സാമ്പത്തിക ഉത്തേജന പാക്കേജില്‍ വിമര്‍ശനം; സൗജന്യ റേഷന്‍ അടക്കം കൂട്ടിയാല്‍ പോലും പണമായി ഖജനാവില്‍നിന്ന് എത്തുന്നത് മൊത്തം പാക്കേജിന്റെ അഞ്ച് ശതമാനത്തില്‍ അധികം വരില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച സാമ്പത്തിക ഉത്തേജന പാക്കേജില്‍ സൗജന്യ റേഷന്‍ അടക്കം കൂട്ടിയാല്‍ പോലും സാധാരണക്കാരുടെ കൈകളില്‍ പണമായി ഖജനാവില്‍നിന്ന് എത്തുന്നത് മൊത്തം പാക്കേജിന്റെ അഞ്ച് ശതമാനത്തില്‍ അധികം വരില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത് ഒരു ലക്ഷം കോടിയില്‍ താഴെ രൂപ മാത്രമായിരിക്കുമെന്നും കോര്‍പറേറ്റ് കമ്പനികള്‍ക്ക് ഉദാരമായി ഒന്നര ലക്ഷം കോടിയുടെ നികുതിയിളവ് നല്‍കിയ സ്ഥാനത്താണ് ഇതു സംഭവിക്കുന്നതെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

മേയ് 12ന് ആയിരുന്നു പ്രധാനമന്ത്രി 20 ലക്ഷം കോടിയുടെ സാമ്പത്തിക ഉത്തേജന പാക്കേജ് പ്രഖ്യാപിച്ചത്. ഇതിന്റെ വിശദാംശങ്ങള്‍ അഞ്ചു ഘട്ടങ്ങളിലായി ധനമന്ത്രി വിശദീകരിച്ചു. കേന്ദ്ര ബജറ്റില്‍നിന്ന് ഈ പാക്കേജിന് വേണ്ടിവരുന്ന അധിക ചെലവ് ഒന്നര ലക്ഷം കോടി രൂപയായിരിക്കുമെന്ന് ചില രാജ്യാന്തര ഏജന്‍സികള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ആര്‍ബിഐയുടെ പണനയത്തിന്റെ ഭാഗമായി ബാങ്കുകള്‍ക്ക് ലഭ്യമായ തുകയും, ഈ ബാങ്കുകള്‍ കൃഷിക്കാര്‍ക്കും ചെറുകിട വ്യവസായികള്‍ക്കും നല്‍കുമെന്നു കരുതുന്ന തുകയുമാണ് 20 ലക്ഷം കോടിയിലെ സിംഹഭാഗവും.

ആര്‍ബിഐ ബാങ്കുകള്‍ക്കു നല്‍കിയ പണത്തില്‍ എട്ടര ലക്ഷം രൂപ ഈ മാസം ആദ്യം തന്നെ ബാങ്കുകള്‍ മൂന്നര ശതമാനം താഴ്ന്ന പലിശയ്ക്ക് റിസര്‍വ് ബാങ്കില്‍ തന്നെ നിക്ഷേപിക്കുകയായിരുന്നു. ഇന്നത്തെ സാമ്പത്തിക അവസ്ഥയില്‍ ബാങ്കുകള്‍ വായ്പ നല്‍കാന്‍ മടിക്കുന്നു. സംസ്ഥാന സര്‍ക്കാരിനും ഇതില്‍ അനുഭവമുണ്ട്. 6000 കോടി വായ്പയെടുക്കാന്‍ ശ്രമിച്ചപ്പോള്‍ 9 ശതമാനമാണ് ബാങ്കുകള്‍ ഈടാക്കിയ പലിശ.

രാജ്യത്ത് ഇനിമേല്‍ പ്രതിരോധം, ബഹിരാകാശം, ധാതുഖനനം, അറ്റോമിക് എനര്‍ജി തുടങ്ങി എല്ലാ മേഖലകളിലും സ്വകാര്യ സംരംഭകരാകാം. പൊതുമേഖല ചില തന്ത്രപ്രധാന മേഖലകള്‍ മാത്രമാകും. ഒരു മേഖലയില്‍ നാലു പൊതുമേഖല കമ്പനികള്‍ മാത്രമേ അനുവദിക്കു എന്നാണ് കേന്ദ്രം ഇപ്പോള്‍ പറയുന്നത്. ഇത് കോവിഡ് പ്രതിരോധവുമായി ഒരു ബന്ധവുമില്ലാത്ത കാര്യമാണ്.

