കോവിഡ് പോരാട്ടത്തില്‍ ഇന്ത്യ നിര്‍ണായകം ; ലോകത്തിന്റെ ഫാര്‍മസിയാണ് ഇന്ത്യ

ന്യൂഡല്‍ഹി: കോവിഡിനെതിരെയുള്ള പോരാട്ടത്തില്‍ ഇന്ത്യയുടേത് നിര്‍ണായക പങ്കെന്ന് ഫ്രഞ്ച് അംബാസഡര്‍ ഇമ്മനുവല്‍ ലെനൈന്‍. കോവിഡ് പൊട്ടിപ്പുറപ്പെട്ടതുമുതല്‍ ഇന്ത്യ ആഗോളതലത്തില്‍ കാര്യങ്ങള്‍ ഏകോപിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. 133 രാജ്യങ്ങളിലേക്കായി 44.6 കോടി ഹൈഡ്രോക്ലോറോക്വിന്‍ ഗുളികകളും 154 കോടി പാരസെറ്റാമോള്‍ ഗുളികകളും ഇന്ത്യ വിതരണം ചെയ്തു. ലോകനേതാക്കളുടെ അഭിനന്ദനം പിടിച്ചുപറ്റിയ നടപടിയായിരുന്നു ഇത്.

3.3 ലക്ഷം ആളുകള്‍ മരിക്കുകയും 50 ലക്ഷം ആളുകളെ രോഗബാധിതരാക്കുകയും ചെയ്ത കൊറോണ വൈറസിനെതിര വാക്‌സിന്‍ കണ്ടെത്തുന്നതിന് ആഗോളതലത്തില്‍ വന്‍ പോരാട്ടമാണ് നടക്കുന്നത്. കോവിഡിനെതിരെ മരുന്നു കണ്ടുപടിക്കേണ്ടതും അതു തുല്യമായി വിതരണം ചെയ്യേണ്ടതും വളരെ പ്രധാനമാണ്.

ഇന്ത്യയാണ് ആഗോളലതലത്തില്‍ ജനറിക് മരുന്നുകളും വാക്‌സിനും ഉല്‍പ്പാദിപ്പിക്കുന്നതില്‍ മുന്‍പന്തിയില്‍. നിരവധി പരീക്ഷണശാലകള്‍ വാക്‌സിന്‍ കണ്ടെത്തുന്നതിനുള്ള പരിശ്രമത്തിലാണ്. കോവിഡിനെ തുരത്തുന്നതിനാവശ്യമായ മരുന്നുകള്‍ സമയബന്ധിതമായും തുല്യമായും ലഭ്യമാക്കുന്നതിന് ലോകാരോഗ്യ സംഘടനയില്‍ (ഡബ്ല്യുഎച്ച്ഒ) അവതരിപ്പിച്ച യൂറോപ്യന്‍ പ്രമേയം ഇന്ത്യയും ഫ്രാന്‍സും പിന്താങ്ങി.

കോവിഡിനെതിരെയുള്ള പോരാട്ടത്തില്‍ ലോകത്തിന്റെ ഫാര്‍മസിയാണ് ഇന്ത്യയെന്ന് വിദേശകാര്യ സെക്രട്ടറി ഹര്‍ഷ് വര്‍ധന്‍ ശൃംഗ്ല കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നു. കോവിഡിനെതിരെയുള്ള പോരാട്ടത്തില്‍ ഇന്ത്യയും ഫ്രാന്‍സും പുലര്‍ത്തുന്നത് ഈ നൂറ്റാണ്ടിന്റെ മാതൃകാപരമായ അന്താരാഷ്ട്രബന്ധമാണ്. മാനുഷിക വിഷയങ്ങളില്‍ അന്താരാഷ്ട്ര ബന്ധങ്ങളുടെ പ്രാധാന്യം കോവിഡ് പ്രതിസന്ധിയിലൂടെ വ്യക്തമായി. തീവ്രപരിചരണ വിഭാഗത്തിലുള്ളവര്‍ക്കാവശ്യമായ മരുന്നുകള്‍ ഇന്ത്യയില്‍നിന്നും കയറ്റി അയയ്ക്കാന്‍ അനുമതി നല്‍കിയതില്‍ ഏറെ നന്ദിയുണ്ട്.

കോവിഡിന്റെ ഉദ്ഭവം എവിടെയാണെന്നു കണ്ടെത്തുന്നതിന് ആഗോളതലത്തില്‍ അന്വേഷണം ആവശ്യമാണ്. ഭാവിയില്‍ പ്രതിസന്ധികളെ നേരിടേണ്ടതുണ്ട്. എങ്ങനെയാണ് പ്രതിസന്ധി മറികടക്കേണ്ടതെന്നു വിശകലനം നടത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

pathram:
Leave a Comment