ബെയ്ത് ലഹിയ പട്ടണത്തിൽ വീടുകൾക്കും അഭയാർഥി ക്യാംപിനും നേരെ ആക്രമണം; 12 മരണം- 20 കാറുകൾ തീയിട്ട് നശിപ്പിച്ചു: യുഎൻ ഏജൻസിയുമായി ഉണ്ടാക്കിയ ധാരണ റദ്ദാക്കിയതായി ഇസ്രയേൽ

ഗാസ: വടക്കൻ ഗാസയിൽ ആക്രമണം ശക്തം. ബെയ്ത് ലഹിയ പട്ടണത്തിലെ 2 വീടുകളിലും നുസീറത് അയാർഥി ക്യാംപിലെ ഒരു വീടിനു നേരെയും ഇസ്രയേൽ സേന നടത്തിയ ആക്രമണങ്ങളിൽ 12 പലസ്തീൻകാർ കൊല്ലപ്പെട്ടു. ഒട്ടേറെ പേർക്കു പരുക്കേറ്റു. ജബാലിയ, ബെയ്ത് ഹനൂൻ എന്നിവിടങ്ങളിൽ ഇസ്രയേൽ ടാങ്ക് ആക്രമണം ശക്തമാക്കി.

ദക്ഷിണ ലബനനിലെ അൽ സുൽത്താനിയ ഗ്രാമത്തിൽ നടത്തിയ ആക്രമണത്തിൽ ഹിസ്ബുല്ലയുടെ റദ്വാൻ ഫോഴ്സിന്റെ മിസൈൽ യൂണിറ്റ് കമാൻഡർ റിയാദ് റിദ ഗസാവിയെ വധിച്ചതായി ഇസ്രയേൽ സേന അറിയിച്ചു. ഇതേസമയം, സിറിയയുടെ തലസ്ഥാനമായ ഡമാസ്കസിനു സമീപം ഇസ്രയേൽ ആക്രമണം നടത്തിയതായി സിറിയയുടെ പ്രതിരോധ മന്ത്രാലയം അറിയിച്ചു. സയീദ സീനാബ് പ്രദേശത്തെ ലക്ഷ്യമിട്ട ആക്രമണത്തിൽ വൻ സ്ഫോടനമുണ്ടായി. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. പലസ്തീനിലെ റാമല്ലയിലെ അൽ ബിറേയിൽ ജൂതകുടിയേറ്റക്കാർ പലസ്തീൻകാരുടെ 20 കാറുകൾ കത്തിച്ചു.

ഗാസയിൽ പലസ്തീൻ അഭയാർഥികൾക്ക് സഹായം എത്തിക്കുന്നതിന് യുഎൻ ഏജൻസിയുമായി ഉണ്ടാക്കിയിരുന്ന ധാരണ റദ്ദാക്കിയതായി ഇസ്രയേൽ അറിയിച്ചു. നിഷ്പക്ഷമായി സഹായം എത്തിക്കുന്നതിൽ അവർ പരാജയപ്പെട്ടതിനാലാണിതെന്നും പറഞ്ഞു. വടക്കൻ ഗാസ മുനമ്പിലെ വാക്സിനേഷൻ ക്ലിനിക്ക് ആക്രമിച്ചെന്ന ആരോപണം ഇസ്രയേൽ സേന നിഷേധിച്ചു.ഇതിനിടെ, ഗാസയിലെ രഹസ്യവിവരങ്ങൾ ഇസ്രയേൽ പ്രധാനമന്ത്രി ബന്യാമിൻ നെതന്യാഹുവിന്റെ അടുത്ത അനുയായി ചോർത്തിയെന്ന വാർത്ത ഇസ്രയേലിൽ വിവാദമായിട്ടുണ്ട്. ഇസ്രയേൽ സേനയ്ക്കു നഷ്ടമുണ്ടാക്കാൻ ഇതിടയാക്കിയെന്നാണ് ആരോപണം. ഗാസയിലെ സംഘർഷത്തിൽ കൊല്ലപ്പെട്ട പലസ്തീൻകാരുടെ എണ്ണം 43,374 ആയി.

pathram desk 5:
Related Post
Leave a Comment