ലണ്ടന്‍: ഒരാള്‍ക്കു കൊറോണ വൈറസ് ബാധയുണ്ടോയെന്നു മണത്തു കണ്ടുപിടിക്കാന്‍ നായ്ക്കള്‍ക്കു കഴിയുമോ?. ഇതു കണ്ടെത്താനുളള ശ്രമത്തിലാണു ബ്രിട്ടിഷ് ഗവേഷകര്‍. അതിവേഗത്തില്‍, സമ്പര്‍ക്കമില്ലാതെ രോഗികളെ തിരിച്ചറിയാനുള്ള മാര്‍ഗമായി നായ്ക്കളെ ഉപയോഗിക്കാനാവുമോ എന്നാണു പരീക്ഷണം നടക്കുന്നത്. ബ്രിട്ടിഷ് സര്‍ക്കാര്‍ ഇതിനായി ആറു ലക്ഷം ഡോളറാണു ശനിയാഴ്ച ധനസഹായം അനുവദിച്ചിരിക്കുന്നത്. ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഹൈജീന്‍ ആന്‍ഡ് ട്രോപ്പിക്കല്‍ മെഡിസിന്‍, ദറം സര്‍വകലാശാല, ബ്രിട്ടിഷ് ചാരിറ്റി സംഘടനയായ മെഡിക്കല്‍ ഡിറ്റെക്ഷന്‍ ഡോഗ്സ് എന്നിവരാണു പഠനം നടത്തുന്നത്.
ബയോ ഡിറ്റെക്ഷന്‍ നായ്ക്കള്‍ ഇപ്പോള്‍ തന്നെ ചില തരത്തിലുള്ള കാന്‍സര്‍ രോഗികളെ ഗന്ധത്തിലൂടെ തിരിച്ചറിയുന്നുണ്ട്. ഇതേ രീതി തന്നെ പരീക്ഷിച്ചു നോക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രിയായ ജെയിംസ് ബെത്തെല്‍ പറഞ്ഞു. ലണ്ടനിലെ ആശുപത്രികളില്‍നിന്ന് കോവിഡ് രോഗികളുടെ ഗന്ധത്തിന്റെ സാംപിളുകള്‍ ആറു നായ്ക്കള്‍ക്കു നല്‍കും. തുടര്‍ന്ന് ആളുകള്‍ക്കിടയില്‍നിന്നു അത്തരം ഗന്ധമുള്ള ആളുകളെ തിരിച്ചറിയാനുള്ള പരിശീലനമാണു നല്‍കുന്നത്. ലാബ്രഡോര്‍, കൊക്കര്‍ സ്പാനിയല്‍സ് വിഭാഗത്തില്‍പെട്ട നായ്ക്കളെയാണ് ഇതിനുപയോഗിക്കുന്നത്.
ചിലതരം കാന്‍സറുകള്‍, പാര്‍ക്കിന്‍സണ്‍, മലേറിയ തുടങ്ങിയവ ബാധിച്ച ആളുകളെ കണ്ടെത്താന്‍ നായ്ക്കള്‍ക്കു പരിശീലനം നല്‍കിയിട്ടുണ്ടെന്ന് മെഡിക്കല്‍ ഡിറ്റെക്ഷന്‍ ഡോഗ്സ് അധികൃതര്‍ പറഞ്ഞു. പരീക്ഷണം വിജയിച്ചാല്‍ ഒരു നായയ്ക്ക് മണിക്കൂറില്‍ 250 പേരെ വരെ പരിശോധിക്കാന്‍ കഴിയും. പൊതുസ്ഥലങ്ങളിലും വിമാനത്താവളങ്ങളിലും മറ്റും ഈ രീതി ഫലപ്രദമായി ഉപയോഗിക്കാനാവുമെന്നാണു കരുതുന്നത്. അമേരിക്കയിലും ഫ്രാന്‍സിലും സമാനമായ പരീക്ഷണങ്ങള്‍ നടക്കുന്നുണ്ട്. അമേരിക്ക, നെതര്‍ലന്‍ഡ്സ്, ഹോങ്കോങ് എന്നിവിടങ്ങളില്‍ ചില നായ്ക്കള്‍ക്ക് ഉടമകളില്‍നിന്നു കോവിഡ് രോഗം പടര്‍ന്നുവെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.
Leave a Comment