ജോഷിക്ക് ചികിത്സ നല്‍കിയതില്‍ വീഴ്ചയെന്ന് ആരോപണം; മരുന്നിന് 85,000 രൂപ ചെലവായെന്നും കുടുംബം

കോട്ടയം: കോവിഡ് രോഗം ബാധിച്ചു മരിച്ച തിരുവല്ല സ്വദേശി പി.ടി. ജോഷിക്ക് ചികില്‍സ നല്‍കിയതില്‍ വീഴ്ച വന്നതായി ആരോപിച്ച് കുടുംബം. പത്തനംതിട്ട ജനറല്‍ ആശുപത്രിക്ക് എതിരെയാണ് ആരോപണം. കോട്ടയം മെഡിക്കല്‍ കോളജില്‍ മരുന്നിന് 85,000 രൂപ ചെലവായെന്നും കുടുംബം പരാതി ഉന്നയിച്ചു.

അതേസമയം കുടുംബത്തിന്റെ ആരോപണം കോട്ടയം മെഡിക്കല്‍ കോളജ് നിഷേധിച്ചു. ജോഷിക്ക് വിദേശത്തുനിന്ന് മരുന്ന് എത്തിച്ചത് കുടുംബം ആവശ്യപ്പെട്ടതു പ്രകാരമാണെന്നു മെഡിക്കല്‍ കോളജ് അധികൃതര്‍ പ്രതികരിച്ചു. മരുന്നിന് എട്ട് ശതമാനം മാത്രമേ വിജയസാധ്യതയുള്ളൂവെന്നു കുടുംബത്തെ അറിയിച്ചിരുന്നതായും ഇവര്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് കോവിഡ് ബാധിച്ച് തിരുവല്ല ഇടിഞ്ഞില്ലം പ്രക്കാട്ട് പി.ടി.ജോഷി (68) മരിച്ചത്.

കര്‍ശന സുരക്ഷാ മുന്നൊരുക്കങ്ങളോടെ സംസ്‌കാരം ളായിക്കാട് സെന്റ് ജോസഫ് കത്തോലിക്കാ പള്ളിയില്‍ നടത്തി. മേയ് 11നാണ് ജോഷി ഷാര്‍ജയില്‍നിന്ന് നാട്ടിലെത്തിയത്. നെടുമ്പാശേരിയില്‍ ഇറങ്ങിയ ശേഷം നേരെ പത്തനംതിട്ടയിലെ കോവിഡ് കെയര്‍ സെന്ററില്‍ ക്വാറന്റീനിലായിരുന്നു. രോഗലക്ഷണങ്ങള്‍ കണ്ടതോടെ ജനറല്‍ ആശുപത്രിയിലേക്കു മാറ്റി. ആരോഗ്യ നില വഷളായതോടെ 3 ദിവസം മുന്‍പ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. പിന്നീടു മരണം സംഭവിക്കുകയായിരുന്നു.

Follow us on patham online news

pathram:
Leave a Comment