ലോക് ഡൗണ്‍ ഇളവുകളില്‍ രോഗ വ്യാപനം ഉയരുന്നു; ഒരാഴ്ച്ചക്കിടെ 30 ശതമാനത്തിന്റെ വര്‍ദ്ധവന്

ന്യൂഡല്‍ഹി : കുറഞ്ഞ മരണനിരക്കും രോഗമുക്തിയും ആശ്വാസം നല്‍കുമ്പോഴും പുതിയ കോവിഡ് രോഗികളുടെ വര്‍ധന തടയാനാകാതെ ഇന്ത്യ. കൂടുതല്‍ ഇളവുകള്‍ വന്നതോടെ വരുംദിവസങ്ങളില്‍ സ്ഥിതി രൂക്ഷമാകാനാണു സാധ്യത. കേന്ദ്ര–സംസ്ഥാന സര്‍ക്കാരുകള്‍ക്കു കടുത്ത വെല്ലുവിളിയാകും ഇനിയുള്ള നാളുകള്‍.

ഒരു വശത്തു രോഗമുക്തിയില്‍ നില മെച്ചപ്പെടുമ്പോഴാണു പുതിയ രോഗികളുടെ എണ്ണത്തിലെ വര്‍ധന. 40% ആണ് രോഗമുക്തി. എന്നാല്‍, ആകെ കേസുകളില്‍ 30 ശതമാനവും ഈ ഒരാഴ്ചയ്ക്കിടെ റിപ്പോര്‍ട്ട് ചെയ്തതാണ്.

പ്രതിദിന പരിശോധന ഒരുലക്ഷം കടന്നെങ്കിലും ജനസംഖ്യാനുപാതികമായി ഇതു കുറവാണ്. ഓരോ 10 ലക്ഷം പേരിലും രണ്ടായിരത്തില്‍ താഴെ പേരെ മാത്രമേ ഇതുവരെ പരിശോധിച്ചിട്ടുള്ളൂ.

രോഗവ്യാപന തോത് ഒരു ഘട്ടത്തിലും കുറഞ്ഞില്ല. ലോക്ഡൗണ്‍ തുടങ്ങുമ്പോള്‍ 1000 ല്‍ താഴെയായിരുന്ന രോഗികളുടെ എണ്ണം. ഇപ്പോള്‍ ഒരു ലക്ഷം കടന്നു. വര്‍ധന നിയന്ത്രണാതീതമാകുന്നതിന്റെ ലക്ഷണങ്ങളുമുണ്ട്.

രാജ്യത്തു സമൂഹവ്യാപനം ഇല്ലെന്നാണ് ഇപ്പോഴും ആരോഗ്യമന്ത്രാലയത്തിന്റെ വാദം. എന്നാല്‍, ചിലയിടങ്ങളില്‍ പ്രാദേശിക സമൂഹവ്യാപനമുണ്ടെന്ന് എയിംസ് ഡയറക്ടര്‍ പറഞ്ഞിരുന്നു. ഇതു ശരിവയ്ക്കുന്നതാണ് ഇപ്പോഴത്തെ കണക്കുകള്‍. ആകെ രോഗികളില്‍ 80% പേരും 30 മുനിസിപ്പല്‍ കോര്‍പറേഷന്‍ പരിധിയിലാണ്. മുംബൈ, ഡല്‍ഹി, അഹമ്മദാബാദ്, സൂറത്ത്, ചെന്നൈ, ജയ്പുര്‍ തുടങ്ങിയ വന്‍നഗരങ്ങളില്‍ വ്യാപനം കുറഞ്ഞിട്ടില്ല.

ഈ നില തുടര്‍ന്നാല്‍ ജൂലൈ അവസാനത്തോടെ രോഗികളുടെ എണ്ണം കോടി കടന്നേക്കാമെന്നു വിലയിരുത്തലുണ്ട്. രാജ്യത്തെ 20 കോടിയോളം പേര്‍ 45 വയസ്സിനു മുകളില്‍ പ്രായമുള്ളവരാണ്. മറ്റു രോഗങ്ങളും പ്രായവും രോഗബാധ സങ്കീര്‍ണമാക്കും. വിദേശത്തു നിന്നുള്ളവരുടെ വരവും അതിഥിത്തൊഴിലാളികളുടെ പലായനവും ആശങ്ക സൃഷ്ടിക്കുന്നു. ആരോഗ്യപ്രവര്‍ത്തകര്‍ക്കു രോഗം പിടിപെടുന്നതും ഭീഷണിയാണ്.

pathram:
Leave a Comment