ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാനായില്ല; വീണ്ടും ആത്മഹത്യ….

ഓണ്‍ലൈന്‍ ക്ലാസ്സില്‍ പങ്കെടുക്കാന്‍ സ്മാര്‍ട്ട്‌ഫോണില്ലെന്ന മനോവിഷമത്തില്‍ പഞ്ചാബില്‍ പതിനൊന്നാം ക്ലാസ്സ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു. പഞ്ചാബിലെ മാന്‍സ ജില്ലയില്‍ വെള്ളിയാഴ്ചയായിരുന്നു സംഭവം.

രണ്ടാഴ്ചകള്‍ക്ക് മുന്‍പാണ് ഓണ്‍ലൈന്‍ ക്ലാസ്സ് ആരംഭിച്ചത്. ക്ലാസ്സില്‍ പങ്കെടുക്കാന്‍ സ്മാര്‍ട്ട്‌ഫോണ്‍ വേണമെന്ന് വിദ്യാര്‍ഥിനി നിരന്തരം ആവശ്യപ്പെട്ടിരുന്നെങ്കിലും കര്‍ഷകരായ മാതാപിതാക്കള്‍ക്ക് മകളുടെ ആവശ്യം നിറവേറ്റാന്‍ സാധിച്ചില്ല. ഇതിന്റെ മനോവിഷമത്തിലാണ് കുട്ടി ആത്മഹത്യ ചെയ്തതെന്ന് സംഭവം അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

പഠനത്തിനായി സ്മാര്‍ട്ട്‌ഫോണ്‍ വേണണെന്ന് മകള്‍ പലതവണ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പണം ഇല്ലാത്തതിനാല്‍ ഫോണ്‍ വാങ്ങിക്കൊടുക്കാന്‍ സാധിച്ചില്ലെന്ന് പിതാവ് ജഗ്‌സീര്‍ സിങ് പറഞ്ഞു.

നേരത്തെ കേരളത്തിലും സമാനമായ സംഭവം ഉണ്ടായിരുന്നു. മലപ്പുറം വളാഞ്ചേരി മാങ്കേരി ദളിത് കോളനിയില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി ദേവികയാണ് ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ കഴിയാഞ്ഞിതില്‍ ആത്മഹത്യചെയ്തത്.

വീട്ടില്‍ ടി വി കേടായതിനാല്‍ ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ പറ്റാത്ത വിഷമം ദേവികക്കുണ്ടായിരുന്നുവെന്ന് മാതാപിതാക്കള്‍ പറഞ്ഞിരുന്നു. വൈകീട്ട് നാലുമുതല്‍ കുട്ടിയെ കാണാതായിരുന്നു. തുടര്‍ന്ന് അടുത്തുള്ള ആളൊഴിഞ്ഞ വീടിന്റെ മുന്നില്‍ കത്തികരിഞ്ഞ നിലയില്‍ കണ്ടെത്തുകയായിരുന്നു.

pathram:
Leave a Comment