ഇന്ത്യയിൽ ആദ്യമായി കോവിഡ് -19 കേസ് സ്ഥിരീകരിക്കുന്നത് ജനുവരി 30-നാണ്. കേരളത്തിലായിരുന്നു ഇത്. എന്നാൽ ചൈനയിലെ വുഹാനിൽനിന്ന് വ്യാപിച്ച കൊറോണ വൈറസിന്റെ വിഭാഗത്തിന്റെ പൂർവ്വികൻ 2019 നവംബർ മുതൽ രാജ്യത്തുണ്ടായിരുന്നുവെന്ന് ഇന്ത്യൻ ഗവേഷണ സ്ഥാപനങ്ങളിലെ ശാസ്ത്രജ്ഞർ വെളിപ്പെടുത്തുന്നു.
ശാസ്ത്രജ്ഞരുടെ അഭിപ്രായത്തിൽ, വൈറസിന്റെ ഇന്ത്യൻ വിഭാഗത്തിലെ ഏറ്റവും പുതിയ പൊതുപൂർവ്വികൻ (എംആർസിഎ) 2019 ഡിസംബർ 11-ഓടെ രാജ്യത്തെത്തിയിരുന്നു. നവംബർ 26-നും ഡിസംബർ 25-നും ഇടയിൽ തെലങ്കാനയിലും മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളിലും വൈറസ് പടർന്നിട്ടുണ്ടാകാമെന്നാണ് ശാസ്ത്രജ്ഞർ കരുതുന്നത്.
എന്നാൽ അക്കാലത്ത് വലിയ തോതിലുള്ള കൊറോണ വൈറസ് പരിശോധനകൾ നടന്നിട്ടില്ലാത്തതിനാൽ തന്നെ ചൈനയിൽ നിന്നുള്ള യാത്രക്കാർ വഴിയാണോ ഇത് ഇന്ത്യയിലെത്തിയത് എന്ന കാര്യം വ്യക്തമല്ല. കേരളത്തിൽ കണ്ടെത്തിയ വൈറസ് വിഭാഗത്തിന് ചൈനയിലെ വുഹാനിലെ വൈറസുമായായിരുന്നു ബന്ധം. എന്നാൽ ഹൈദരാബാദിൽ തിരിച്ചറിഞ്ഞ വൈറസ് തെക്കുകിഴക്കൻ ഏഷ്യൻ രാജ്യത്താണ് ഉത്ഭവിച്ചതെന്നാണ് കരുതുന്നത്. ഈ വിഭാഗത്തിലുള്ള വൈറസ് ഏത് രാജ്യത്താണ് ഉത്ഭവിച്ചതെന്ന് ഇതുവരെ വ്യക്തമായിട്ടില്ലെന്ന് സിസിഎംബി ഡയറക്ടർ ഡോ. രാകേഷ് മിശ്ര പറഞ്ഞു.
ഹൈദരാബാദിലെ സെന്റർ ഫോർ സെല്ലുലാർ ആന്റ് മോളിക്യുലർ ബയോളജി (സിസിഎംബി), മറ്റ് സ്ഥാപനങ്ങൾ എന്നിവയിലെ ശാസ്ത്രജ്ഞർ കേരളത്തിലെ വൈറസിൽ നിന്ന് ഒരു വേറിട്ട വിഭാഗത്തെ കണ്ടെത്തിയിരുന്നു. ഇതിന്റെ ഏറ്റവും പുതിയ പൊതു പൂർവ്വികൻ ജനുവരി 17-നും ഫെബ്രുവരി 25-നും ഇടയിൽ ഇന്ത്യയിൽ എത്തിയിരുന്നതായി എംആർസിഎ കണ്ടെത്തി. ഇന്ത്യയിലെ മറ്റൊരു കൊറോണ വൈറസ് വിഭാഗമാകട്ടെ ഡിസംബർ 13 മുതൽ ജനുവരി 22 വരെയുളള കാലത്ത് പ്രചരിച്ചിരുന്നതായും കണക്കാക്കുന്നു.
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്സ് ആൻഡ് ഇന്റഗ്രേറ്റീവ് ബയോളജി (ഡൽഹി), അക്കാദമി ഓഫ് സയന്റിഫിക് ആൻഡ് ഇന്നൊവേറ്റീവ് റിസർച്ച് (ഗാസിയാബാദ്) എന്നിവിടങ്ങളിലെ വിദഗ്ധരും ഗവേഷണ സംഘത്തിൽ ഉൾപ്പെടുന്നു.
Corona latest news
Follow us on pathram online
Leave a Comment