വന്ദേഭാരത് രണ്ടാം ഘട്ടം; 75 ഗര്‍ഭിണികളടക്കം 175 യാത്രക്കാരുമായി ആദ്യ വിമാനം കൊച്ചിയിലെത്തി

കൊച്ചി: വന്ദേഭാരത് ദൗത്യത്തിന്റെ രണ്ടാം ഘട്ടത്തിലെ ആദ്യ വിമാനം നെടുമ്പാശേരി വിമാനത്താവളത്തിലെത്തി. ദുബായില്‍ നിന്നുള്ള എയര്‍ ഇന്ത്യാ എക്‌സ്പ്രസ് എഎക്‌സ് 434 വിമാനത്തില്‍ 175 യാത്രക്കാരാണുണ്ടായിരുന്നത്. ഇതില്‍ 75 പേര്‍ ഗര്‍ഭിണികളാണ്. രോഗികള്‍, വയോജനങ്ങള്‍, ദുരിതത്തിലായ തൊഴിലാളികള്‍ തുടങ്ങിയവരുമുണ്ട്.

കൂടാതെ, ഭാര്യ മരിച്ച് നാട്ടിലേയ്ക്ക് പോകുന്ന പാലക്കാട് സ്വദേശി വിജയകുമാര്‍ ഇവരില്‍ ഉള്‍പ്പെടുന്നു. പാലക്കാട് സ്വദേശി കൃഷ്ണദാസിന്റെ രക്താര്‍ബുദം ബാധിച്ച് മരിച്ച മകന്‍ വൈഷ്ണവി(4)ന്റെ മൃതദേഹവും വിമാനത്തില്‍ എത്തിച്ചു. രണ്ടാമത്തെ വിമാനം എഎക്‌സ് 538 യുഎഇ സമയം വൈകിട്ട് 5ന് അബുദാബിയില്‍ നിന്ന് തിരുവനന്തപുരത്തേയ്ക്ക് പറക്കും. ഇന്ത്യന്‍ സമയം രാത്രി 10.40ന് തിരുവനന്തപുരത്ത് ഇറങ്ങും.

ആദ്യഘട്ടത്തിലെ സര്‍വീസുകള്‍ വിജയകരമാണെന്ന് ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ ഓഫിസ് ട്വീറ്റ് ചെയ്തു. ആകെ 11 വിമാനങ്ങളിലായി 2,079 പേര്‍ ഇന്ത്യയിലെത്തി. ദുരിതത്തിലായ 760 തൊഴിലാളികള്‍, 438 കുടുങ്ങിയ വിനോദ സഞ്ചാരികളും വിദ്യാര്‍ഥികളും, അടിയന്തര ചികിത്സ ആവശ്യമുള്ള 398 പേര്‍, 190 ഗര്‍ഭിണികള്‍, 126 വയോജനങ്ങള്‍, 167 മറ്റു വിഭാഗക്കാര്‍ എന്നിവരാണ് യാത്ര ചെയ്തത്‌

pathram:
Related Post
Leave a Comment