സംസ്ഥാനത്ത് ജനിതകമാറ്റം സംഭവിച്ച അതിതീവ്ര വൈറസിന്റെ ആക്രമണമുണ്ടാകും; വിദഗ്ധര്‍ പറയുന്നത്

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പുതിയ ഘട്ടത്തില്‍ സംസ്ഥാനത്ത് ജനിതകമാറ്റം സംഭവിച്ച അതിതീവ്ര വൈറസിന്റെ ആക്രമണമുണ്ടായേക്കാമെന്നും കൂടുതല്‍ പഠനങ്ങള്‍ വേണമെന്നും വിദഗ്ധര്‍. മഴ തുടങ്ങിയതോടെ അന്തരീക്ഷ ഊഷ്മാവ് കുറയുന്നതും രോഗവ്യാപനം കൂട്ടിയേക്കാം. ടെസ്റ്റ് കൂട്ടണമെന്നും ചെറിയ ലക്ഷണങ്ങളുളളവരെ പോലും പരിശോധനയ്ക്കു വിധേയരാക്കണമെന്നുമാണ് വിദഗ്ധാഭിപ്രായം.

വയനാട്ടില്‍ ചെന്നൈയില്‍നിന്ന് വന്ന ഒരേയൊരു രോഗിയില്‍നിന്ന് 15 പേരിലേക്കാണു കോവിഡ് പകര്‍ന്നത്. കാസര്‍കോട്, മുംബൈയില്‍നിന്നെത്തിയ ആളില്‍നിന്ന് 5 പേരിലേക്കും പകര്‍ന്നു. വൈറസിനു ജനിതകമാറ്റം സംഭവിച്ചിട്ടുണ്ടാകാമെന്നതിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്. കാലാവസ്ഥ മാറുന്നതും വൈറസ് വ്യാപനത്തിന്റെ ആക്കം കൂട്ടിയേക്കാമെന്നാണ് വിദേശ രാജ്യങ്ങളില്‍നിന്നുള്ള പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. നിലവില്‍ കടുത്ത ലക്ഷണങ്ങളുളളവരെ മാത്രമാണ് പരിശോധിക്കുന്നത് .

കോവിഡ് ടെസ്‌ററിങ്ങില്‍ ദേശീയ ശരാശരിയേക്കാളും പിന്നിലാണ് കേരളം. മേയ് ആദ്യവാരം രോഗബാധിതരുടെ എണ്ണം കുറഞ്ഞതും ചെറിയ ലക്ഷണങ്ങളുളളവരെ പരിശോധിക്കേണ്ടെന്ന മാനദണ്ഡം കാരണമാണ്. എന്നാല്‍ ഇതര സംസ്ഥാനങ്ങളിലെ റെഡ്‌സോണുകളില്‍നിന്ന് കൂടുതല്‍ പേരെത്തുമ്പോള്‍ പുതിയ സാഹചര്യത്തില്‍ ടെസ്റ്റുകളുടെ എണ്ണവും കൂട്ടേണ്ടി വരും.

രോഗബാധിതരുമായി നേരിട്ട് ബന്ധമില്ലാത്ത ഇടുക്കിയിലെ ബേക്കറിയുടമയ്ക്ക് രോഗം സ്ഥിരീകരിച്ചതും സമൂഹത്തില്‍ അറിയപ്പെടാത്ത രോഗബാധിതരുണ്ടാകാനുളള സാധ്യത കൂട്ടുന്നു. പാലക്കാട്, കാസര്‍കോട്, ഇടുക്കി തുടങ്ങിയ അതിര്‍ത്തി ജില്ലകളിലെ രോഗബാധ വിഷയത്തിന്റെ ഗൗരവം കൂട്ടുന്നു. അതുകൊണ്ടുതന്നെ കടുത്ത ശ്വാസകോശ രോഗമുളളവരെയും പനി തുടങ്ങിയ ലക്ഷണങ്ങളുളളവരെയും കൂടുതലായി പരിശോധിക്കണമെന്നാണ് ആവശ്യമുയരുന്നത്. അപ്പോഴും രാജ്യത്തുടനീളമുളള ടെസ്റ്റ് കിറ്റുകളുടെ കുറവ് സംസ്ഥാനത്തും വെല്ലുവിളിയാണ്.

pathram:
Leave a Comment