ശബ്ദം തടയാൻ ഇരയുടെ പിന്നിലൂടെയെത്തി സ്വനപേടകത്തിൽ ആയുധം കുത്തിയിറക്കും; രാജേന്ദ്രൻ തമിഴ്നാട്ടിൽ മൂന്ന് കൊല നടത്തിയത് സമാന മാതൃകയിൽ; ആയുധവും സമാന മാതൃകയിലുള്ളത്

തിരുവനന്തപുരം∙ പേരൂർക്കടയിലെ അലങ്കാരച്ചെടി വിൽപ്പനശാലയിലെ ജീവനക്കാരിയെ കൊലപ്പെടുത്തിയ കേസിൽ നിർണായക മൊഴിയുമായി ഫൊറൻസിക് വിദഗ്ധൻ. നെടുമങ്ങാട് സ്വദേശിനി വിനീതയെ കൊലപ്പെടുത്തിയ അതേ രീതിയിലാണ് പ്രതി തമിഴ്നാട്ടിൽ കസ്റ്റംസ് ഓഫിസറെയും കുടുംബത്തെയും കൊന്നതെന്ന് കന്യാകുമാരി ആശാരിപളളം സർക്കാർ മെഡിക്കൽ കോളേജിലെ ഫൊറൻസിക് വിദഗ്ധനായ ഡോ. ആർ. രാജ മുരുഗൻ കോടതിയിൽ മൊഴി നൽകി.

2022 ഫെബ്രുവരി ആറിനായിരുന്നു വിനീത കൊല്ലപ്പെട്ടത്. പേരൂർക്കടയിലെ അലങ്കാരച്ചെടി വിൽപ്പനശാലയിലെത്തിയ തമിഴ്നാട് കന്യാകുമാരി തോവാള വെളളമഠം രാജീവ് നഗർ സ്വദേശി രാജേന്ദ്രൻ കടയിലെ ജീവനക്കാരി വിനീതയെ കൊലപ്പെടുത്തിയ ശേഷം നാലര പവൻ തൂക്കമുളള സ്വർണമാല കവരുകയായിരുന്നു. കൊലപാതകത്തിന് ശേഷം തമിഴ്നാട്ടിലേക്ക് കടന്ന പ്രതിയെ തോവാള കാവൽക്കിണറിന് സമീപത്തെ ലോഡ്ജിൽ നിന്നാണ് പേരൂർക്കട പൊലീസ് പിടികൂടിയത്.

വിനീതയുടെ കൊലപാതകത്തിനു സമാനമായ രീതിയിൽ 2017ൽ കന്യാകുമാരി തോവാള വെളളമഠം സ്വദേശിയും കസ്റ്റംസ് ഓഫിസറുമായ സുബ്ബയ്യ, ഭാര്യ വാസന്തി, മകൾ അഭിശ്രീ (13) എന്നിവരെ രാജേന്ദ്രൻ കൊലപ്പെടുത്തിയിരുന്നു. ആ കേസിൽ പോസ്റ്റ്‌മോർട്ടം നടത്തിയത് ഡോ. രാജ മുരുഗൻ ആയിരുന്നു. കോടതിയിൽ കാണിച്ച വിനീതയുടെ പോസ്റ്റ്മാർട്ടം റിപ്പോർട്ടിലെ കൊലപാതക രീതിയും താൻ തമിഴ്നാട്ടിൽ ചെയ്ത 3 പോസ്റ്റ്മാർട്ടത്തിലുള്ള ഇരകളുടെ കൊലപാതക രീതിയും സമാനമാണെന്നും ഇരകളുടെ ശബ്ദം പുറത്തു വരാതിരിക്കാൻ സ്വനപേടകത്തിന് മുറിവേൽപ്പിക്കുന്ന രീതിയാണ് പ്രതി അവലംബിക്കുന്നതെന്നും ഡോ. രാജ മുരുഗൻ കോടതിയെ അറിയിച്ചു.

മുറിവിന്റെ ആഴവും കൊലയ്ക്ക് ഉപയോഗിച്ച ആയുധവും ഒരുപോലെ ഉള്ളതാണെന്നും ഡോക്ടർ പറഞ്ഞു. പ്രതി ഇരയുടെ പുറകിലൂടെ എത്തി കഴുത്തിൽ കത്തി കുത്തിയിറക്കി ആഴത്തിൽ മുറിവ് ഉണ്ടാക്കും. ഈ മുറിവ് പിന്നീട് മരണകാരണമായി തീരുമെന്നും ഡോക്ടർ നൽകിയ മൊഴിയിൽ പറയുന്നു.

തമിഴ്നാട് കൊലപാതക കേസിൽ ജാമ്യത്തിൽ കഴിഞ്ഞ അതേ ലോഡ്ജിൽനിന്നാണ് പൊലീസ് ഇയാളെ അന്ന് പിടികൂടിയത്. ഫെബ്രുവരി 11ന് പൊലീസ് എത്തി രാജേന്ദ്രനെ പിടികൂടുകയും രാജേന്ദ്രന്റെ മുറി പരിശോധിക്കുകയും ചെയ്തു. മുറിയിൽനിന്ന് ഭാരത് ഫൈനാൻസിൽ സ്വർണം പണയം വച്ച കാർഡും തിരുവനന്തപുരം പേരൂർക്കട ആശുപത്രിയിൽ ചികിത്സിച്ച രേഖകളും കണ്ടെടുത്തിരുന്നു.

അതോടൊപ്പം സുബ്ബയ്യയുടെയും കുടുംബത്തിന്റെയും കൊലപാതകത്തിലെ പ്രതിയാണ് കോടതിയിൽ ഉളളതെന്ന് പ്രസ്തുത കേസുകളിൽ കുറ്റപത്രം സമർപ്പിച്ച തമിഴ്നാട് സിബിസിഐഡി ഇൻസ്പെക്ടർ എൻ. പാർവതിയും മൊഴി നൽകി. പ്രോസിക്യൂട്ടർ എം. സലാഹുദ്ദീനാണ് തമിഴ്നാട് പൊലീസ് ഉദ്യോഗസ്ഥരെയും പോസ്റ്റ്‌മോർട്ടം ചെയ്ത ഡോക്ടറെയും വിളിച്ചു വരുത്തണമെന്ന് കോടതിയോട് ആവശ്യപ്പെട്ടത്. പ്രതിയുടെ കൊലപാതകത്തിലെ സമാനതകളും പ്രതി സ്വർണത്തിന് വേണ്ടിയാണ് മൂന്നു കൊലപാതകങ്ങളും ചെയ്തതെന്നും കോടതിയെ ബോധ്യപ്പെടുത്തുന്നതിനായിരുന്നു സാക്ഷികളെ തമിഴ്നാട്ടിൽനിന്നെത്തിച്ചത്.

pathram desk 5:
Related Post
Leave a Comment