145 ജില്ലകള്‍ വൈറസിന്റെ പ്രഭവ സ്ഥാനമായി മാറിയേക്കുമെന്ന് മുന്നറിയിപ്പ്

ന്യൂഡല്‍ഹി: കോവിഡ് വ്യാപനം തുടരുന്നതിനിടെ പുതിയ 145 ജില്ലകള്‍ വൈറസിന്റെ പ്രഭവ സ്ഥാനമായി മാറിയേക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ 145 ഗ്രാമീണ ജില്ലകളിലെ കോവിഡ് വ്യാപന നിരക്ക് വര്‍ധിച്ചിട്ടുണ്ട്. കൃത്യമായ കരുതല്‍ നടപടികള്‍ എടുത്തില്ലെങ്കില്‍ ഇവ വൈറസിന്റെ പ്രഭവകേന്ദ്രമാകും. അതിഥി തൊഴിലാളികള്‍ സ്വദേശങ്ങളിലേക്ക് തിരികെയെത്തുന്നതോടെ കിഴക്കന്‍ ഇന്ത്യ അടുത്ത വലിയ കോവിഡ് ഹോട്ട്‌സ്‌പോട്ടായേക്കുമെന്ന് കാബിനറ്റ് സെക്രട്ടറി രാജീവ് ഗുബ പറയുന്നു.

ബിഹാര്‍, ബംഗാള്‍, ഒഡിഷ തുടങ്ങിയ 12 സംസ്ഥാനങ്ങളില്‍ നേരത്തെ അധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നില്ല. എന്നാല്‍ കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ ഇവിടുത്തെ കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനയുണ്ടായിട്ടുണ്ട്. ത്രിപുര, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളിലും രോഗികളുടെ എണ്ണം കൂടിയിട്ടുണ്ട്.

മഹാരാഷ്ട്ര, തമിഴ്‌നാട്, ഗുജറാത്ത്, ഡല്‍ഹി, രാജസ്ഥാന്‍, മധ്യപ്രദേശ്, ആന്ധ്രപ്രദേശ് എന്നിവിടങ്ങളില്‍ രോഗികളുടെ എണ്ണത്തില്‍ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ വന്‍ വര്‍ധനയാണുള്ളത്. മേയ് 13 വരെ 75000 കേസുകളാണ് ഇന്ത്യയില്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നത്. വലിയ സംസ്ഥാനങ്ങള്‍ക്കു പുറമെ ബിഹാര്‍, ജാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ്, ഒഡീഷ എന്നിവിടങ്ങളിലും അടുത്തിടെ വന്‍ വര്‍ധനയാണ് കാണുന്നത്

മഹാരാഷ്ട്ര, ഗുജറാത്ത്, കര്‍ണാടക, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലേക്ക് അതിഥി തൊഴിലാളികള്‍ മടങ്ങിവരാന്‍ ആരംഭിച്ചതാണ് ഇവിടെ രോഗികള്‍ കൂടാന്‍ കാരണമെന്ന് അധികൃതര്‍ പറയുന്നു. അതിഥി തൊഴിലാളികള്‍ കൂട്ടമായി എത്താന്‍ തുടങ്ങിയതോടെ റെയില്‍വേ, ബസ് സ്‌റ്റേഷനുകളില്‍ കൃത്യമായ പരിശോധന നടത്താന്‍ കഴിയാതായി. ഇതോടെയാണ് ഒരു സംസ്ഥാനത്തുനിന്ന് മറ്റൊരു സംസ്ഥാനത്തേക്ക് വൈറസ് പടരാന്‍ തുടങ്ങിയതെന്നും ഇവര്‍ വ്യക്തമാക്കുന്നു.

കോവിഡിന്റെ പ്രഭവകേന്ദ്രമായി മാറാതിരിക്കാന്‍ 145 ജില്ലകളില്‍ സര്‍ക്കാര്‍ എത്രയും പെട്ടെന്ന് നിയന്ത്രണമേറ്റെടുക്കണമെന്നും നിര്‍ദേശമുണ്ട്. ഇന്ത്യയിലെ ആകെ രോഗികളില്‍ 2147 (അതായത് 2.5%) കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത് ഈ ജില്ലകളിലാണ്. ഇവയിലെ 26 ജില്ലകളില്‍ മാത്രം ഇരുപതിലേറെ കേസുകള്‍ വന്നിട്ടുണ്ട്.

Follow us on patham online news

pathram:
Leave a Comment