കൊലപാതകം നടത്തിയ വിധം പൊലീസിനോടു കൂസലില്ലാതെ വിവരിച്ച് പ്രതി

കോട്ടയം: പൊലീസ് പിടിയിലായ ശേഷം ഷാനി മന്‍സിലിലേക്ക് വീണ്ടും മുഹമ്മദ് ബിലാല്‍ എത്തിയത് ഒരുകൂസലുമില്ലാത്ത മുഖഭാവത്തോടെ. വ്യാഴാഴ്ച വൈകിട്ട് അഞ്ചിനാണ് ബിലാലിനെ തെളിവെടുപ്പിനായി വന്‍ പൊലീസ് സംഘത്തിന്റെ സാന്നിധ്യത്തില്‍ പാറേപ്പാടത്തെ ഷാനി മന്‍സിലില്‍ എത്തിച്ചത്. വീടിന്റെ വരാന്തയില്‍ നിന്ന് അന്നത്തെ സംഭവങ്ങള്‍ ജില്ലാ പൊലീസ് മേധാവി ജി.ജയ്‌ദേവ് അടക്കമുള്ള അന്വേഷണ ഉദ്യോഗസ്ഥരോടു ബിലാല്‍ വിവരിച്ചു. തുടര്‍ന്ന് പ്രതിയെക്കൊണ്ടു തന്നെ വീടിന്റെ വാതില്‍ തുറപ്പിച്ച് പ്രധാന ഹാളില്‍ എത്തിച്ചു. കൊലപാതകം നടത്തിയ വിധം പൊലീസിനോടു പ്രതി വിവരിച്ചു. വീടിന്റെ പിന്‍ഭാഗത്ത് എത്തിച്ചും തെളിവെടുത്തു.

നൂറുകണക്കിനു പേരാണ് പ്രദേശത്ത് തടിച്ചുകൂടിയത്. ആളുകളെ നിയന്ത്രിക്കാന്‍ പൊലീസ് വീടിനു മുന്നിലെ റോഡില്‍ വടം കെട്ടിയിരുന്നു. കാറുമായി രക്ഷപ്പെടുന്നതിനിടെ കയറിയ ചെങ്ങളത്തെ പെട്രോള്‍ പമ്പില്‍ ബിലാലിനെ എത്തിക്കാന്‍ സാധ്യതയുണ്ടെന്ന് അറിഞ്ഞ് അവിടെയും ആളുകള്‍ കാത്തു നിന്നിരുന്നു. അവിടെ തെളിവെടുപ്പ് നടത്തിയില്ല. കൊലപാതകത്തിനു ശേഷം കാറുമായി കടന്ന മുഹമ്മദ് ബിലാലിന്റെ യാത്ര സാധാരണ വഴിയില്‍ നിന്നു മാറിയായിരുന്നു. ചെങ്ങളത്തെ പെട്രോള്‍ പമ്പില്‍ കയറിയ ശേഷം വൈക്കം വഴി ആലപ്പുഴയിലേക്ക്.

ആലപ്പുഴ നഗരത്തിലെ മുഹമ്മദന്‍സ് സ്‌കൂളിനു സമീപം കാര്‍ ഉപേക്ഷിച്ചു. മൂന്നാം ക്ലാസ് വരെ ബിലാല്‍ പഠിച്ചത് ഈ സ്‌കൂളിലായിരുന്നു. അന്ന് ആലപ്പുഴ വട്ടപ്പള്ളിയിലെ ബന്ധുവിന്റെ വീട്ടില്‍ താമസിച്ചായിരുന്നു പഠനം. കാര്‍ മൂടിയിട്ട ശേഷം ആലപ്പുഴയില്‍ നിന്നു ബസുകള്‍ മാറിക്കയറി എറണാകുളത്ത് എത്തി. ഇതിനിടെ ഇടപ്പള്ളിയിലെ ഹോട്ടലില്‍ ജോലി സംഘടിപ്പിച്ചു. നന്നായി പാചകം അറിയുന്ന ബിലാലിനെക്കുറിച്ചു കാര്യമായി അന്വേഷിക്കാതെയാണു ഹോട്ടലുകാര്‍ ജോലിക്ക് എടുത്തതെന്നാണു വിവരം.

follow us – pathram online

pathram:
Related Post
Leave a Comment