ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു. രാജ്യത്തെ മൊത്തം രോഗികള്‍ 1,01,139 ആയി. തിങ്കളാഴ്ച 4,970 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ 24 മണിക്കൂറില്‍ 134 പേരാണ് മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ മരണസംഖ്യ 3,163 ആയി ഉയര്‍ന്നു. തിങ്കളാഴ്ച 2,350 പേര്‍ രോഗമുക്തരായി. ഇതോടെ ആകെ രോഗമുക്തരായവരുടെ എണ്ണം 39,174 ആയി.
>രണ്ടു ദിവസം കൊണ്ടു 10,000 പേര്‍ക്കു കോവിഡ് റിപ്പോര്‍ട്ട് ചെയ്തതോടെ, ഇന്ത്യയില്‍ രോഗവ്യാപന തോത് കുറയുന്നതിന്റെ സൂചനയില്ലെന്നു വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഞായറാഴ്ചയാണ് ആദ്യമായി പ്രതിദിന കേസുകള്‍ 5,000 കടന്നത്. ഒറ്റദിവസം 5,242 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതാണ് രാജ്യത്ത് 24 മണിക്കൂറിലെ കണക്കില്‍ ഇതുവരെ രേഖപ്പെടുത്തിയ ഉയര്‍ന്ന നിരക്ക്.
മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്‌നാട്, ഡല്‍ഹി, രാജസ്ഥാന്‍, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. മഹാരാഷ്ട്രയില്‍ അതിവേഗത്തിലാണ് രോഗവ്യാപനം. പ്രതിദിനം രണ്ടായിരത്തിലധികം പേര്‍ക്ക് രോഗബാധയും അന്‍പതിലധികം മരണവും. മുംബൈില്‍ ഇന്നലെ ആദ്യമായി ആയിരത്തിലധികം പേര്‍ക്ക് രോഗം സ്ഥീരികരിച്ചതോടെ നഗരത്തിലെ ആകെ രോഗികളുടെ എണ്ണം ഇരുപതിനായിരം കടന്നു. സംസ്ഥാനത്ത് ഇന്നലെ 2033 കേസുകളും 51 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതുവരെ 8437 പേര്‍ രോഗമുക്തരായി.
മുംബൈയിലെ ബാന്ദ്രകുര്‍ള കോംപ്ലെക്‌സില്‍ 1100 ബെഡ് സൗകര്യം ഉള്ള കോവിഡ് ആശുപത്രിയുടെ നിര്‍മാണം പൂര്‍ത്തിയായി. മഹാലക്ഷമി, ഗോരേഗാവ് എന്നിവടങ്ങളിലും താല്‍ക്കാലിക ആശുപത്രികളുടെ നിര്‍മാണം അവസാനഘട്ടത്തിലാണ്. 1484 കോവിഡ് കെയര്‍ സെന്ററുകള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അറിയിച്ചത്. അതേസമയം, ഗുജറാത്തില്‍ തുടര്‍ച്ചയായ ഇരുപതാം ദിവസവും മുന്നൂറിലധികം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ആകെ കേസുകള്‍ 11746ും മരണം 694ും ആണ്. 4804 പേര്‍ സംസ്ഥാനത്ത് ഇതുവരെ രോഗമുക്തി നേടി.
മഹാരാഷ്ട്ര 35,058, തമിഴ്‌നാട് 11,760, ഗുജറാത്ത് 11,745, ഡല്‍ഹി 10,054, രാജസ്ഥാന്‍ 5,507, മധ്യപ്രദേശ് 5,236, ഉത്തര്‍പ്രദേശ് 4,605, ബംഗാള്‍ 2,825, ആന്ധ്രാപ്രദേശ് 2,474, പഞ്ചാബ് 1,980, തെലങ്കാന 1,597, ബിഹാര്‍ 1,391, ജമ്മുകശ്മീര്‍ 1,289, കര്‍ണാടക 1,246 എന്നിങ്ങനെയാണ് വിവിധ സംസ്ഥാനങ്ങളിലെ രോഗബാധിതരുടെ എണ്ണം.
മഹാരാഷ്ട്ര 1,249, ഗുജറാത്ത് 694, മധ്യപ്രദേശ് 252, ബംഗാള്‍ 244, രാജസ്ഥാന്‍ 138, ഉത്തര്‍പ്രദേശ് 118, ഡല്‍ഹി 168, തമിഴ്‌നാട് 81, ആന്ധ്രാപ്രദേശ് 50, പഞ്ചാബ് 37, കര്‍ണാടക 37, തെലങ്കാന 35, ജമ്മുകശ്മീര്‍ 15, ഹരിയാന 14 എന്നിങ്ങനെയാണ് വിവിധ സംസ്ഥാനങ്ങളിലെ മരണനിരക്ക്.
Leave a Comment