ആഭ്യന്തര വിമാനങ്ങളിലെത്തുന്നവര്‍ രണ്ടാഴ്ച ക്വാറന്റീനില്‍ കഴിയണം

ആഭ്യന്തര വിമാനങ്ങളിലെത്തുന്നവര്‍ക്ക് വീട്ടില്‍ രണ്ടാഴ്ച ക്വാറന്റീനെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. കോവിഡ് റെഡ്‌സോണുകളില്‍ നിന്നെത്തുന്നവരുടെ പരിശോധനയും കൂട്ടും. കേരളം രക്ഷപ്പെടാന്‍ ശക്തമായ ക്വാറന്റീന്‍ വേണം. വരുന്ന ആളുകളില്‍ നിന്ന് രോഗവ്യാപനം തടയുക എന്നതാണ് സംസ്ഥാനത്തിന്റെ ലക്ഷ്യം. രോഗികളുടെ എണ്ണം കൂടിയാല്‍ പിടിച്ചുനില്‍ക്കാന്‍ സാധിക്കാത്ത അവസ്ഥ വരും. ഇന്നലെ മരിച്ചയാളുടെ ഒപ്പം വന്നവര്‍ നിരീക്ഷണത്തിലാണെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം കൊറോണ വൈറസ് കനത്ത ആഘാതമേല്‍പ്പിച്ച യുഎസിലും കാനഡയിലുമുള്ള മലയാളി സമൂഹത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ മേയ് 23 ന് അഭിസംബോധന ചെയ്യും. ശനിയാഴ്ച ഇന്ത്യന്‍ സമയം രാത്രി എട്ടുമണിക്കാണ് മുഖ്യമന്ത്രിയുടെ വിഡിയോ കോണ്‍ഫറന്‍സ്. (പ്രാദേശിക സമയം ശനിയാഴ്ച രാവിലെ പത്തര).

ലോകകേരളസഭയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന പരിപാടിക്ക് നോര്‍ക്കയുടെ അമേരിക്ക, കാനഡ ടാസ്‌ക് ഫോഴ്‌സുകള്‍, അമേരിക്കയിലെ മലയാളിസംഘടനകളായ ഫൊക്കാന. ഫോമ, വേള്‍ഡ് മലയാളി കൗണ്‍സില്‍, എകെഎംജി, നൈന, വേള്‍ഡ് മലയാളി ഫെഡറേഷന്‍, ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക, ഇന്തോ അമേരിക്കന്‍ പ്രസ് ക്ലബ് എന്നിവയുടെ പിന്തുണയുണ്ട്. കോവിഡുമായി ബന്ധപ്പെട്ട് പ്രവാസികള്‍ ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി നല്‍കും.

pathram:
Leave a Comment