കോവിഡ് ടെസ്റ്റ് എണ്ണം കൂട്ടിയാല്‍ അമേരിക്കയേക്കാള്‍ കൂടുതല്‍ രോഗികള്‍ ഇന്ത്യയിലുണ്ടാകും: ട്രംപ്

കൊവിഡ് പരിശോധന വര്‍ധിപ്പിച്ചാല്‍ അമേരിക്കയേക്കാള്‍ കൂടുതല്‍ രോഗബാധിതരുണ്ടാകുക ഇന്ത്യയിലും ചൈനയിലും എന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. ലോകത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതര്‍ അമേരിക്കയിലാണെന്നതിന്റെ കാരണവും ട്രംപ് ചൂണ്ടിക്കാണിക്കുന്നു. കൊറോണ വൈറസ് വ്യാപനം ആരംഭിച്ചപ്പോള്‍ മുതല്‍ അമേരിക്കയില്‍ കൊവിഡ് ടെസ്റ്റുകള്‍ ആരംഭിച്ചിരുന്നു. അതിനാലാണ് അമേരിക്കയില്‍ ഏറ്റവും കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെന്നും ട്രംപ്.

അമേരിക്കയില്‍ രണ്ട് കോടിയോളം കൊവിഡ് ടെസ്റ്റുകള്‍ നടത്തി. എന്നാല്‍ ജര്‍മനിയില്‍ നടത്തിയത് 40 ലക്ഷത്തോളം ടെസ്റ്റുകളാണ്. ദക്ഷിണ കൊറിയയില്‍ 30 ലക്ഷം ടെസ്റ്റുകളാണ് നടത്തപ്പെട്ടത്. എന്നാല്‍ കൂടുതല്‍ ടെസ്റ്റ് നടത്തിയാല്‍ രോഗികളുടെ എണ്ണം കൂടും. ഇന്ത്യയിലോ ചൈനയിലോ ഇത്തരത്തില്‍ ടെസ്റ്റുകളുടെ എണ്ണം കൂട്ടിയാല്‍ കൊവിഡ് ബാധിതരുടെ എണ്ണം കൂടുമെന്നും ട്രംപ്.

കണക്കുകളനുസരിച്ച് ലോകരാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിച്ചവരുള്ളത് അമേരിക്കയിലാണ്. പത്തൊന്‍പത് ലക്ഷത്തില്‍ അധികം ആളുകള്‍ക്ക് രാജ്യത്ത് കൊവിഡ് ബാധ സ്ഥിരീകരിച്ചതില്‍, ഒരു ലക്ഷത്തില്‍ അധികം ആളുകള്‍ മരിച്ചു. എന്നാല്‍ കൊവിഡിന്റെ പ്രഭവകേന്ദ്രമായ ചൈന രോഗം ബാധിച്ചവരുടെ നിരക്കില്‍ 18ാം സ്ഥാനത്താണ്. നാലായിരത്തില്‍ അധികം ആളുകള്‍ ആണ് ചൈനയില്‍ മരിച്ചത്.

അതേസമയം കൊവിഡ് രൂക്ഷമായ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ആറാം സ്ഥാനത്തെത്തിയിരുന്നു. പോസിറ്റീവ് കേസുകളുടെ എണ്ണത്തില്‍ രാജ്യം ഇറ്റലിയെ മറികടന്നു. ആകെ പോസിറ്റീവ് കേസുകള്‍ 236,657 ആയി. 24 മണിക്കൂറിനിടെ പതിനായിരത്തിന് അടുത്ത് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഒറ്റ ദിവസം 294 പേരാണ് മരിച്ചത്. അഞ്ച് ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഡല്‍ഹിയിലെ എന്‍ഫോഴ്‌സ്‌മെന്റ് ആസ്ഥാനം അടച്ചുപൂട്ടി. മഹാരാഷ്ട്രയില്‍ രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ കൂടി രോഗം ബാധിച്ച് മരിച്ചു.

pathram:
Leave a Comment