ഭോപ്പാല്‍ : വയോധികനെ ആശുപത്രി കിടക്കയില്‍ കെട്ടിയിട്ടതായി ആരോപണം. മധ്യപ്രദേശിലെ ഷാജാപൂറിലാണ് സംഭവം. 11,000 രൂപ ബില്‍ അടയ്ക്കാത്തതിനെ തുടര്‍ന്ന് വയോധികന്റെ കാലുകളും കൈകളും ആശുപത്രി ഭരണകൂടം കട്ടിലില്‍ കെട്ടിയിട്ടതായി ഇയാളുടെ കുടുംബം ആരോപിച്ചു.
പ്രവേശന സമയത്ത് 5,000 രൂപ ആശുപത്രിയില്‍ അടച്ചിരുന്നതായും ചികിത്സ കുറച്ച് ദിവസം നീണ്ടുപോയതോടെ ബില്‍ അടയ്ക്കാന്‍ കൈവശം പണമില്ലായിരുന്നുവെന്നും വയോധികന്റെ മകള്‍ പറഞ്ഞു.
അതേസമയം അദ്ദേഹത്തിന് പരിക്കേല്‍ക്കാതിരിക്കാനായാണ് കൈകാലുകള്‍ കെട്ടിയിട്ടതെന്ന് ആശുപത്രി അവകാശപ്പെട്ടു. ‘ഇലക്ട്രോലൈറ്റ് അസന്തുലിതാവസ്ഥ കാരണം അദ്ദേഹത്തിന് അപസ്മാരമുണ്ടായിരുന്നു. സ്വയം പരിക്കേല്‍പ്പിക്കാതിരിക്കാനാണ് ഞങ്ങള്‍ കെട്ടിയിട്ടത്,’ ആശുപത്രിയിലെ ഒരു ഡോക്ടര്‍ പറഞ്ഞു.
മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ വിഷയത്തില്‍ ഇടപെടുകയും ആശുപത്രിക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു. ഇക്കാര്യത്തില്‍ അന്വേഷണം നടത്താന്‍ ഷാജാപൂര്‍ ജില്ലാഭരണകൂടം ഉത്തരവിട്ടു.
Follow us: pathram online
Leave a Comment