മൂന്ന് മനുഷ്യ ജീവനുകളെടുത്ത കടുവയ്ക്ക് ഇനി ജീവപര്യന്തം

ഭോപ്പാല്‍: മൂന്ന് മനുഷ്യ ജീവനുകളെടുത്ത കടുവയ്ക്ക് ഇനി ഏകാന്ത തടവ്. 2018ല്‍ മഹാരാഷ്ട്രയില്‍ നിന്ന് മധ്യപ്രദേശിലെ വനമേഖല വരെ അലഞ്ഞ് തിരിഞ്ഞ് എത്തുകയും ജനവാസ മേഖലകളില്‍ കയറി മൂന്ന് പേരെ കൊല്ലുകയും ചെയ്ത കടുവയെ ശനിയാഴ്ച കന്‍ഹ നാഷണല്‍ പാര്‍ക്കില്‍ നിന്ന് മയക്കുവെടി വച്ച് പിടിച്ചു. ഈ കടുവയെ ഇനി ഭോപ്പാലിലെ വാന്‍ വിവാറിലേക്ക് മാറ്റാനാണ് തീരുമാനം.

അഞ്ച് വയസുള്ള കടുവ മഹാരാഷ്ട്രയിലെ ചന്ദ്രപൂരില്‍ നിന്നാണ് മധ്യപ്രദേശിലെ പലാസ്പാനി വരെ വന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. പുതിയ താവളം തേടി 2018 ഓഗസ്റ്റിനും ഡിസംബറിനുമിടയ്ക്കാണ് കടുവ 510 കിലോമീറ്റര്‍ താണ്ടി മധ്യപ്രദേശില്‍ എത്തിയത്. 2018 ഡിസംബറില്‍ ഇതിനെ സാത്പുര ടൈഗര്‍ റിസര്‍വ് അധികൃതര്‍ പിടികൂടുകയും കന്‍ഹ നാഷണല്‍ പാര്‍ക്കിലേക്ക് മാറ്റുകയും ചെയ്തിരുന്നു. എന്നാല്‍ വീണ്ടും ജനജീവിതത്തിന് ഭീഷണിയായി അലയാന്‍ തുടങ്ങിയതോടെയാണ് കടുവയെ വാന്‍ വിഹാറിലേക്ക് മാറ്റാന്‍ തീരുമാനിച്ചത്.

വനത്തിനുള്ളില്‍ അതിന്‍െ്‌റ സ്വാഭാവിക ആവാസ വ്യവസ്ഥയിലേക്ക് തന്നെ മടങ്ങാന്‍ മതിയായ അവസരങ്ങള്‍ നല്‍കിയിട്ടും തിരിച്ചുപേകാത്ത സാഹചര്യത്തിലാണ് വാന്‍ വിഹാറിലേക്ക് മാറ്റാന്‍ തീരുമാനിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി. 2019ലെ എന്‍.ടി.സി.എ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരം ഈ കടുവ മനുഷ്യ ജീവന് ഭീഷണിയാണെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.വാന്‍ വിഹാറില്‍ നിലവില്‍ 14 കടുവകളുണ്ട്. ഇതില്‍ നാല് എണ്ണത്തിനെ മാത്രമേ പൊതുജനങ്ങള്‍ക്കായി പ്രദര്‍ശിപ്പിച്ചിട്ടുള്ളൂ. മറ്റുള്ളവ ജനങ്ങള്‍ക്ക് ഭീഷണിയായതിനാല്‍ ഏകാന്ത വാസമാണ് നല്‍കിയിരിക്കുന്നത്. അവയ്‌ക്കൊപ്പം ഇതിനെയും മാറ്റുമെന്ന് അധികൃതര്‍ അറിയിച്ചു.

മഹാരാഷ്ട്രയിലെ അമരാവതിയിലാണ് ഈ കടുവ ആദ്യ കൊലപാതകം ചെയ്തത്. ഒക്‌ടോബര്‍ 19നായിരുന്നു ആദ്യ കൊലപാതകം. തൊട്ടുപിന്നാലെ ഒക്‌ടോബര്‍ 22ന് അഞ്ജന്‍സിംഗിയില്‍ മറ്റൊരാളെ കൂടി കൊന്നു. മൂന്നാമത്തെ കൊലപാതകം 200 കിലോമീറ്റര്‍ മാറി ഭോപ്പാലിലെ സാത്പുര ടൈഗര്‍ റിസര്‍വിന് സമീപമാണ് റിപ്പോര്‍ട്ട് ചെയ്തത്.

Follow us: pathram online

pathram:
Leave a Comment