കോവിഡ് 19 രോഗബാധ സംശയിക്കുന്നവരിൽനിന്ന് സ്രവപരിശോധന നടത്തുന്നതിനായി ശേഖരിച്ച് സൂക്ഷിച്ചിരുന്ന സാമ്പിളുകൾ മെഡിക്കൽ കോളേജിലെ ലാബിൽ കടന്നുകയറിയ കുരങ്ങുകൾ എടുത്തുകൊണ്ടുപോയി. ഉത്തർപ്രദേശിലെ മീററ്റ് മെഡിക്കൽ കോളേജിലാണ് സംഭവം.
മൂന്നു പേരിൽനിന്ന് ശേഖരിച്ച സാമ്പിളുകളാണ് ലാബ് ടെക്നീഷ്യനെ ആക്രമിച്ചശേഷം കുരങ്ങന്മാർ കൊണ്ടുപോയത്. കോവിഡ് 19 സംശയിക്കുന്ന മൂന്നു പേരിൽനിന്നും ഡോക്ടർമാർ വീണ്ടും സാമ്പിൾ ശേഖരിച്ചിട്ടുണ്ടെങ്കിലും ആദ്യം ശേഖരിച്ച സാമ്പിളുകൾ കുരങ്ങന്മാർ കൊണ്ടുപോയത് ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. അതിനിടെ, സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു. കുരങ്ങന്മാർ മരച്ചില്ലകളിൽ ഇരുന്ന് സാമ്പിൾ കളക്ഷൻ കിറ്റുകൾ ചവയ്ക്കുന്നത് ദൃശ്യങ്ങളിൽ കാണാം.
സംഭവത്തിൽ മീററ്റ് മെഡിക്കൽ കോളേജ് ചീഫ് സൂപ്രണ്ട് ഡോ. ധീരജ് ബല്യാൻ അന്വേഷണം തുടങ്ങി. മെഡിക്കൽ കോളേജിൽ കുരങ്ങന്മാരുടെ കടുത്ത ശല്യമാണുള്ളതെന്നും മുമ്പും ഇത്തരം സംഭവങ്ങൾ നടന്നിട്ടുണ്ടെന്നും ഡോക്ടർമാർ പറയുന്നു. കോവിഡ് 19 പരിശോധനയ്ക്കുള്ള സാമ്പിളുകൾ കുരങ്ങന്മാർ കൊണ്ടുപോയകാര്യം മെഡിക്കൽ കോളേജ് സൂപ്രണ്ട് സ്ഥിരീകരിച്ചിട്ടുണ്ട്. വനം വകുപ്പ് അധികൃതരെ ഉടൻ വിവരം അറിയിച്ചുവെങ്കിലും കുരങ്ങന്മാരെ പിടികൂടാൻ അവർ നടപടി സ്വീകരിച്ചിട്ടില്ലെന്നും സംഭവത്തെപ്പറ്റി സൂപ്രണ്ട് പുറത്തിറക്കിയ വിശദീകരണ കുറിപ്പിൽ പറയുന്നു.
Leave a Comment