സംസ്ഥാനത്ത് നാളെ മുതല്‍ ആരംഭിക്കുന്ന ട്രെയിന്‍ സര്‍വീസുകള്‍…

കൊച്ചി: ലോക്ക്ഡൗണ്‍ ഇളവുകളെതുടര്‍ന്നു ട്രെയിന്‍ ഗതാഗതം ഭാഗികമായി പുനരാരംഭിക്കുന്നതിന്റെ ഭാഗമായി നാളെ മുതല്‍ എറണാകുളംതിരുവനന്തപുരം പാതയില്‍ ഒരു സ്‌പെഷല്‍ ട്രെയിന്‍ സര്‍വീസ് നടത്തുമെന്നു റെയില്‍വേ. തിങ്കള്‍ മുതല്‍ കേരളത്തില്‍ സര്‍വീസ് തുടങ്ങുന്ന ജന്‍ ശതാബ്തി എക്‌സ്പ്രസ് അടക്കമുള്ള നാലു ട്രെയിന്‍ സര്‍വീസുകള്‍ക്കു പുറമേയാണിത്.

കൊല്ലം, ചെങ്ങന്നൂര്‍, തിരുവല്ല, കോട്ടയം സ്‌റ്റേഷനുകളില്‍ മാത്രമായിരിക്കും സ്‌റ്റോപ്പ്. ഒരു എസി ചെയര്‍ കാര്‍, 18 സെക്കന്‍ഡ് ക്ലാസ് ചെയര്‍ കാര്‍ കോച്ചുകളാണു ട്രെയിനിലുണ്ടാവുക. നാളെ മുതല്‍ 9 വരെ രാവിലെ 7.45ന് തിരുവനന്തപുരം സെന്‍ട്രലില്‍നിന്നു പുറപ്പെടുന്ന ട്രെയിന്‍ (06302) ഉച്ചക്ക് 12.30ന് എറണാകുളം ജങ്ഷനിലെത്തും. ഉച്ചയ്ക്ക് ഒന്നിന് എറണാകുളത്തുനിന്നുള്ള സര്‍വീസ് (06301) വൈകിട്ട് 5.30ന് തിരുവനന്തപുരത്തെത്തും.

ജൂണ്‍ 10 മുതല്‍ മണ്‍സൂണ്‍ സമയക്രമത്തിലായിരിക്കും ഈ ട്രെയിനിന്റെ സര്‍വീസ്. തിരുവനന്തപുരത്തുനിന്നു പുലര്‍ച്ചെ 5.15ന് പുറപ്പെട്ട് 9.45ന് എറണാകുളത്തെത്തും. എറണാകുളത്തുനിന്നുള്ള സര്‍വീസ് സമയത്തില്‍ മാറ്റമില്ല. തിരുവനന്തപുരത്തുനിന്നുള്ള ട്രെയിനിന്റെ സമയക്രമം, ബ്രാക്കറ്റില്‍ ജൂണ്‍ 10 മുതലുള്ള സമയം: കൊല്ലം8.40 (6.10), ചെങ്ങന്നൂര്‍9.57 (7.25), തിരുവല്ല10.07 (7.35), കോട്ടയം10.42 (8.07).
എറണാകുളത്തുനിന്നുള്ള ട്രെയിനിന്റെ സമയക്രമം: കോട്ടയംഉച്ചയ്ക്ക് രണ്ടു മണി, തിരുവല്ല2.35, ചെങ്ങന്നൂര്‍2.45, കൊല്ലം4.00.

നേത്രാവതിയുടെ തിരൂര്‍ സ്‌റ്റോപ്പ് നിലനിര്‍ത്തി
കൊച്ചി: ജൂണ്‍ ഒന്നു മുതല്‍ മുംബൈ ലോക്മാന്യതിലക് ടെര്‍മിനസിനും തിരുവനന്തപുരത്തിനുമിടയില്‍ സര്‍വീസ് നടത്തുന്ന നേത്രാവതി എക്‌സ്പ്രസിന്റെ (06345, 06346) തിരൂര്‍ സ്‌റ്റോപ്പ് നിലനിര്‍ത്തി. ചെറുവത്തൂര്‍ സ്‌റ്റേഷന്‍ ഒഴിവാക്കി.

നേരത്തെ തിരൂരിനൊപ്പം ഒഴിവാക്കിയ മറ്റു സ്‌റ്റോപ്പുകളുടെ കാര്യത്തില്‍ മാറ്റമില്ല. എറണാകുളം ജങ്ഷനും ഡല്‍ഹിക്കും (ഹസ്രത്ത് നിസാമുദ്ദീന്‍) ഇടയില്‍ സര്‍വീസ് നടത്തുന്ന പ്രതിദിന പ്രത്യേക ട്രെയിനായ മംഗള ലക്ഷദ്വീപ് എക്‌സ്പ്രസിന്റെ (02617/02618) ആലുവ, പട്ടാമ്പി, കുറ്റിപ്പുറം, തിരൂര്‍, പരപ്പനങ്ങാടി, ഫറോക്, കൊയിലാണ്ടി, വടകര, തലശേരി, പഴയങ്ങാടി, പയ്യന്നൂര്‍, നീലേശ്വരം, കാഞ്ഞങ്ങാട് സ്‌റ്റോപ്പുകളും ഒഴിവാക്കിയിട്ടുണ്ട്. ജില്ലാ ആസ്ഥാനങ്ങളില്‍ മാത്രമായിരിക്കും ഇരു ട്രെയിനുകള്‍ക്കും സ്‌റ്റോപ്പുണ്ടാവുക.

pathram:
Related Post
Leave a Comment