മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
‘വിദഗ്ധ സമിതി നിര്‍ദേശ പ്രകാരം ക്വാറന്റീന്‍ മാര്‍ഗരേഖ പുതുക്കുകയാണ്. വിദേശത്ത് നിന്ന് വരുന്നവരില്‍ വീട്ടില്‍ ക്വാറന്റീന്‍ സൗകര്യമുള്ളവരില്‍ പ്രാഥമിക പരിശോധനയ്ക്ക് ശേഷം സത്യവാങ് മൂലം എഴുതിവാങ്ങി ആവശ്യമായ മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ നല്‍കും. തുടര്‍ന്ന് വീടുകളിലേക്ക് പോകാന്‍ അനുവദിക്കും.
ഇവര്‍ക്ക് സ്വന്തം വാഹനത്തിലോ, ടാക്‌സിയിലോ വീടുകളിലേക്ക് മടങ്ങാം.ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണസ്ഥാപനം, പോലീസ് ,കോവിഡ് കെയര്‍ സെന്റര്‍ നോഡല്‍ ഓഫീസര്‍ ജില്ലാ കളക്ടര്‍ ഇവര്‍ക്കെല്ലാം അതുസംബന്ധിച്ച വിവരം കൈമാറും. നിശ്ചിത സമയത്തിനുള്ളില്‍ യാത്രക്കാരന്‍ വീട്ടില്‍ എത്തിച്ചേര്‍ന്നുവെന്ന് പോലീസ് ഉറപ്പുവരുത്തും. വീട്ടില്‍ സൗകര്യങ്ങളുണ്ട് എന്ന് ഉറപ്പുവരുത്തേണ്ട ചുമതല തദ്ദേശ സ്വയംഭരണ സ്ഥാനത്തിനാണ്.
ന്യൂനതകളുണ്ടെങ്കില്‍ സര്‍ക്കാര്‍ ക്വാറന്റീന്‍ കേന്ദ്രത്തിലേക്ക് മാറ്റുന്നതിന് നടപടി സ്വീകരിക്കും. സുരക്ഷിതമായ ക്വാറന്റീന്‍ ഉറപ്പാക്കാന്‍ വീട്ടുകാര്‍ക്ക് ആവശ്യമായ ബോധവല്‍ക്കരണം നടത്തും. കുട്ടികള്‍ പ്രായമായവര്‍, ഇവരെല്ലാം ഉണ്ടെങ്കില്‍ പ്രത്യേകമായി തന്നെ മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ നല്‍കും നിരീക്ഷണത്തിലുള്ള വ്യക്തി ക്വാറന്റീന്‍ ലംഘിക്കരുത്. ലംഘിച്ചാല്‍ നിയമപ്രകാരം പോലീസ് നടപടി സ്വീകരിക്കും. വീട്ടില്‍ സൗകര്യമില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ക്വാറന്റീന്‍ കേന്ദ്രത്തിലേക്ക് സ്വന്തം വാഹനത്തിലോ,ടാക്‌സിയിലോ പോകാവുന്നതാണ്. വീടുകളില്‍ സൗകര്യമില്ലാത്തവര്‍ക്കാണ് ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീന്‍ സര്‍ക്കാര്‍ നല്‍കുക.
ആവശ്യപ്പെടുന്നവര്‍ക്ക് ഒരുക്കുന്ന ഹോട്ടല്‍ സംവിധാനമാണ് പെയ്ഡ് ക്വാറന്റീന്‍. പ്രത്യേകമായി ആവശ്യപ്പെട്ടാല്‍ ആ സംവിധാനം ഒരുക്കിക്കൊടുക്കും . ഈ രണ്ടു കേന്ദ്രങ്ങളിലും ആവശ്യമായ സൗകര്യങ്ങളും കര്‍ശനമായ നിരീക്ഷണവും ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണസ്ഥാപനം, റവന്യൂ അധികൃതര്‍, പോലീസ് എന്നിവര്‍ ഉറപ്പുവരുത്തണം.
വിമാനം വഴിയും ട്രെയിന്‍ വഴിയും റോഡുമാര്‍ഗവും മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് ക്വാറന്റീന്‍ ഏര്‍പ്പെടുത്തുന്നതിന് പുതിയ മാര്‍ഗരേഖയുണ്ട്. സംസ്ഥാനത്തിന് പുറത്തുനിന്ന് വരുന്നവര്‍ ജാഗ്രതാ പോര്‍ട്ടലിലൂടെ ഹോം ക്വാറന്റീന്‍ സംബന്ധിച്ച് സത്യവാങ്മൂലം നല്‍കണം. സ്വന്തം വീടോ, അനുയോജ്യമായ മറ്റൊരു വീടോ ഇതിനായി തിരഞ്ഞെടുക്കാം. സത്യവാങ്മൂലം സംബന്ധിച്ച് ജില്ലാ കോവിഡ് കണ്‍ട്രോള്‍ റൂം വിശദമായ അന്വേഷണം നടത്തി സുരക്ഷിത ക്വാറന്റീന്‍ ഉറപ്പാക്കും. അല്ലാത്തപക്ഷം ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീനോ പെയ്ഡ് ക്വാറന്റീനോ ഒരുക്കും.’
സംസ്ഥാനത്ത് പ്രവേശിക്കുന്നതിന് അനുമതി നല്‍കുന്ന വിവരം ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണസ്ഥാപനം,പോലീസ്, കോവിഡ് കെയര്‍ നോഡല്‍ ഓഫീസര്‍ ,ജില്ലാ കളക്ടര്‍ ഇവരെയെല്ലാം അറിയിക്കണമെന്ന് വ്യവസ്ഥയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
FOLLOW US: PATHRAM ONLINE LATEST NEWS..
Leave a Comment