രോഗികളുടെ എണ്ണം വര്‍ധിച്ചാല്‍ ഗുരുതര സാഹചര്യം ഉണ്ടാകും, മലയാളികളുടെ തിരിച്ചുവരവ് തുടര്‍ന്നാല്‍ രോഗികള്‍ 2000 വരെ എത്താം, ക്വാറന്റീന്‍ കര്‍ശനമായി പാലിക്കണമെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം : കോവിഡ് രോഗികളുടെ എണ്ണം ഇപ്പോഴത്തെ നിലയില്‍ വര്‍ധിച്ചാല്‍ ഗുരുതര സാഹചര്യം ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിപത്തിനെ നാടൊന്നാകെ നേരിടണമെന്നും അദ്ദേഹം പറഞ്ഞു.മലയാളികളുടെ തിരിച്ചുവരവു തുടര്‍ന്നാല്‍ സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം വരുംമാസങ്ങളില്‍ 2000 വരെ എത്താമെന്നു മന്ത്രിസഭാ യോഗം വിലയിരുത്തിയിരുന്നു.

സംസ്ഥാനം മുഴുവന്‍ അധിക നാള്‍ അടച്ചിടാനാവില്ല. രോഗവിവരം മറച്ചുവച്ച് എത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാനും യോഗം തീരുമാനിച്ചു. പിന്നീടു കലക്ടര്‍മാര്‍ ഉള്‍പ്പെടെ ജില്ലാതല ഉദ്യോഗസ്ഥരുടെ വിഡിയോ കോണ്‍ഫറന്‍സിലെ വിവരങ്ങള്‍ കൂടി കണക്കിലെടുത്താണു മുഖ്യമന്ത്രി രോഗവ്യാപന മുന്നറിയിപ്പു നല്‍കിയത്. എന്നാല്‍ കേരളത്തില്‍ ഇതുവരെ സമൂഹ വ്യാപനം ഉണ്ടായതായി കണ്ടെത്തിയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ലോക്ഡൗണില്‍ ഇളവുകള്‍ വരുത്തിയെങ്കിലും പ്രത്യേക മേഖലകളില്‍ കടുത്ത നിയന്ത്രണം വേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞു. മോശം സാഹചര്യം വന്നാല്‍ നേരിടാനുള്ള തയാറെടുപ്പു നടത്തിയിട്ടുണ്ട്. സമ്പര്‍ക്കം ഒഴിവാക്കിയേ വ്യാപനം തടയാന്‍ കഴിയൂ. പുറത്തു നിന്നു വരുന്ന ചിലരില്‍ രോഗം ഉണ്ടാകും. അതു മറ്റുള്ളവരിലേക്കു പടരാതിരിക്കാന്‍ എല്ലാവരും ഒരുമിച്ചു നില്‍ക്കണം. പ്രവാസികള്‍ അകറ്റി നിര്‍ത്തേണ്ടവരല്ല. അവരുടെ സംരക്ഷണവും ഇവിടെയുള്ളവരുടെ സുരക്ഷയും ഒരുപോലെ ഉറപ്പാക്കേണ്ടതുണ്ട്.

പുറത്തു നിന്നു വന്നവര്‍ നിശ്ചിത ദിവസം ക്വാറന്റീനില്‍ കഴിയേണ്ടതു ചുമതലയായി കാണണം. ക്വാറന്റീനില്‍ കഴിയുന്നവര്‍ വീട്ടിനകത്തെ മുറിയില്‍ തന്നെ കഴിയണം. രോഗലക്ഷണമില്ലെങ്കില്‍ ഹോം ക്വാറന്റീന്‍ ആണു നിര്‍ദേശിച്ചിട്ടുള്ളത്. ഒട്ടേറെപ്പേര്‍ സര്‍ക്കാര്‍ ക്വാറന്റീന്‍ മതി എന്നു പറയുന്നു. സ്വന്തം വീട്ടില്‍ സൗകര്യമില്ലാത്തവര്‍ക്കു മാത്രമേ സര്‍ക്കാര്‍ ക്വാറന്റീന്‍ സൗകര്യമുള്ളൂ. ക്വാറന്റീനില്‍ കഴിയേണ്ടവരെ വീട്ടിലേക്കു കൊണ്ടുപോകുന്നവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകും.

ക്വാറന്റീന്‍ സംവിധാനം വിജയിപ്പിക്കുന്നതിനു വാര്‍ഡ് തല സമിതിക്കൊപ്പം സമീപവാസികളും റസിഡന്റ്‌സ് അസോസിയേഷനുകളും രംഗത്തുണ്ടാകണം.

pathram:
Related Post
Leave a Comment