ചൈനീസ് വൈറസിനേക്കാള്‍ മാരകമാണ് ഇന്ത്യന്‍ വൈറസ്

ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രദേശങ്ങള്‍ സ്വന്തമെന്ന് അവകാശപ്പെട്ട ഭൂപടത്തിനു പിന്നാലെ പുതിയ വിവാദത്തിന് വഴിതുറന്ന് നേപ്പാള്‍ പ്രധാനമന്ത്രി കെ.പി.ഒലി. ചൈനീസ്, ഇറ്റാലിയന്‍ വൈറസുകളേക്കാള്‍ ഇന്ത്യന്‍ വൈറസ് മാരകമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ആരോഗ്യപ്രശ്‌നങ്ങള്‍ക്കു ശേഷം പാര്‍ലമെന്റില്‍ ചൊവ്വാഴ്ച നടത്തിയ പ്രസംഗത്തില്‍ നേപ്പാളില്‍ കേവിഡ് കേസുകള്‍ വ്യാപിച്ചതിന് ഇന്ത്യയെ അദ്ദേഹം കുറ്റപ്പെടുത്തുകയും ചെയ്തു.

‘ഇന്ത്യയില്‍ നിന്ന് നിയമവിരുദ്ധ മാര്‍ഗങ്ങള്‍ വഴി രാജ്യത്തേക്കു കടക്കുന്നവരിലൂടെ വൈറസ് പടരുന്നുണ്ട്. ശരിയായ പരിശോധനയില്ലാതെ ഇന്ത്യയില്‍ നിന്ന് ആളുകളെ എത്തിക്കുന്നതില്‍ ചില പ്രാദേശിക പ്രതിനിധികള്‍ക്കും പാര്‍ട്ടി നേതാക്കള്‍ക്കും ഉത്തരവാദിത്തമുണ്ട്. ഇന്ത്യന്‍ വൈറസ് ഇപ്പോള്‍ ചൈനയേക്കാളും ഇറ്റാലിയനേക്കാളും മാരകമാണെന്നു തോന്നുന്നു. കൂടുതല്‍ പേര്‍ ഇവിടെ രോഗബാധിതരാകുന്നു’– അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെ ഭാഗമായ കാലാപാനി, ലിംപിയാദുര, ലിപുലെഖ് പ്രദേശങ്ങള്‍ എന്തു വില കൊടുത്തും നേപ്പാള്‍ തിരികെ കൊണ്ടുവരുമെന്നും ഒലി പറഞ്ഞു. ഇന്ത്യയുടെ ഭാഗമായ ലിംപിയാദുര, ലിപുലെഖ്, കാലാപാനി എന്നിവ ഉള്‍പ്പെടുന്ന പുതിയ ഭൂപടം നേപ്പാള്‍ മന്ത്രിസഭ അടുത്തിടെ അംഗീകരിച്ചിരുന്നു. ഇന്ത്യ ഉദ്ഘാടനം ചെയ്ത പുതിയ റോഡിനെച്ചൊല്ലി ഇരുരാജ്യങ്ങളും തമ്മിലുള്ള വിള്ളല്‍ ഇത് വര്‍ധിപ്പിച്ചു.

ഇന്ത്യയും നേപ്പാളും 1,800 കിലോമീറ്റര്‍ അതിര്‍ത്തി പങ്കിടുന്നുണ്ട്. ഇന്ത്യയുമായുള്ള പടിഞ്ഞാറന്‍ അതിര്‍ത്തി നിര്‍വചിക്കാന്‍ ബ്രിട്ടിഷ് കൊളോണിയല്‍ ഭരണാധികാരികളുമായുള്ള 1816ലെ സുഗൗളി ഉടമ്പടിയുടെ അടിസ്ഥാനത്തിലാണ് ലിപുലെഖ് പാസ് നേപ്പാള്‍ അവകാശപ്പെടുന്നത്. 1962ലെ ഇന്ത്യ–ചൈന യുദ്ധം മുതല്‍ ഇന്ത്യന്‍ സൈനികരെ അവിടെ വിന്യസിച്ചിട്ടുണ്ടെങ്കിലും ലിംപിയാദുര, കാലാപാനി മേഖലകള്‍ തന്ത്രപ്രധാനമായ പ്രദേശങ്ങളാണെന്ന് നേപ്പാള്‍ അവകാശപ്പെടുന്നു.

മേയ് എട്ടിന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ഉത്തരാഖണ്ഡിലെ ലിപുലെഖ് പാസിനെ ചൈനയിലെ കൈലാസ് മാനസരോവറുമായി ബന്ധിപ്പിക്കുന്ന പുതിയ റോഡ് ഉദ്ഘാടനം ചെയ്തിരുന്നു. പിന്നാലെ നേപ്പാള്‍ ഇതില്‍ പ്രതിഷേധിക്കുകയും പ്രദേശത്ത് സുരക്ഷാ പോസ്റ്റ് സ്ഥാപിക്കുന്നതിനെക്കുറിച്ച് ആലോചിക്കുകയും ചെയ്തു. ഉത്തരാഖണ്ഡിലെ പിത്തോറഗര്‍ഹ് ജില്ലയിലൂടെ കടന്നു പോകുന്ന റോഡ് പൂര്‍ണമായും ഇന്ത്യയുടെ ഭാഗമാണെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.<

pathram:
Related Post
Leave a Comment