ബവ്ക്യൂ ആപ് തല്‍ക്കാലം തുടരും; സാങ്കേതിക പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം

തിരുവനന്തപുരം: മദ്യവില്‍പ്പനയ്ക്കുള്ള ബവ്ക്യൂ ആപ് തല്‍ക്കാലം തുടരാന്‍ തീരുമാനം. എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന്‍ വിളിച്ച ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം. സാങ്കേതിക പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ആപ് നിര്‍മാതാക്കള്‍ക്കു സ്റ്റാര്‍ട്ടപ്പ് കമ്പനിയാണെന്ന പരിഗണനയാണ് നല്‍കിയതെന്നാണ് വിശദീകരണം. തുടര്‍ക്രമീകരണങ്ങള്‍ ബവ്‌കോ എംഡി അറിയിക്കുമെന്ന് മന്ത്രി പറഞ്ഞു. ബവ്ക്യൂ ആപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും താറുമാറായതിനു പിന്നാലെയാണ് മന്ത്രി യോഗം വിളിച്ചത്.

ആപ്പിന്റെ പ്രവര്‍ത്തനത്തില്‍ തുടര്‍ച്ചയായി പിഴവു വരുന്നതില്‍ ബവ്‌കോ അധികൃതര്‍ അതൃപ്തി അറിയിച്ചിരുന്നു. ഉദ്യോഗസ്ഥരുടെ വാട്‌സാപ്പ് ഗ്രൂപ്പിലാണ് കമ്പനിയുടെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് വിമര്‍ശനം ഉണ്ടായത്. സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ഉണ്ടായതിനെത്തുടര്‍ന്ന് ആപ്പുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ ഫെയര്‍കോഡ് കമ്പനി ഫെയ്‌സ്ബുക്ക് പേജില്‍നിന്നു പിന്‍വലിച്ചു.

മദ്യവിതരണത്തിന്റെ ആദ്യദിവസം പ്രതീക്ഷിച്ചത്ര വരുമാനം ബവ്‌കോയ്ക്ക് ലഭിച്ചിട്ടില്ല. ബുക്കിങ്ങിനായി എത്തിയവരില്‍ മിക്കയാളുകള്‍ക്കും ഇ–ടോക്കണ്‍ ലഭിക്കാത്തതിനാലാണ് കച്ചവടം കുറച്ചത്. വരും ദിവസങ്ങളിലും ഈ അവസ്ഥ തുടര്‍ന്നാല്‍ ബവ്‌കോയുടെ വരുമാനത്തിന്റെ സിംഹഭാഗവും നഷ്ടമാകുമെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.

ഉപഭോക്താക്കളുടെ ഇ–ടോക്കണ്‍ പരിശോധിക്കാന്‍ ബവ്‌കോ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ ആപ്പിനും നിലവാരമില്ലെന്ന് ആക്ഷേപമുണ്ട്. പല ഷോപ്പുകളിലും ആപ് പ്രവര്‍ത്തിക്കാത്തതിനാല്‍ ഇ–ടോക്കണ്‍ റജിസ്റ്ററില്‍ രേഖപ്പെടുത്തി മദ്യം നല്‍കുകയാണ്. സോഫ്റ്റ്‌വെയറിലെ തകരാറുകളാണ് ഒടിപി ലഭിക്കാന്‍ വൈകുന്നതിനു കാരണം. പലര്‍ക്കും 5 മിനിട്ടു വരെ സമയം എടുത്താണ് ഒടിപി ലഭിക്കുന്നത്.

ഒടിപി അയച്ചാലും റജിസ്‌ട്രേഷനില്‍ തടസം നേരിടുന്നു. സന്ദേശം ലഭിക്കാത്തത് മൊബൈല്‍ കമ്പനികളുടെ ഭാഗത്തെ പ്രശ്‌നമാണെന്ന വ്യാഖ്യാനം ശരിയല്ലെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. തിരക്ക് മുന്നില്‍ കണ്ട് പ്രവര്‍ത്തനം നടത്താന്‍ ആപ്പ് നിര്‍മിച്ച കമ്പനിക്ക് കഴിയാത്തതാണ് പ്രശ്‌നങ്ങള്‍ക്കിടയാക്കിയതെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.
Follow us on patham online news

pathram:
Related Post
Leave a Comment