രാജ്യത്ത് കോവിഡ് മരണ സംഖ്യയില്‍ വന്‍ വര്‍ധനവ്; കേരളത്തില്‍ നിന്ന് 20 നഴ്‌സുമാരുടെ സംഘം മുംബൈയിലെത്തി

ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് മരണ സംഖ്യയില്‍ വന്‍ വര്‍ധനവ്. ബുധനാഴ്ച പുതിയ കോവിഡ് കേസുകള്‍ പതിനായിരത്തിനു തൊട്ടടുത്ത്എത്തി. 24 മണക്കൂറിനിടെ 9,996 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 357 രോഗികള്‍ മരിച്ചു. രണ്ടാം തവണയാണ് ഒരു ദിവസം മരണസംഖ്യ 300 കടക്കുന്നത്. ഇതുവരെ 2,86,579 പേര്‍ക്കാണ് രോഗം ബാധിച്ചത്. നിലവില്‍ 1,37,448 പേരാണ് ചികിത്സയിലുള്ളത്. 1,41,029 പേര്‍ രോഗമുക്തരായി. ആകെ മരണസംഖ്യ 8102 ആയി.

രാജ്യത്ത് ചികിത്സയിലുള്ള കോവിഡ് രോഗികളുടെ എണ്ണത്തെക്കാള്‍ രോഗമുക്തരുടെ എണ്ണം കൂടുതലായത് ആശ്വാസമായി. ആയിരത്തിലേറെപ്പേര്‍ക്കു രോഗം സ്ഥിരീകരിച്ച സംസ്ഥാനങ്ങളില്‍ ഗുജറാത്തും രാജസ്ഥാനുമാണ് രോഗമുക്തിയില്‍ മുന്നില്‍. ഗുജറാത്തില്‍ 87 % പേര്‍ ആശുപത്രി വിട്ടു; രാജസ്ഥാനില്‍ 74 %. കോവിഡ് ഏറ്റവും രൂക്ഷമായ മഹാരാഷ്ട്രയില്‍ രോഗമുക്തര്‍ 46.96 %. നേരത്തെ രോഗമുക്തിയില്‍ മുന്നിലായിരുന്നെങ്കിലും കേരളത്തില്‍ നിലവിലെ നിരക്ക് 41.8 %.

മഹാരാഷ്ട്രയില്‍ ബുധനാഴ്ച 149 പേരാണ് മരിച്ചത്. 97 പേരും മുംബൈയില്‍ നിന്ന്. . 3254 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗികള്‍ 94,041. ആകെ മരണം 3438. അതിനിടെ, കേരളത്തില്‍ നിന്ന് 20 നഴ്‌സുമാരുടെ സംഘം മുംബൈയിലെത്തി. അന്ധേരി സെവന്‍ ഹില്‍സ് ആശുപത്രിയില്‍ ഡോ. സന്തോഷ്‌കുമാറിന്റെ നേതൃത്വത്തില്‍ നേരത്തെയെത്തിയ ഡോക്ടര്‍മാര്‍ക്കൊപ്പം ഇന്ന് ജോലി ആരംഭിക്കും.

തുടര്‍ച്ചയായി ഒന്‍പതാം ദിനമാണ് രാജ്യത്ത് കോവിഡ് കേസുകള്‍ 9000 കടക്കുന്നത്. നിലവില്‍ ലോകത്ത് കോവിഡ് മോശമായി ബാധിച്ച രാജ്യങ്ങളില്‍ അഞ്ചാമതാണ് ഇന്ത്യയുടെ സ്ഥാനം. 50 ലക്ഷത്തിലധികം പേരെയാണ് ഇതുവരെ രാജ്യത്ത് പരിശോധനയ്ക്കു വിധേയമാക്കിയതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ചൊവ്വാഴ്ച 1,51,808 സാംപിളുകളാണ് പരിശോധിച്ചതെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

Follo us: pathram online latest news

pathram:
Leave a Comment