ഡൽഹിയിൽ മാത്രം ഈ മാസം ഒരു ലക്ഷത്തോളം കോവിഡ് രോഗികൾ ഉണ്ടാകും

ന്യൂഡൽഹി: ജൂൺ അവസാനത്തോടെ ഡൽഹിയിൽ ഒരു ലക്ഷം കോവിഡ് കേസുകൾ ഉണ്ടാകുമെന്ന് വിദഗ്ധ സമിതിയുടെ കണക്ക്. ഇതോടെ ജൂലൈ പകുതിയോടെ 42,000 ത്തോളം കിടക്കകൾ ആവശ്യമായി വരുമെന്നും അവർ റിപ്പോർട്ട് നൽകി. കോവിഡ് ഏറ്റവും രൂക്ഷമായി ബാധിച്ച മുംബൈ, അഹമ്മദാബാദ് എന്നിവിടങ്ങളിലെ സ്ഥിതിയും റിപ്പോർട്ട് തയ്യാറാക്കുന്നതിനായി കമ്മിറ്റി നിരീക്ഷിച്ചു.

ഡൽഹിയിൽ ആരോഗ്യരംഗത്ത് അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിന് സർക്കാരിനെ സഹായിക്കുന്നതിനായി രൂപീകരിച്ച അഞ്ചംഗ സമിതി ശനിയാഴ്ച സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചു. എന്നാൽ ഇത് ഇതുവരെ പരസ്യമാക്കിയിട്ടില്ല. ഈ മാസം അവസാനത്തോടെ ഡൽഹിയിൽ 15,000 കിടക്കകളും ജൂലൈ പകുതിയോടെ 42,000 കിടക്കകളും ആവശ്യമായി വരുമെന്ന് കമ്മിറ്റി അംഗങ്ങളിൽ ഒരാൾ റിപ്പോർട്ടിലെ ശുപാർശകളെക്കുറിച്ച് ഹിന്ദുസ്ഥാൻ ടൈംസിനോട് പറഞ്ഞു.

ഡൽഹിയിൽ നിലവിൽ 25,000 കോവിഡ് കേസുകളുണ്ട്. രോഗം ഇരട്ടിക്കുന്ന സമയം 14 മുതൽ 15 ദിവസമാണ്. ഇതിനർഥം, ജൂൺ പകുതിയോടെ 50,000 കേസുകളും മാസാവസാനത്തോടെ ഒരു ലക്ഷം കേസുകളും ഉണ്ടാകും. ഈ രോഗികളിൽ 20 മുതൽ 25 ശതമാനം പേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വരുമെന്ന് കണക്കാക്കിയാൽ ഈ മാസം അവസാനത്തോടെ ഡൽഹിയിൽ 15,000 കിടക്കകളും ജൂലൈ പകുതിയോടെ 42,000 കിടക്കകളും ആവശ്യമാണ്. – അഞ്ചംഗ സമിതി ചെയർമാൻ ഡോ. മഹേഷ് വർമ്മ ഹിന്ദുസ്ഥാൻ ടൈംസിനോട് പറഞ്ഞു.

റിപ്പോർട്ടുകൾ അനുസരിച്ച് കോവിഡ് രോഗികളുടെ ചികിത്സയ്ക്കായി ദേശീയ തലസ്ഥാന പ്രദേശത്ത് 8,600 കിടക്കകളുണ്ട്. ഇതിൽ 49 ശതമാനവും ഇതിനകം ഉപയോഗത്തിലാണ്. കിടക്കകളുടെ എണ്ണം ജൂൺ പകുതിയോടെ 9,800 ആയി ഉയർത്താനുള്ള ശ്രമത്തിലാണ് ഡൽഹി സർക്കാർ.

pathram desk 2:
Leave a Comment