മുഖ്യമന്ത്രിയുടെ വാക്കുകൾക്ക് പുല്ല് വില താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിടില്ലെന്നു മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടും പിരിച്ചുവിടല് നടപടികള്‍ ആരംഭിച്ചു

തിരുവനന്തപുരം: കോവിഡ് കാലത്ത് ചെലവു ചുരുക്കലിന്റെ ഭാഗമായി താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിടുന്നതും തസ്തികകളുടെ റദ്ദാക്കലും സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ചു. കോവിഡിനെ തുടര്‍ന്നു താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിടില്ലെന്നു സര്‍ക്കാരും മുഖ്യമന്ത്രിയും പ്രഖ്യാപിച്ചിരിക്കെയാണിത്.

ജലവിഭവ വകുപ്പിനു കീഴിലെ ജല അതോറിറ്റിയില്‍ ടൈപ്പിസ്റ്റുമാരുടെ 52 തസ്തികകള്‍ റദ്ദാക്കിയപ്പോള്‍, മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന ആസൂത്രണ സാമ്പത്തികകാര്യ വകുപ്പിനു കീഴില്‍ വരുന്ന കേരള സ്റ്റേറ്റ് റിമോട്ട് സെന്‍സിങ് ആന്‍ഡ് എന്‍വയണ്‍മെന്റ് സെന്ററിലെ (കെഎസ്ആര്‍ഇആര്‍സി) വിവിധ പ്രോജക്ടുകളിലായി ജോലി ചെയ്തിരുന്ന 50 താല്‍ക്കാലിക ജീവനക്കാരുടെ സേവനം മുന്നറിയിപ്പില്ലാതെ അവസാനിപ്പിച്ചു.

ജല അതോറിറ്റിയില്‍ ഡിഡിഎഫ്എസ്, പ്രൈസ്, മാര്‍ച്ച്, ഒ ആന്‍ഡ് എം പോര്‍ട്ടല്‍ എന്നീ കംപ്യൂട്ടര്‍ സോഫ്റ്റ്‌വെയറിന്റെ സഹായത്തോടെ ജോലി ലഘൂകരിക്കപ്പെട്ടതോടെ 52 ലോവര്‍ ഡിവിഷന്‍ ടൈപ്പിസ്റ്റ് തസ്തികകള്‍ ആവശ്യമില്ലെന്നു കണ്ടെത്തിയതായി മാനേജിങ് ഡയറക്ടര്‍ കഴിഞ്ഞ നവംബറില്‍ സര്‍ക്കാരിനെ അറിയിച്ചിരുന്നു. തുടര്‍ന്ന് ജല അതോറിറ്റി ചീഫ് എന്‍ജിനീയറുടെ (എച്ച്ആര്‍ഡി ആന്‍ഡ് ജിഎല്‍) കൂടി റിപ്പോര്‍ട്ട് ലഭിച്ചതോടെ തസ്തികകള്‍ റദ്ദാക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. ഈ തസ്തികകള്‍ പിഎസ്സിക്കു റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. പകര്‍ച്ചവ്യാധികാലത്തു ചെലവുചുരുക്കലിന്റെ ഭാഗമായി കൂടിയാണു നടപടിയെന്ന് ഇതു സംബന്ധിച്ച ഉത്തരവില്‍ വ്യക്തമാക്കി.

ലോക്ഡൗണ്‍ ആരംഭിച്ചതിനു പിന്നാലെയാണു കെഎസ്ആര്‍ഇആര്‍സിയില്‍ പ്രോജക്ട് സയന്റിസ്റ്റ്, ജിഐഎസ് ടെക്‌നീഷ്യന്‍, ജിപിഎസ് സര്‍വേയര്‍ എന്നീ വിഭാഗങ്ങളിലായി താല്‍ക്കാലിക, കരാര്‍, ദിവസവേതന വ്യവസ്ഥകളില്‍ ജോലി ചെയ്തിരുന്ന 50 പേരെ മാര്‍ച്ച് 31നു പിരിച്ചുവിട്ടത്. മാര്‍ച്ചിലെ ശമ്പളം ഇവര്‍ക്കു നല്‍കി. പ്രോജ്ക്ട് അവസാനിപ്പിക്കുമ്പോള്‍ ജീവനക്കാരെ പിരിച്ചുവിടാറുണ്ടെങ്കിലും ഇത്തവണ അതല്ല ഉണ്ടായത്.

ഇതേ പ്രോജക്ടിലുള്ള ചില ജീവനക്കാരെ നിലനിര്‍ത്തി വലിയൊരു വിഭാഗത്തെ പിരിച്ചുവിടുകയായിരുന്നു. കൃഷി വകുപ്പിന്റെയും ജലവിഭവവകുപ്പിന്റെയും വിവിധ പദ്ധതികള്‍ക്കായി ഉപഗ്രഹചിത്രങ്ങളുടെ സഹായത്തോടെ പരിഹാരനിര്‍ദേശങ്ങള്‍ നല്‍കുന്ന പ്രോജക്ടുകളിലാണ് ഇവര്‍ ജോലി ചെയ്തിരുന്നത്. മാര്‍ച്ച് 31നു കാലാവധി തീരുന്ന പ്രോജക്ടുകളിലെ ജീവനക്കാരെ പിരിച്ചുവിടുമോ എന്ന ചോദ്യത്തിന് അത്തരമൊരു നടപടി ഉണ്ടാകില്ലെന്നു മുഖ്യമന്ത്രി മുന്‍പ് വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചിരുന്നു.

pathram:
Related Post
Leave a Comment