ആദ്യം 12 വിമാനം വരട്ടെ, എന്നിട്ട് പോരെ 24നെ കുറിച്ച് പറയുന്നത്; മുരളീധരന് മറുപടിയുമായി മുഖ്യമന്ത്രി

പ്രവാസികളെ തിരിച്ചെത്തിക്കുന്നതിനുള്ള വിമാനങ്ങള്‍ക്ക് കേരളം അനുമതി നല്‍കിയില്ലെന്ന വി. മുരളീധരന്റെ ആരോപണത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതുവരെ അനുമതി നല്‍കിയ വിമാനങ്ങള്‍ പോലും ഷെഡ്യൂള്‍ ചെയ്യാന്‍ കേന്ദ്രത്തിന് സാധിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഗള്‍ഫില്‍ നിന്നുള്ള വിമാനങ്ങള്‍ ഷെഡ്യൂള്‍ ചെയ്യുന്ന കാര്യത്തില്‍ സംസ്ഥാനം കേന്ദ്രത്തെ കുറ്റപ്പെടുത്തിയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രം ഡെഷ്യൂള്‍ ചെയ്യുന്നത് സ്വീകരിക്കാന്‍ സംസ്ഥാനം തയ്യാറാണ് എന്നാണ് പറഞ്ഞത്. ദേശീയ തലത്തില്‍ ഷെഡ്യൂള്‍ ചെയ്യുന്നതില്‍ ചില പ്രയാസങ്ങളുടെ ഭാഗമായാണ് ഇത് സംഭവിക്കുന്നതെന്നാണ് കരുതുന്നത്. അതവര്‍ നികത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജൂണ്‍ മൂന്ന് മുതല്‍ ദിവസം 12 വിമാനങ്ങള്‍ വീതം എത്തുമെന്നാണ് അറിയിച്ചത്. ഇതിന് അനുമതി നല്‍കുകയും ചെയ്തു. ഇതനുസരിച്ച് ജൂണ്‍ മൂന്ന് മുതല്‍ 10 വരെ 84 വിമാനങ്ങള്‍ സംസ്ഥാനത്ത് എത്തണം. എന്നാല്‍ ഇതുവരെ 36 വിമാനങ്ങള്‍ മാത്രമേ ഷെഡ്യുള്‍ ചെയ്യാന്‍ കേന്ദ്രസര്‍ക്കാരിന് കഴിഞ്ഞുള്ളൂ. ഇനിയും 48 എണ്ണം ഷെഡ്യൂള്‍ ചെയ്യാനുണ്ട്. ഇപ്പോള്‍ പറഞ്ഞിട്ടുള്ള 12 എണ്ണം നടപ്പാക്കിയിട്ട പോരെ 24 എണ്ണത്തെക്കുറിച്ച് സംസാരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്ക് അനുമതി നല്‍കുന്നില്ലെന്ന ആരോപണത്തിനും മുഖ്യമന്ത്രി മറുപടി നല്‍കി. സ്‌പൈസ് ജെറ്റിന് 300 സര്‍വീസ് നടത്താന്‍ അനുമതി നല്‍കി. ഒരു സംഘടനയ്ക്ക് 40 സര്‍വീസിനും അനുമതി നല്‍കി. വിവിധ സംഘടനകള്‍ക്ക് 70,712 പേരെ സംസ്ഥനത്ത് കൊണ്ടുവരാന്‍ അനുമതി നല്‍കിയിട്ടുണ്ട്. അമിത ചാര്‍ജ് ഈടാക്കരുതെന്നും മുന്‍ഗണനാ വിഭാഗങ്ങള്‍ക്ക് ആദ്യ പരിഗണന നല്‍കണമെന്നും മാത്രം രണ്ട് നിബന്ധകളാണ് സര്‍ക്കാര്‍ മുന്നോട്ട് വച്ചിട്ടുള്ളതെന്നും കമ്പനികള്‍ ചാര്‍ട്ടേഡ് വിമാനം സര്‍വീസ് നടത്തുന്നതിന് യാതൊരു നിബന്ധനകളും ഇല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്തിന്റെ നിബന്ധന എങ്ങനെയാണ് തടസമാകുന്നതെന്നും അദ്ദേഹം ചോദിച്ചു. സര്‍ക്കാരിനെ സംബന്ധിച്ച് കോവിഡിനെ നേരിടുക എന്നതാണ് പരമപ്രധാനം. അല്ലാതെ ഇതില്‍ രാഷ്ട്രീയ അവസരമുണ്ടോ എന്ന് പരതി നടക്കലല്ല. ചിലര്‍ ഇതിനെ പ്രത്യേക അവസരമായി കാണുന്നുണ്ടാകാം. അവര്‍ സര്‍ക്കാരിനെതിരേയുള്ള പ്രചരണത്തിനുള്ള വേദിയായി ഇതിനെയും മാറ്റാന്‍ ശ്രമിക്കുകയാണ്. ഒരു സംഘടന ഏര്‍പ്പാട് ചെയ്ത വിമാനം യാത്ര പുറുപ്പെട്ടില്ല. കേരളം അനുമതി നല്‍കാത്തതുകൊണ്ട് എന്ന് പ്രചാരണം വന്നു. യഥാര്‍ത്ഥത്തില്‍ അവിടെ അനുമതി കിട്ടാത്തതായിരുന്നു പ്രശ്‌നമെന്നും അദ്ദേഹം പറഞ്ഞു.

follow us pathram online

pathram:
Related Post
Leave a Comment