രാജ്യത്ത് ജൂണ്‍ 30 വരെ ലോക്ഡൗണ്‍ തുടരും ; ഘട്ടംഘട്ടമായി പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം കൂടുതല്‍ അറിയാം…

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ലോക്ഡൗണ്‍ ഘട്ടംഘട്ടമായി പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ജൂണ്‍ 30 വരെ ലോക്ഡൗണ്‍ തുടരും. ജൂണ്‍ എട്ടു മുതല്‍ വിപുലമായ ഇളവുകള്‍ അനുവദിക്കും. ആരാധനാലയങ്ങളും ഷോപ്പിങ് മാളുകളും ജൂണ്‍ എട്ടുമുതല്‍ തുറക്കാം.

ഹോട്ടലുകള്‍, റസ്റ്ററന്റുകള്‍ എന്നിവയും തുറക്കാം. ആരോഗ്യ വകുപ്പിന്റെ മാര്‍ഗരേഖ അനുസരിച്ചായിരിക്കണം ഇവ പ്രവര്‍ത്തിക്കേണ്ടത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്ന കാര്യം രണ്ടാം ഘട്ടത്തിലായിരിക്കും തീരുമാനിക്കുക. സ്‌കൂളുകളും കോളജുകളും തുറക്കുന്നത് സംസ്ഥാനങ്ങളോട് ആലോചിച്ച് തീരുമാനിക്കും.

സംസ്ഥാനം കടന്നും ജില്ല കടന്നുമുള്ള യാത്രയ്ക്കും അനുമതിയായി. ഇതിന് മുന്‍കൂര്‍ അനുമതിയോ ഇ–പാസോ ആവശ്യമില്ലെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. എന്നാല്‍ അതത് സംസ്ഥാന സര്‍ക്കാരുകള്‍ക്കു സാഹചര്യം വിലയിരുത്തി നിയന്ത്രണം ഏര്‍പെടുത്താം. അതേസമയം രാത്രിയാത്രാ നിരോധനം തുടരും. രാത്രി 9 മുതല്‍ രാവിലെ 5 മണിവരെ യാത്രാ നിരോധനം ആയിരിക്കും.

അതേസമയം 65 വയസ്സിനു മുകളിലും 10 വയസ്സില്‍ താഴെയും പ്രായമുള്ളവര്‍ വീടുകളില്‍ തന്നെ കഴിയണം. അടിയന്തര ആവശ്യങ്ങള്‍ക്കു മാത്രം സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് ഇവര്‍ക്കു പുറത്തിറങ്ങാം. രാജ്യാന്തര യാത്ര സര്‍വീസുകള്‍ അനുവദിക്കുന്നതു മൂന്നാം ഘട്ടത്തിലായിരിക്കും. മെട്രോ റെയില്‍ പ്രവര്‍ത്തനം, സിനിമാ തിയേറ്റര്‍, ജിംനേഷ്യം, സ്വിമ്മിങ് പൂള്‍, വിനോദ പാര്‍ക്കുകള്‍ എന്നിവയുടെ പ്രവര്‍ത്തനം തുടങ്ങുന്ന കാര്യവും സാഹചര്യങ്ങള്‍ പരിശോധിച്ച് മൂന്നാം ഘട്ടത്തില്‍ തീരുമാനിക്കാം.

Follow us on patham online news

pathram:
Related Post
Leave a Comment