കൊവിഡ് പശ്ചാത്തലത്തിൽ അന്താരാഷ്ട്ര വിമാന സർവീസുകൾ റദ്ദ് ചെയ്ത നടപടി ജൂൺ 30 വരെ തുടരുമെന്ന് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ. അഞ്ചാംഘട്ട ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ സംബന്ധിച്ച് ശനിയാഴ്ച്ച പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കിയ പശ്ചാത്തലത്തിലാണ് അന്താരാഷ്ട്ര വിമാന സർവീസുകളുമായി ബന്ധപ്പെട്ട് ഡിജിസിഎ തീരുമാനം അറിയിച്ചത്.
ആഭ്യന്തര സർവീസുകൾ കഴിഞ്ഞാഴ്ച്ച മുതൽ രാജ്യത്ത് ആരംഭിച്ചിരുന്നു. ലോക് ഡൗൺ പിൻവലിക്കലിന്റെ(അൺലോക്ക്) മൂന്നാം ഘട്ടത്തിൽ സ്ഥിതിഗതികൾ വിലയിരുത്തിയശേഷമേ അന്താരാഷ്ട്ര വിമാന സർവീസുകൾ പുനരാരംഭിക്കുകയുള്ളൂവെന്ന് കേന്ദ്രസർക്കാർ ശനിയാഴ്ച്ച പുറത്തിറക്കിയ മാർഗനിർദേശത്തിൽ വ്യക്തമാക്കുന്നുണ്ട്. അതേസമയം, പ്രവാസികളെ തിരിച്ചെത്തിക്കാനുള്ള വന്ദേഭാരത് സർവീസുകൾ പ്രോട്ടോക്കോൾ പ്രകാരം തുടരുമെന്നും കേന്ദ്രം വ്യക്തമാക്കി.
ജൂലൈ മാസത്തോടെ അന്താരാഷ്ട്ര വിമാന സർവീസുകൾ പുനരാരംഭിക്കാൻ കഴിയുമെന്ന പ്രതീക്ഷയാണ് കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിംഗ് പൂരി പങ്കുവയ്ക്കുന്നത്. അന്താരാഷ്ട്ര സർവീസുകൾ പുനരാരംഭിക്കുന്നത് സംബന്ധിച്ച് തീരുമാനം യഥാസമയം വിദേശ എയർലൈൻസുകളെ അറിയിക്കുമെന്നാണ് ഡിജിസിഎ പറയുന്നത്.
Leave a Comment