ഇവിടെ വേണ്ടത് പൊതുജന ആരോഗ്യത്തിന് ഊന്നല്‍ നല്‍കുന്ന പാക്കേജാണ്. ഇത് വന്നിട്ടില്ല, ഏതായാലും പൊതു മേഖല സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുന്ന സമീപനമേ കേരള സര്‍ക്കാര്‍ സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നുള്ളൂ. ലോക്ഡൗണ്‍ പ്രഖ്യാപിച്ച ശേഷം പ്രതിസന്ധി നേരിടുന്ന ഒന്നാണ് സൂക്ഷ്മ ചെറുകിട ഇടത്തരം മേഖല. 2018–19 സാമ്പത്തിക വര്‍ഷം കേരളം ഉത്പാദന മേഖലയില്‍ 11.2 ശതമാനം വളര്‍ച്ച നേടി. ഇതില്‍ പ്രധാന പങ്ക് എംഎസ്എംഇ മേഖലയ്ക്കാണ്.

അതുകൊണ്ടു തന്നെ ഈ മേഖലയിലെ സ്ഥാപനങ്ങള്‍ക്കു കേന്ദ്ര സര്‍ക്കാര്‍ വായ്പാ സൗകര്യങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ സത്വര നടപടികള്‍ സ്വീകരിക്കും. കേന്ദ്രത്തിന്റെ പ്രഖ്യാപനത്തിനു മുന്‍പ് തന്നെ സംസ്ഥാനം എംഎസ്എംഇ മേഖലയ്ക്കു വ്യവസായ ഭദ്രത എന്ന പദ്ധതി തീരുമാനിച്ചിരുന്നു. ഇതു കേന്ദ്രപ്രഖ്യാപനവുമായി സംയോജിപ്പിച്ചു നടപ്പാക്കും.
മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിക്കായി 2020–21 ലെ കേന്ദ്ര ബജറ്റില്‍ വകയിരുത്തിയ 61,000 കോടിയില്‍ 40,000 കോടിയുടെ വര്‍ധന വരുത്തിയത് കേരളം പൂര്‍ണതോതില്‍ പ്രയോജനപ്പെടുത്തും. നബാര്‍ഡ് വഴി കേരള ബാങ്കിനും കേരള ഗ്രാമീണ്‍ ബാങ്കിനും ലഭ്യമാകുന്ന അധിക റീഫൈനാന്‍സ് ഫണ്ടായ 2,500 കോടി കൃഷി, മൃഗസംരക്ഷണം, മല്‍സ്യബന്ധനം എന്നീ വകുപ്പുകളും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുമായും സ്വയംസഹായ സംഘങ്ങളുമായും ചേര്‍ന്നു വിനിയോഗിക്കാന്‍ നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു.

ഭക്ഷ്യമേഖലയിലെ മൈക്രോ സ്ഥാപനങ്ങള്‍ക്കുള്ള 10,000 കോടിയുടെ ധനസഹായ പദ്ധതിയില്‍ ബിഹാര്‍, കശ്മീര്‍, തെലങ്കാന, ആന്ധ്ര, തമിഴ്‌നാട് സംസ്ഥാനങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കിലും കേരളം ഇല്ല. നമുക്ക് പ്രത്യേക ഇനങ്ങളില്‍ ഭക്ഷ്യമേഖലയില്‍ മൈക്രോ സ്ഥാപനങ്ങള്‍ സ്ഥാപിക്കാന്‍ ശേഷിയുണ്ട്. കേരളത്തെ ഇതില്‍ ഉള്‍പ്പെടുത്താന്‍ ശ്രമം നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു..

pathram:
Related Post
Leave a Comment