കേരളത്തില്‍ കാലവര്‍ഷം ജൂണ്‍ 5ന് എത്തും

തിരുവനന്തപുരം: കാലവര്‍ഷം ജൂണ്‍ 5ന് കേരളത്തിലെത്തുമെന്നു കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. മണ്‍സൂണ്‍ മഴ സാധാരണ കേരളത്തില്‍ എത്തുന്ന ദിവസമായി കണക്കാക്കുന്നത് ജൂണ്‍ 1 ആണ്. കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അനുമാനമനുസരിച്ച് കാലവര്‍ഷം നാലു ദിവസം വരെ മുന്നോട്ടോ പിന്നോട്ടോ ആകാനുള്ള സാധ്യതയുണ്ട്.

ആന്‍ഡമാനില്‍ മേയ് 22ന് കാലവര്‍ഷം എത്തുമെന്നാണ് പ്രതീക്ഷ. നേരത്തെ, ആന്‍ഡമാനില്‍ കാലവര്‍ഷം എത്തുന്ന തീയതിയായി പരിഗണിച്ചിരുന്നത് മേയ് 20 ആയിരുന്നു. തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ എത്തുകയും അവസാനിക്കുകയും ചെയ്യുന്ന തീയതികളില്‍ കേന്ദ്രകാലാവസ്ഥ വകുപ്പ് ഏപ്രില്‍ മാസത്തില്‍ മാറ്റം വരുത്തിയിരുന്നു. കാലവര്‍ഷവുമായി ബന്ധപ്പെട്ട് കേരളത്തിന്റെ തീയതി മാറിയിട്ടില്ല. ആന്‍ഡമാനില്‍നിന്ന് ശ്രീലങ്ക വഴിയാണ് തെക്കു പടിഞ്ഞാറന്‍ മണ്‍സൂണ്‍ കേരളത്തിലെത്തുന്നത്.

ഇരുപതു വര്‍ഷത്തിനിടയില്‍ (20002019), 2009 ലാണ് കാലവര്‍ഷം ഏറ്റവും നേരത്തെ എത്തിയത്. 2009 ല്‍ മേയ് 23 ന് കേരളത്തില്‍ കാലവര്‍ഷമെത്തി. ആ വര്‍ഷം ആന്‍ഡമാനില്‍ കാലവര്‍ഷം മേയ് 20ന് എത്തി. മൂന്ന് ദിവസം കൊണ്ടു മേയ് 23 നു കേരളത്തിലും എത്തി. ഏറ്റവും വൈകി എത്തിയത് 2003 ല്‍. ജൂണ്‍ 13 നാണ് അന്ന് കേരളത്തില്‍ കാലവര്‍ഷം എത്തിയത്. ഇതുവരെയുള്ള കണക്കെടുത്താല്‍ കാലവര്‍ഷം ഏറ്റവും നേരത്തെ എത്തിയത് 1990 ലാണ്. മേയ് 18 ന്. കാലവര്‍ഷം ഏറ്റവും വൈകി എത്തിയത് 1972 ലും. ജൂണ്‍ 19ന് ആയിരുന്നു അന്ന് കാലവര്‍ഷം കേരളത്തില്‍ എത്തിയത്. 2016 ലും 2019 ലും ജൂണ്‍ എട്ടിനാണ് കേരളത്തില്‍ കാലവര്‍ഷം എത്തിയത്. കാലവര്‍ഷം കേരളത്തില്‍ എത്തുന്ന തീയതിയും ആ വര്‍ഷത്തെ മഴയും തമ്മില്‍ ബന്ധം ഇല്ല. നേരത്തെ വന്നാലും വൈകി വന്നാലും അത് മഴയെ സ്വാധീനിക്കില്ല.

നിലവില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദവും രൂപപ്പെട്ടിട്ടുണ്ട്. ശനിയാഴ്ച അത് ചുഴലിക്കാറ്റാകാന്‍ സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനത്തില്‍ പറയുന്നു. 48 മണിക്കൂറിനുള്ളില്‍ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലും ബംഗാള്‍ ഉള്‍ക്കടലിലും മഴ ലഭിക്കും. കേരളത്തില്‍ കാലവര്‍ഷം ലഭിക്കുന്നതുമായി ഇതിനു ബന്ധമില്ലെന്നും കാലാവസ്ഥാ നീരീക്ഷണകേന്ദ്രം അറിയിച്ചു.

അതേസമയം, കേരളത്തില്‍ ഇത്തവണ കാലവര്‍ഷം നേരത്തെയുണ്ടാകുമെന്നാണ് സ്വകാര്യ കാലാവസ്ഥാ നിരീക്ഷകരായ സ്‌കൈമെറ്റിന്റെ പ്രവചനം. മേയ് അവസാനം തന്നെ കാലവര്‍ഷം കേരളത്തിലെത്തുമെന്നാണ് സ്‌കൈമെറ്റിന്റെ അനുമാനം, ഇതുപ്രകാരം മേയ് 28 ന് കാലവര്‍ഷം തുടങ്ങും. ഇതില്‍ രണ്ടു ദിവസത്തെ ഏറ്റക്കുറച്ചിലുണ്ടാകാമെന്നാണ് ഇവരുടെ വിലയിരുത്തല്‍.

ജൂണ്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള മാസങ്ങളില്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ അനുഭവപ്പെടുന്ന കാറ്റിനേയും അതിനോടനുബന്ധിച്ചുണ്ടാകുന്ന മഴയുമാണ് തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം, ഇടവപ്പാതി, തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ എന്നീ പേരുകളില്‍ അറിയപ്പെടുന്നത്. ഇന്ത്യയിലെ കാര്‍ഷികരംഗത്തേയും മറ്റും ഏറെ സ്വാധീനിക്കുന്ന കാലവര്‍ഷം ഇന്ത്യയിലെ കാലാവസ്ഥാപ്രതിഭാസങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ്. കാലവര്‍ഷത്തിന്റെ തോതാണ് രാജ്യത്തിലെ കാര്‍ഷിക ഉത്പാദനത്തില്‍ നിര്‍ണായകമാകുന്നതും.

pathram:
Leave a Comment