ആപ്പ് പൊളിഞ്ഞു, കമ്പിനി ഉടമകള്‍ മുങ്ങി

കൊച്ചി: ബവ്‌റിജസ് കോര്‍പ്പറേഷന്‍ മദ്യവിതരണത്തിനായി തയാറാക്കിയ ബവ് ക്യൂ ആപ് പദ്ധതി പൊളിഞ്ഞതോടെ ഫെയര്‍കോഡ് ടെക്‌നോളജീസ് ഉടമകള്‍ ഓഫിസില്‍നിന്ന് സ്ഥലം വിട്ടു. ഓഫിസ് അകത്തുനിന്ന് പൂട്ടിയിട്ടിരിക്കുകയാണ്. ഇളങ്കുളം ചെലവന്നൂര്‍ റോഡിലെ ഇവരുടെ ഓഫിസില്‍ ഏതാനും ജോലിക്കാര്‍ മാത്രമാണ് ഇന്നെത്തിയത്. കമ്പനി ഉടമകളാരും സ്ഥലത്തില്ലെന്നും മാധ്യമങ്ങളോട് പ്രതികരിക്കരുതെന്നു നിര്‍ദേശമുള്ളതായും ഓഫിസ് തുറന്നു പുറത്തു വന്ന ജീവനക്കാരിലൊരാളെന്നു പരിചയപ്പെടുത്തിയ യുവാവ് പറഞ്ഞു.

അതേസമയം ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ ഉള്‍പ്പടെ ആരും ഫോണെടുക്കാനോ പ്രതികരിക്കാനോ തയാറായിട്ടില്ല. സമൂഹ മാധ്യമങ്ങളില്‍ വിമര്‍ശനം ഉണ്ടായതിനെത്തുടര്‍ന്ന് മദ്യ ആപ്പുമായി ബന്ധപ്പെട്ട് മേയ് 16നു ശേഷം ഫെയര്‍കോഡ് കമ്പനി ഇട്ട പോസ്റ്റുകളെല്ലാം ഫെയ്‌സ്ബുക്ക് പേജില്‍നിന്ന് പിന്‍വലിച്ചു. ഇന്നലെവരെ പോസ്റ്റുകള്‍ ഫെയ്‌സ്ബുക്ക് പേജിലുണ്ടായിരുന്നു. ബവ്‌കോയ്ക്കായി മദ്യവിതരണ ആപ്പ് തയാറാക്കിയത് എറണാകുളത്തുള്ള ഫെയര്‍കോഡ് കമ്പനിയാണ്. ആപ് സംബന്ധിച്ച് ആളുകളുടെ ചോദ്യങ്ങള്‍ക്ക് ഇവര്‍ നേരത്തെ ഫെയ്‌സ്ബുക്ക് പേജിലൂടെ മറുപടി നല്‍കിയിരുന്നു. ഇതെല്ലാം പൂര്‍ണമായും നീക്കം ചെയ്തിട്ടുണ്ട്.

നിശ്ചിത സമയം കഴിഞ്ഞിട്ടും ആപ് ലഭിക്കാത്തതിനെത്തുടര്‍ന്ന് സമൂഹ മാധ്യമങ്ങളില്‍ രൂക്ഷമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. മികച്ച സേവനം നല്‍കാന്‍ ആപ് നിര്‍മാതാക്കള്‍ പരാജയപ്പെട്ടെന്നായിരുന്നു പ്രധാന വിമര്‍ശനം. കോവിഡ് വാക്‌സിനു വേണ്ടിപോലും ഇത്രയും കാത്തിരുന്നിട്ടില്ല– സമൂഹ മാധ്യമത്തില്‍ വന്ന ഒരു കമന്റ് ഇങ്ങനെ. ബവ് ക്യൂ ആപ്പിനായി തിരയുമ്പോള്‍ കൃഷി ആപ്പാണ് വരുന്നതെന്നും ഗതികെട്ട് അത് ഡൗണ്‍ലോഡ് ചെയ്ത് 4 വാഴവച്ചെന്നുമാണ് മറ്റൊരു കമന്റ്. വാഴ കുലയ്ക്കുമ്പോഴെങ്കിലും ആപ് വരുമോയെന്നും ആപ് നിര്‍മാതാക്കളായ ഫെയര്‍കോഡ് കമ്പനിയുടെ ഫെയ്‌സ്ബുക്ക് പേജില്‍ ഉപഭോക്താക്കള്‍ കുറിച്ചു.

ടോക്കണ്‍ സംവിധാനം പരാജയപ്പെട്ടതോടെ മദ്യം ആവശ്യപ്പെട്ട് ബാറുകളിലും ബിവറേജസ് ഔട്!ലറ്റുകളിലും എത്തുന്നവരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. ഇതിനിടെ പലയിടത്തും ടോക്കണില്ലാതെ മദ്യം വിതരണം ചെയ്യുകയും സാമൂഹിക അകലം പാലിക്കാതിരിക്കുകയും ചെയ്തിട്ടുണ്ട്. അങ്കമാലിയില്‍ ഒരു ബാറിനെതിരെ ടോക്കണില്ലാതെ മദ്യം വിതരണം ചെയ്തതിനും ലോക്ഡൗണ്‍ ചട്ടം ലംഘിച്ചതിനും കേസെടുത്തിട്ടുണ്ട്.

കോട്ടയം ഏറ്റുമാനൂരില്‍ ബാറില്‍ രണ്ട് കൗണ്ടറുകളില്‍ മദ്യം വിതരണം ചെയ്തതിനെ തുടര്‍ന്ന് വന്‍ ആള്‍ക്കൂട്ടം രൂപപ്പെടുകയും പൊലീസ് ഇടപെട്ട് പിന്തിരിപ്പിക്കുകുയും ചെയ്തിട്ടുണ്ട്. കളമശേരി പത്തടിപ്പാലത്ത് ബാറില്‍ നിന്നുള്ള ക്യൂ സാമൂഹിക അകലം പാലിച്ച് ദേശീയ പാതയിലേയ്ക്ക് നീണ്ടു. അതുപോലെ മിക്ക ബാറുകളിലും രഹസ്യമായും അല്ലാതെയും മദ്യം വിതരണം ചെയ്യുന്നുണ്ടെന്നാണ് വിവരം.

ടോക്കണില്ലാതെ മദ്യം വിതരണം ചെയ്യാന്‍ നിലവില്‍ അനുമതിയില്ലെന്ന് എറണാകുളം റേഞ്ച് എക്‌സൈസ് ഡപ്യൂട്ടി കമ്മിഷണര്‍ എ.എസ്. രഞ്ജിത് പറഞ്ഞു. അല്ലാതെ വിതരണം ചെയ്യുന്നവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

Follow us on patham online news

pathram:
Related Post
Leave a Comment