കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തി സഹോദരന്റെ സുഹൃത്ത് വിവാഹിതയായ യുവതിയെ പലതവണ പീഡിപ്പിച്ചു

പത്തനംതിട്ട: കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തി സഹോദരന്റെ സുഹൃത്ത് വിവാഹിതയായ യുവതിയെ പലതവണ പീഡിപ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍. പന്തളത്താണ് സംഭവം. യുവതിയുടെ പരാതിയില്‍ കുളനട സ്വദേശി സിനു രാജന്‍ എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. 2018 മാര്‍ച്ചിലാണ് സംഭവം നടന്നത്. യുവതിയുടെ വീട്ടിലെത്തിയ സിനു രാജന്‍ യുവതി കുളിക്കുന്ന ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും തുടര്‍ന്ന് നിരന്തരം ഈ ദൃശ്യങ്ങള്‍ കാണിച്ച് യുവതിയെ ഭീഷണിപ്പെടുത്തുകയും ചെയ്തുകൊണ്ടിരുന്നു.

ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി ഇയാള്‍ മാവേലിക്കരയിലെ വിവിധ കേന്ദ്രങ്ങളിലെത്തിച്ച് യുവതിയെ ബലാത്സംഗം ചെയ്തു. കൂടാതെ പല തവണ ഭീഷണിപ്പെടുത്തി സ്വര്‍ണാഭരണങ്ങളും കൈക്കലാക്കി. തുടര്‍ന്ന് രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം യുവതിയുടെ ദൃശ്യങ്ങള്‍ നവമാധ്യമങ്ങളിലൂടെ സിനു രാജന്‍ പ്രചരിപ്പിച്ചതോടെയാണ് ഈ മാസം മൂന്നാം തീയതി യുവതി പോലീസില്‍ പരാതി നല്‍കിയത്.

മഹാരാഷ്ട്രയില്‍ ആയിരുന്ന ഇയാള്‍ മൂന്ന് ആഴ്ച മുന്‍പ് നാട്ടിലെത്തിയിരുന്നു. തുടര്‍ന്ന് വീട്ടില്‍ ക്വാറന്റീനില്‍ കഴിയുകയായിരുന്നു. കോവിഡ് പരിശോധനയുടെ ഫലം വന്നതിന് ശേഷമാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. അടൂര്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Follo us: pathram online latest news

pathram:
Related Post
Leave a Comment