ഉംപുന്‍ ചുഴലിക്കാറ്റില്‍ 18 മരണം; കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യത

കൊല്‍ക്കത്ത: വന്‍ ചുഴലിക്കാറ്റ് ഉംപുന്‍ കരതൊട്ടു. കാറ്റിലും മഴയിലും ബംഗാള്‍, ഒഡീഷ, ബംഗ്ലദേശ് എന്നിവിടങ്ങളിലായി 18പേര്‍ മരിച്ചു. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയ്ക്ക് ബംഗാളിലെ ദിഗ ജില്ലയ്ക്കും ബംഗ്ലദേശിലെ ഹതിയ ദ്വീപിനുമിടയിലാണ് ചുഴലി ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നു പ്രവേശിച്ചത്. പേമാരിയിലും കാറ്റിലും കനത്ത നാശനഷ്ടമുണ്ട്. മണിക്കൂറില്‍ 160 – 190 കിലോമീറ്റര്‍ വേഗത്തിലാണ് ചുഴലി കരയിലെത്തിയത്. വടക്ക്, വടക്കുകിഴക്കന്‍ ഭാഗത്തേക്കു നീങ്ങുന്ന ഉംപു!ന്‍ കൊല്‍ക്കത്തയുടെ കിഴക്കന്‍! മേഖലയിലൂടെ കടന്നു പോകും.

താഴ്ന്ന പ്രദേശങ്ങള്‍ വെള്ളപ്പൊക്ക ഭീഷണിയിലാണ്. നിരവധി വീടുകള്‍ തകര്‍ന്നു. കൊല്‍ക്കത്ത നഗരത്തിലടക്കം വൈദ്യുതിയില്ല. മരങ്ങള്‍ വന്‍തോതില്‍ കടപുഴകി വീണ് പലയിടത്തും ഗതാഗതം സ്തംഭിച്ചു. ബംഗാളില്‍ ഹൗറയിലും ഹൂഗ്ലിയിലുമാണ് കനത്ത ആഘാതമുണ്ടായത്. ബംഗാളിലും ഒഡീഷയിലും കനത്ത മഴയും കാറ്റും തുടരുന്നു. ബംഗാള്‍, ഒഡീഷ സംസ്ഥാനങ്ങളില്‍ 6.5 ലക്ഷം പേരെയും ബംഗ്ലദേശില്‍ 24 ലക്ഷം പേരെയും മാറ്റിപ്പാര്‍പ്പിച്ചു.

ദേശീയ ദുരന്ത നിവാരണ സേനയുടെ സംഘങ്ങള്‍ തീരപ്രദേശങ്ങളില്‍ സജ്ജമാണ്. ഉംപുന്‍ ചുഴലിയുടെ ശക്തി കുറഞ്ഞെങ്കിലും കേരളത്തില്‍ ഇന്നും പരക്കെ മഴയ്ക്കു സാധ്യതയുണ്ടെന്നു കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 24 വരെ മഴ തുടരും. മിന്നലിനും കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണം. കേരളത്തിന്റെയും ലക്ഷദ്വീപിന്റെയും തീരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റിനു സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പുണ്ട്.

pathram:
Related Post
Leave a Comment