തൃശൂർ ജില്ലയിൽ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 27 പേർക്ക്

തൃശൂർ ജില്ലയിൽ 27 കൊവിഡ് പോസിറ്റീവ് കേസുകളും ഒരു കൊവിഡ് മരണവും സ്ഥിരീകരിച്ചു. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ചാലക്കുടി വിആർപുരം സ്വദേശി ഡിന്നി ചാക്കോയാണ് മരിച്ചത്. 131 പേരാണ് ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ച് ആശുപത്രിയിൽ ചികിത്സയിലുള്ളത്.

തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ അതിതീവ്രവിഭാഗത്തിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ചാലക്കുടി വിആർപുരം സ്വദേശി ഡിന്നി ചാക്കോയാണ് മരിച്ചത്. 41 വയസായിരുന്നു. മാലി ദീപിൽ നിന്നെത്തിയ ഡിന്നി ചാക്കോയെ മെയ് 16-നാണ് കൊവിഡ് പൊസിറ്റിവ് ആയി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് വൃക്ക സ്തംഭനമുണ്ടായതോടെ ഹീമോഡയാലിസിസിന് വിധേയമാക്കി. പിന്നീട് ശ്വാസതടസ്സം നേരിട്ടതിനാൽ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. ഹൃദയസ്തംഭനത്തെ തുടർന്നാണ് മരണം.

വിദേശത്ത് നിന്നെത്തിയ 21 പേർക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ മൂന്ന് പേർക്കും കണ്ണൂരിൽ നിന്നെത്തിയ ഒരാൾക്കും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. രണ്ട് പേർക്ക് സമ്പർക്കത്തിലൂടെയും കൊവിഡ് പോസറ്റീവായി. വടക്കേക്കാട് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ജോലി ചെയ്യുന്ന അടാട്ട് സ്വദേശിക്കും പാലക്കാട് ജനറൽ ആശുപത്രിയിൽ വെച്ച് കൊവിഡ് പോസിറ്റീവായ ആരോഗ്യ പ്രവർത്തകയുടെ ഭർത്താവായ തൃക്കൂർ സ്വദേശിക്കുമാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

അബുദാബിയിൽ നിന്നെത്തിയ ഏഴ് പേർക്കും, റഷ്യയിൽ നിന്നെത്തിയ നാല് പേർക്കും, മസ്‌ക്കറ്റിൽ നിന്ന് വന്ന മൂന്ന് പേർക്കും, നൈജീരിയയിൽ നിന്ന് മടങ്ങിയെത്തിയ രണ്ട് പേർക്കും രോഗം സ്ഥിരീകരിച്ചു. ഇറ്റലി, കുവൈത്ത്, ജോർദ്ദാൻ, ഒമാൻ, ദുബായി എന്നിവടങ്ങിൽ നിന്നും വന്ന ഓരോർത്തകർക്കും കൊവിഡ് പോസിറ്റീവായി. തമിഴ്‌നാട്, ഡൽഹി, മുംബൈ എന്നിവിടങ്ങളിൽ നിന്നെത്തിയ ഓരോരുത്തരിലും രോഗം കണ്ടെത്തി. ജില്ലയിൽ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 165 ആയി.

Follow us: pathram online latest news

pathram desk 2:
Leave a Comment