ക്വാറന്റീനില്‍ കഴിയുന്നവര്‍ ‘അനങ്ങി’യാല്‍ പൊലീസ് അറിയും..!!!

വീടുകളില്‍ ക്വാറന്റീനില്‍ കഴിയുന്നവര്‍ പുറത്തിറങ്ങുന്നുണ്ടോ എന്നു കണ്ടെത്താന്‍ അവരുടെ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ വിവരങ്ങള്‍ മൊബൈല്‍ സേവന കമ്പനികളില്‍ നിന്നു ശേഖരിക്കാന്‍ സര്‍ക്കാര്‍ പൊലീസിന് അനുമതി നല്‍കി. ക്വാറന്റീനിലുള്ളവരുടെ വാസസ്ഥലത്തെ ഒരു ഭൂവേലിക്കുള്ളിലാക്കി അവിടെ നിന്നു പുറത്തു കടന്നാല്‍ ഉടന്‍ പൊലീസിന് എസ്എംഎസ്, ഇമെയില്‍ വഴി മുന്നറിയിപ്പ് എത്തിക്കുന്ന സോഫ്റ്റ്‌വെയറും തയാറാക്കി.

വീടുകളില്‍ ക്വാറന്റീനില്‍ കഴിയുന്നവരെ നിരീക്ഷിക്കണമെന്നു തദ്ദേശ സ്ഥാപനങ്ങളോടും ആരോഗ്യപ്രവര്‍ത്തകരോടും അയല്‍വാസികളോടും സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ചിലര്‍ കണ്ണുവെട്ടിച്ചു പുറത്തിറങ്ങുന്നുണ്ട്. ഇതോടെയാണു മുഴുവന്‍ പേരുടെയും ടവര്‍ ലൊക്കേഷന്‍ ശേഖരിക്കാന്‍ ഇന്ത്യന്‍ ടെലഗ്രാഫ് ആക്ട് 1885 പ്രകാരം ആഭ്യന്തര സെക്രട്ടറി ടി.കെ.ജോസ് പൊലീസിനു വ്യാഴാഴ്ച അനുമതി നല്‍കിയത്.ടെലികോം വകുപ്പും സെന്റര്‍ ഫോര്‍ ഡവലപ്‌മെന്റ് ഓഫ് ടെലിമാറ്റിക്‌സും ചേര്‍ന്നാണ് കോവിഡ് 19 ക്വാറന്റീന്‍ അലര്‍ട്ട് സിസ്റ്റം എന്ന സോഫ്റ്റ്‌വെയര്‍ തയാറാക്കിയത്. ക്വാറന്റീനില്‍ നിന്നു മുങ്ങുന്നവരുടെ ടവര്‍ ലൊക്കേഷന്‍ ഡേറ്റ മൊബൈല്‍ സേവനദാതാക്കളില്‍ നിന്ന് അടിക്കടി ശേഖരിച്ച് ഈ സോഫ്റ്റ്‌വെയറിന്റെ സഹായത്തോടെ ഇവരെ കണ്ടെത്തും.

ക്വാറന്റീന്‍ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കേസെടുക്കും. 30 ദിവസത്തേക്കാണ് ടവര്‍ ലൊക്കേഷന്‍ ശേഖരിക്കുക. വ്യക്തി സ്വാതന്ത്ര്യവും സ്വകാര്യതയും ഹനിക്കുന്ന തരത്തില്‍ മറ്റൊരു ആവശ്യങ്ങള്‍ക്കും ഇവ ഉപയോഗിക്കരുതെന്ന മുന്നറിയിപ്പോടെയാണ് ആഭ്യന്തര സെക്രട്ടറിയുടെ അനുമതി.

FOLLOW US- PATHRAM ONLINE

pathram:
Related Post
Leave a Comment