ദേവിക ആത്മഹത്യ ചെയ്ത സംഭവം ഹൃദയഭേദകമെന്ന് ഹൈക്കോടതി

കൊച്ചി: ഓണ്‍ലൈനായി പഠിക്കുന്നതിന് വീട്ടില്‍ സൗകര്യമില്ലാത്തതിനാല്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയായ ദേവിക ആത്മഹത്യ ചെയ്ത സംഭവം ഹൃദയഭേദകമെന്ന് ഹൈക്കോടതി. വിദ്യാഭ്യാസ അവകാശ നിയമം നിലനില്‍ക്കുന്ന രാജ്യത്താണ് ഇങ്ങനെ സംഭവിക്കുന്നത് എന്നു വ്യക്തമാക്കിയ കോടതി ഓണ്‍ലൈന്‍ ക്ലാസുകളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പൊതുതാല്‍പര്യമുള്ള വിഷയമാണെന്നും ചൂണ്ടിക്കാട്ടി.

ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് ചില സിബിഎസ്ഇ സ്‌കൂളുകള്‍ അമിത ഫീസ് ഈടാക്കുന്നു ചൂണ്ടിക്കാണിച്ച് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ നിരീക്ഷണം. ജസ്റ്റിസ് സി.എസ്. ഡയസ് ആണ് കേസ് പരിഗണിച്ചത്. പൊതുതാല്‍പര്യമുള്ള വിഷയങ്ങള്‍ ആയതിനാല്‍ ദേവികയുടെ മരണം ഉള്‍പ്പടെയുള്ള വിഷയങ്ങള്‍ പരിഗണിക്കുന്നതിന് ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിലേക്ക് വിട്ടു.

കഴിഞ്ഞ ദിവസമാണ് ഓണ്‍ലൈനായി ക്ലാസുകള്‍ തുടങ്ങിയിട്ടും വീട്ടിലെ ടിവി നന്നാക്കാന്‍ പണമില്ലാത്തതിനാല്‍ പഠനം നടക്കാത്തതില്‍ മനംനൊന്ത് മലപ്പുറം വളാഞ്ചേരി സ്വദേശിനിയായ ദേവിക ആത്മഹത്യ ചെയ്തത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്. ടിവിയോ ഫോണോ ഇല്ലാത്ത കുട്ടികള്‍ക്ക് ബദല്‍ സംവിധാനം ഏര്‍പ്പെടുത്തുന്നത് ആലോചിക്കുന്നതിനിടെയാണ് നാടിന് നൊമ്പരം നല്‍കി പഠിക്കാന്‍ മിഠുക്കിയായിരുന്ന ദേവിക മരണത്തിന് കീഴടങ്ങിയത്. വളാഞ്ചേരി ഇരിമ്പിളിയം തിരുനിലം പുളിയാപ്പറ്റക്കുഴി കുളത്തിങ്ങല്‍ ബാലകൃഷ്ണന്റെയും ഷീബയുടെയും മകളാണ് ദേവിക. വീടിനടുത്തുള്ള ആളില്ലാത്ത വീട്ടില്‍ പൊള്ളലേറ്റ് മരിച്ച നിലയിലാണ് ദേവികയെ കണ്ടെത്തിയത്‌.

Follow us _ pathram online

pathram:
Related Post
Leave a Comment