സാമൂഹിക ബോധം കൊണ്ടൊന്നുമല്ല മുഖ്യമന്ത്രിയുടെ വൈകുന്നേരത്തെ വാര്‍ത്താസമ്മേളനം കാണുന്നത് ; ഇന്നസെന്റ് പറയുന്നു

കൊവിഡ് രോഗത്തെ കുറിച്ചും സംസ്ഥാന സര്‍ക്കാര്‍ അതിനെ നേരിടാന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ കുറിച്ചും എല്ലാ ദിവസവും വൈകുന്നേരം മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനം നടത്താറുണ്ട്. മുഖ്യമന്ത്രിയുടെ വൈകുന്നേരത്തെ വാര്‍ത്താസമ്മേളനം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. ചില വിവാദങ്ങളുമുണ്ടായി വാര്‍ത്താസമ്മേളനത്തില്‍. എന്നാല്‍ വാര്‍ത്താസമ്മേളനം സംബന്ധിച്ച് ഒരു തമാശ പറയുകയാണ് നടനും മുന്‍ എംപിയുമായ ഇന്നസെന്റ്. മകന്റെ കുട്ടികള്‍ വാര്‍ത്താ സമ്മേളനം കാണുന്നത് എന്തിനെന്ന് വ്യക്തമാക്കിയാണ് ഇന്നസെന്റിന്റെ തമാശ.

എന്റെ മകന്‍ സോണറ്റിന് ഇരട്ടക്കുട്ടികളാണ്. ഇന്നസെന്റും അന്നയും. രണ്ട് കുട്ടികളും മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം കേള്‍ക്കാന്‍ എല്ലാ ദിവസവും വരും. ഹാവൂ, എന്റെ പേരക്കുട്ടികള്‍ക്ക് ഇത്രേം സാമൂഹിക ബോധമോ. അഭിമാനം സഹിക്ക വയ്യാതെ ഞാന്‍ നാലഞ്ചാളോട് ഫോണില്‍ വിവരം പറഞ്ഞു. ഇതുകേട്ട് ഒരു ദിവസം അവര്‍ എന്നോട് പറഞ്ഞു. എന്റെ പൊന്നപ്പാപ്പ സാമൂഹിക ബോധം കൊണ്ടൊന്നുമല്ല, സ്‌കൂള്‍ എങ്ങാനും തുറക്കുമോന്ന് അറിയാനാ ഞങ്ങള് വന്നിരിക്കുന്നത്. അത് കേട്ടപ്പോള്‍ ഒരു കാര്യം ഉറപ്പായി. ഇവര്‍ അപ്പാപ്പന് ചേര്‍ന്ന പേരക്കുട്ടികള്‍ തന്നെ- ഇന്നസെന്റ് വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

pathram:
Related Post
Leave a Comment