ചികിത്സയിലിരിക്കേ കാണാതായ കോവിഡ് രോഗിയുടെ മൃതദേഹം അതേ ആശുപത്രിയുടെ ശൗചാലയത്തില്‍ കണ്ടെത്തി

ജല്‍ഗാവ്: ആശുപത്രിയില്‍ ചികിത്സയിലിരിക്കേ കാണാതായ കോവിഡ് രോഗിയുടെ മൃതദേഹം അതേ ആശുപത്രിയുടെ ശൗചാലയത്തില്‍ നിന്ന് കണ്ടെത്തി. ഭുസവലില്‍ നിന്നുളള 82 വയസ്സുകാരിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. കഴിഞ്ഞ എട്ടുദിവസമായി ഇവരെ കാണാനില്ലായിരുന്നു.

മെയ് 27നാണ് ഇവര്‍ക്ക് കോവിഡ് 19 സ്ഥിരീകരിക്കുന്നത്. ജൂണ്‍ രണ്ടിന് ഇവരെ കാണാതായതിനെ തുടര്‍ന്ന് കുടുംബാംഗങ്ങളും ജല്‍ഗാവ് സിവില്‍ ആശുപത്രി അധികൃതരും സില്ലപേത്ത് പോലീസ് സ്‌റ്റേഷനില്‍ വിവരമറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഭുസവലിലും മറ്റും പോലീസ് അന്വേഷണവും നടത്തി. രോഗികളുടെ രജിസ്റ്റര്‍, സിസിടിവി ദൃശ്യങ്ങള്‍ എന്നിവയും പരിശോധിച്ചെങ്കിലും വിവരമൊന്നും ലഭിച്ചില്ല. ഇതേതുടര്‍ന്ന് ജൂണ്‍ ആറിന് ഇവര്‍ പരാതി രജിസ്റ്റര്‍ ചെയ്തു.

ബുധനാഴ്ച ആശുപത്രിയുടെ ശൗചാലയത്തില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചുതുടങ്ങിയതോടെ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. ആശുപത്രി അധികൃതര്‍ ഉടന്‍ ഇവരുടെ വീട്ടുകാരെ വിവരമറിയിച്ചു.

സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്നും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയോട് വയോധികയുടെ കുടുംബാംഗങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാന ബിജെപി അധ്യക്ഷന്‍ കിരിത് സോമയ്യയും സംഭവത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തി.

മെയ് 27നാണ് ഇവര്‍ക്ക് കോവിഡ് 19 സ്ഥിരീകരിക്കുന്നത്. ഇവരെ ജല്‍ഗാവ് സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിന് മുമ്പ് മറ്റൊരു ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരുന്നത്. കാണാനില്ലെന്ന പരാതിയെ തുടര്‍ന്ന് ആദ്യമെത്തിച്ച ആശുപത്രിയിലും പോലീസ്അന്വേഷണം നടത്തിയിരുന്നു.

ചികിത്സയിലിരിക്കെ കാണാതായ എണ്‍പതുകാരനെ കണ്ടെത്തുന്നതിനായി ചൊവ്വാഴ്ച മുംബൈ മേയര്‍ കിഷോരി പെഡ്‌നക്കര്‍ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. പിന്നീട് ഇയാളുടെ മൃതദേഹം ബോറിവാലി സ്‌റ്റേഷന് സമീപത്ത് നിന്ന് കണ്ടെത്തിയിരുന്നു.

Follow us: pathram online

pathram:
Related Post
Leave a Comment